പി. കെ. നാരായണപണിക്കര്‍
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പി.കെ. നാരായണപ്പണിക്കര്‍ ഓര്‍മയായിട്ട് ഒരുവര്‍ഷം. 2012 ഫെബ്രുവരി 29 നാണ് അദ്ദേഹം അന്തരിച്ചത്. നാരായണപ്പണിക്കര്‍ 1977ലാണ് എന്‍എസ്എസിന്റെ ട്രഷററായി സ്ഥാനമേറ്റത്. 1983 മുതല്‍ 28 വര്‍ഷക്കാലം ജനറല്‍ സെക്രട്ടറിയായി 28 ബജറ്റുകള്‍ അവതരിപ്പിച്ച ഖ്യാതി നാരായണപ്പണിക്കര്‍ക്ക് മാത്രം സ്വന്തമാണ്. നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ സമദൂര സിദ്ധാന്തം ആവിഷ്കരിച്ച് നടപ്പാക്കിയ നേതാവുകൂടിയാണ് പണിക്കര്‍. 2011 ജൂണ്‍ 25ന് പ്രസിഡന്റായിരുന്ന പി.വി. നീലകണ്ഠപിള്ള രാജിവച്ച ഒഴിവില്‍ പണിക്കര്‍ പ്രസിഡന്റായി നിയമിതനായി. 1970ല്‍ നാരായണപ്പണിക്കര്‍ ചങ്ങനാശേരി നഗരസഭയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.
വാഴപ്പള്ളി പടിഞ്ഞാറ് 1798-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം അഞ്ചിന് അനുസ്മരണസമ്മേളനം നടക്കും. കരയോഗമന്ദിരത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി എം. എന്‍. രാധാകൃഷ്ണന്‍നായര്‍, എം. ബി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും.
കുട്ടനാട്ടിലെ കര്‍ഷക കുടുംബമായ കണ്ണാടി അമ്പാട്ടു മണട്ടില്‍ എ.എന്‍. വേലുപ്പിള്ളയുടെയും വാഴപ്പള്ളി പിച്ചാമത്തില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായാണ് നാരായണപ്പണിക്കര്‍ ജനിച്ചത്. വാഴപ്പള്ളി സെന്റ് തെരേസാസ് എല്‍.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പെരുന്ന എന്‍എസ്എസ് സ്കൂളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1950ല്‍ എസ്ബി കോളജില്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സെമിനാരി പഠനകാലത്ത് എസ്ബി കോളജില്‍ പണിക്കരുടെ സഹപാഠിയായിരുന്നു. എറണാകുളം ലോകോളജില്‍ നിന്നു ബിഎല്‍ ബിരുദം നേടിയശേഷം നാരായണപ്പണിക്കര്‍ ചങ്ങനാശേരി ബാറില്‍ അഭിഭാഷകനായി പ്രവര്‍ത്തനം ആരംഭിച്ചു. അരനൂറ്റാണ്ട് കാലം പണിക്കര്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. വാഴപ്പള്ളി പിച്ചാമത്തില്‍ നാരായണപ്പണിക്കര്‍ 1930 ചിങ്ങത്തിലെ ചിത്തിര നക്ഷത്രത്തിലാണ് ജനിച്ചത്.
2002 മുതൽ അദ്ദേഹം ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ രക്ഷാധികാരിയായിരുന്നു.
വ്യതിചലിക്കാത്ത കാര്‍ക്കശ്യം, തെളിഞ്ഞ ചിന്താധാര
നിലപാടുകളിലെ കാര്‍ക്കശ്യവും ജീവിതത്തിന്റെ ലാളിത്യവും- പി.കെ. നാരായണപ്പണിക്കരുടെ പ്രത്യേകതകളായിരുന്നു ഇവ. സമുദായത്തിനു ദോഷകരമായി വരുന്നതിനെയെല്ലാം അദ്ദേഹം എതിര്‍ത്തു. ഇക്കാര്യത്തില്‍ വ്യക്‌തികളോ സൗഹൃദങ്ങളോ അദ്ദേഹം നോക്കിയില്ല. സമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിച്ചില്ല. പൊതുസമൂഹത്തിന്റെ താല്‍പര്യം മറക്കാതെയും എന്നാല്‍ സ്വന്തം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചും അദ്ദേഹം മുന്നോട്ടുപോയി. അതുകൊണ്ടുതന്നെ എല്ലാ സമുദായങ്ങളിലുള്ളവരും അദ്ദേഹത്തെ ബഹുമാനിച്ചു.
ജീവിതത്തിലെ ലാളിത്യമാകട്ടെ, ചങ്ങനാശേരിയില്‍നിന്നു കോട്ടയത്തേക്കുള്ള എംസി റോഡരികിലെ അദ്ദേഹത്തിന്റെ ചെറിയ വീട്ടിലേക്കു കയറുമ്പോഴേ അറിയാമായിരുന്നു. കോടികളുടെ ആസ്‌തിയുള്ള പ്രസ്ഥാനത്തിന്റെ അമരക്കാരനായപ്പോഴും പക്ഷേ, ധരിക്കുന്ന ഖാദിയില്‍ മാത്രമല്ല വീട്ടില്‍ ആകെയുമുള്ളതു ഗാന്ധിയന്‍ രീതികളായിരുന്നു.
ചിങ്ങത്തിലെ ചിത്തിര നക്ഷത്രത്തില്‍ ചരം എന്നു പേരായ രാശിയിലാണു പിച്ചാമകത്ത് കൃഷ്ണപ്പണിക്കര്‍ നാരായണപ്പണിക്കരുടെ ജനനം. ചലിച്ചുകൊണ്ടേയിരിക്കുക എന്നതാണത്രേ ചരം രാശിക്കാരുടെ ജന്മസ്വഭാവം. ജനന സമയത്തേ നിശ്ചയിക്കപ്പെട്ട ആ ഗുണം പി.കെ. നാരായണപ്പണിക്കരുടെ ജീവിതത്തില്‍ യാഥാര്‍ഥ്യമായി. സമുദായക്ഷേമത്തിനു വേണ്ടി വാര്‍ധക്യത്തിലും അദ്ദേഹം എത്രയോ സഞ്ചരിച്ചു. എന്‍എസ്‌എസിന്റെ കരയോഗങ്ങള്‍, സ്കൂളുകള്‍, കോളജുകള്‍.. അങ്ങനെ കേരളത്തില്‍ അങ്ങോളമിങ്ങോളം.
വ്യക്‌തിപരമായി പരിമിതമായ ആവശ്യങ്ങളേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ആഹാരത്തിലും അങ്ങനെതന്നെ. നോണ്‍ വെജിറ്റേറിയന്‍ കഴിക്കാറില്ലായിരുന്നു. കുറച്ചു ഭക്ഷണം മാത്രം. യോഗാസനങ്ങള്‍ ചെയ്യുമായിരുന്നു. പത്താം വയസ്സു മുതല്‍ ശീലിച്ചതാണു യോഗാസനം. കാറില്‍ നീണ്ട യാത്ര പോകുമ്പോള്‍ അതില്‍ പത്മാസനത്തിലിരുന്ന് ഉറങ്ങുമായിരുന്നു.
ഗുരുവായൂര്‍ വഴി യാത്രയുണ്ടെങ്കില്‍ അവിടെ ഒരു ദിവസം തങ്ങുമായിരുന്നു. തൊഴുതിട്ടു പോകും. 48 വര്‍ഷം തുടര്‍ച്ചയായി വ്രതമെടുത്തു ശബരിമല നടന്നുകയറിയിട്ടുണ്ട്.
ക്ഷേത്രത്തില്‍ പോകുമ്പോള്‍ ആല്‍ത്തറയിലിരിക്കണം. എപ്പോഴും ഒാക്സിജനുണ്ടാവും ആല്‍മരക്കീഴില്‍. ആ അന്തരീക്ഷം ശക്‌തി പകരും- അദ്ദേഹം പറയുമായിരുന്നു.
വീടിനോടു ചേര്‍ന്നുള്ള സെന്റ് തെരേസാസ് സ്കൂളിലാണു പഠനത്തിന്റെ തുടക്കം. പിന്നെ പെരുന്ന സ്കൂളിലായി. എസ്ബി കോളജില്‍ 1946 മുതല്‍ '50 വരെ. പിന്നീട് അര്‍ച്ച്ബിഷപ്പായ മാര്‍ ജോസഫ് പവ്വത്തില്‍ അന്നു ക്ലാസ്മേറ്റാണ്. ഒരേ വര്‍ഷം ജനിച്ചവരാണവര്‍.
'50ല്‍ എറണാകുളത്തു മഹാരാജാസ് ലോ കോളജില്‍ ചേര്‍ന്നു. മാത്രമല്ല, അച്'നു നാരായണപ്പണിക്കര്‍ വക്കീലാകണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. '55ല്‍ സന്നതെടുത്തു. 39 കൊല്ലം പ്രാക്ടിസ് ചെയ്‌തു. അത്യാവശ്യം നല്ല പ്രാക്ടിസുണ്ടായിരുന്നു. ചങ്ങനാശേരിയില്‍ വക്കീലായി ജോലി നോക്കുമ്പോഴാണു വിമോചന സമരം. സജീവമായി വിമോചന സമരത്തില്‍ പങ്കെടുത്തെന്നു പറയാന്‍ പറ്റില്ല. വക്കീല്‍ പണിയില്‍ മാത്രമായിരുന്നു അക്കാലത്തു ശ്രദ്ധ.
കൃഷിയും വായനയുമായിരുന്നു ഏറ്റവും ഇഷ്ടമുള്ള വിനോദം. കവിതകളും നോവലുകളും ലേഖനങ്ങളുമെല്ലാം ഒരുപാടു വായിച്ചു. പത്തു മൂവായിരം പേജുള്ള പുസ്‌തകങ്ങള്‍ അങ്ങനെ ഒരുപാടു വായിച്ചു.