Posts mit dem Label കടലാസുമരത്തില്‍നിന്നു വൈദ്യുതി werden angezeigt. Alle Posts anzeigen
Posts mit dem Label കടലാസുമരത്തില്‍നിന്നു വൈദ്യുതി werden angezeigt. Alle Posts anzeigen

Montag, 25. Juni 2012

കടലാസുമരത്തില്‍നിന്നു വൈദ്യുതി

കോട്ടയം: കടലാസുകൊണ്ട്‌ ഒരു മരം. അതില്‍നിന്നു ദിവസേന 50 വാട്ട്‌ കറന്റ്‌. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ, അത്‌ യാഥാര്‍ഥ്യമാണെന്നു തെളിയിക്കുകയാണ്‌ ഇലക്ട്രോണിക്‌ പ്രിന്റിംഗ്‌ എന്ന പുതുസങ്കേതം.

ജര്‍മനിയിലെ പിഎംടിയുസി കമ്പനി വികസിപ്പിച്ചെടുത്ത ഈ സോളാര്‍ മരത്തിലെ അമ്പതോളം ഇലകളാണ്‌ ഊര്‍ജം ശേഖരിക്കുന്നത്‌. നാനോ വലിപ്പത്തിലുള്ള കണ്ടന്‍സര്‍ മെറ്റീരിയലുകള്‍ പ്രിന്റ്‌ ചെയ്യുന്ന ഇലക്ട്രോണിക്‌ പേപ്പറാണു ഇലകളായി ഉപയോഗിക്കുന്നത്‌. മഷിക്കു പകരം ഇലകളില്‍ പല തട്ടുകളായുള്ള മൈക്രോ സ്ട്രക്ചറിംഗാണു നടത്തുന്നത്‌. പേപ്പര്‍ ഇലകളിലൂടെ സ്വീകരിക്കുന്ന സൗരോര്‍ജം മരത്തിലെ ബാറ്ററികളില്‍ ശേഖരിക്കുന്നു. ഈ കടലാസുമരം മുറിക്കുള്ളില്‍ സ്ഥാപിക്കാനും കഴിയും. സൂര്യരശ്മികള്‍ നേരിട്ടു പതിക്കേണെ്ടന്നതിനാലാണ്‌ ഇതു സാധ്യമാകുന്നത്‌.

പ്രിന്റിംഗ്‌ എക്സലന്‍സ്‌ അവാര്‍ഡ്‌ ജേതാവായിരുന്ന ഡോ. രാജേന്ദ്രകുമാര്‍ അനയത്താണ്‌ ഇലക്ട്രോണിക്‌ പ്രിന്റിംഗിന്റെ ഈ നൂതനാശയം കോട്ടയത്തുകാര്‍ക്കു പരിചയപ്പെടുത്തിയത്‌. കോട്ടയം പ്രിന്റിംഗ്‌ എക്സ്പോയില്‍ ഇലക്ട്രോണിക്‌ പ്രിന്റിംഗ്‌ സാങ്കേതികവിദ്യയെക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ക്കു ക്ലാസ്‌ നയിക്കുകയായിരുന്നു ഡോ. രാജേന്ദ്രകുമാര്‍. ഇന്ത്യപോലെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഈ സോളാര്‍ മരത്തിന്‌ അനുയോജ്യമാണ്‌. എന്നാല്‍, ഇലക്ട്രോണിക്‌ പ്രിന്റിംഗിന്റെ ഈ പുതിയ സാങ്കേതികവിദ്യയെക്കുറിച്ച്‌ ഇന്ത്യയില്‍ ആര്‍ക്കും അറിവില്ല. അതിനാല്‍ ഇതിനു വേണ്ടത്ര പ്രചാരം ലഭിക്കുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. എമര്‍ജിംഗ്‌ കേരളയുടെ സെമിനാറില്‍ ഡോ. രാജേന്ദ്രകുമാര്‍ ഇതു സംബന്ധിച്ച്‌ വിഷയാവതരണം നടത്തിയിരുന്നു. ഇതിന്റെ പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ ഗവണ്‍മെന്റിനു സമര്‍പ്പിച്ചിരിക്കുകയാണ്‌.

പ്രിന്റും ഇലക്ട്രോണിക്സും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്‌. സ്മാര്‍ട്‌ സ്കിന്‍, പ്രിന്റഡ്‌ ഓര്‍ഗന്‍സ്‌, പ്രിന്റഡ്‌ ഇംപ്ലാന്റബിള്‍ ഡിവൈസ്‌ തുടങ്ങിയവയും ഇലക്ട്രോണിക്‌ പ്രിന്റിംഗിന്റെ പുതിയ മേഖലകളാണ്‌. പ്രത്യേക ടേപ്പിന്റെ സഹായത്താല്‍ അച്ചടിച്ച പേപ്പറില്‍നിന്നു സംഗീതം കേള്‍ക്കാന്‍ സാധിക്കുമെന്നതും ഇലക്ട്രോണിക്‌ പ്രിന്റിംഗിന്റെ നേട്ടമാണ്‌.

ഇലകള്‍പോലെ കാര്‍ബണ്‍ ഡൈഓക്സൈഡ്‌ സ്വീകരിച്ച്‌ ഓക്സിജന്‍ പുറന്തള്ളുന്ന ഇലക്ട്രോണിക്‌ ഇലകള്‍ പ്രിന്റ്‌ ചെയ്തെടുക്കാന്‍ സാധിക്കുമെന്നതാണു പുതിയ കണ്ടുപിടുത്തം. ജീവവായുവിനായി കെട്ടിടങ്ങള്‍ക്കുള്ളില്‍തന്നെ ഇത്തരം കൃത്രിമ വനങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുമെന്നും രാജേന്ദ്രകുമാര്‍ ദീപികയോടു പറഞ്ഞു.

എന്നാല്‍, ഈ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കാന്‍വേണ്ട സൗകര്യങ്ങള്‍ ഇന്ത്യയിലില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈഡല്‍ബര്‍ഗ്‌ ലിമിറ്റഡിന്റെ ചെന്നൈയിലുള്ള പ്രിന്റ്‌ മീഡിയ അക്കാദമി തലവനാണു പാലക്കാട്‌ സ്വദേശിയായ രാജേന്ദ്രകുമാര്‍. കോട്ടയം എംജി യൂണിവേഴ്സിറ്റിയില്‍ രണ്ടുവര്‍ഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. പ്രിന്റ്‌ ഇന്‍ഡസ്ട്രീസ്‌ ഓഫ്‌ അമേരിക്കയുടെ അവാര്‍ഡ്‌ ലഭിച്ച ആദ്യ വ്യക്തികൂടിയാണ്‌ ഇദ്ദേഹം.

(News source: Deepika.com)