സൈക്കിളൊക്കെ എന്ത്... ഇവനല്ലേ പഹയന്‍! സിറ്റി യാത്രകള്‍ക്ക് ഒറ്റ ചക്രമുള്ള വിചിത്ര സൈക്കിളുമായി മെക്‌സിക്കോക്കാരന്
ലണ്ടന്‍: മുന്നില്‍നിന്നു കണ്ടാല്‍ ഹാന്‍ഡില്‍ ഇല്ലാത്ത സൈക്കിള്‍ പോലിരിക്കും. പിന്നില്‍ നിന്ന് കണ്ടാലോ സൈക്കിളിന്റെ ഏതോ പൂര്‍വികരാണെന്നും. എന്തായാലും വെലോഫീറ്റ് എന്ന യൂണിസൈക്കിള്‍ ചില്ലറക്കാരനല്ലെന്നാണ് നിര്‍മാതാവു കൂടിയായ മനുവേല്‍ അല്‍വാരെസ്- ഇകാസയുടെ പക്ഷം. ഇരുന്നു കാലുകൊണ്ട് നിലത്തുചവിട്ടി നീങ്ങി അങ്ങ് പോകാം. നടക്കുന്നതിനേക്കാള്‍ വേഗമുണ്ട്. അത്ര ആയാസവുമില്ല. ഏതാണ്ട് ജോഗിംഗിന് ഓടുന്ന വേഗതയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
കുറച്ച് ഓടിച്ചു (ഓടി) കഴിഞ്ഞാല്‍ വേഗം ഇതിലും കൂടും. നഗരസവാരിക്കാണ് പറ്റിയത്. ട്രാഫിക് ജാമിലും മറ്റും നിന്നു വലയേണ്ട്. റോഡിന്റെ ഓരം ചേര്‍ന്ന് അങ്ങു പോകാം. കൊണ്ടുപോകാനും കൊണ്ടുനടക്കാനുമെല്ലാം എളുപ്പമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. കാണുന്നവര്‍ ചിന്തിക്കും ഇതും സൈക്കിളും തമ്മില്‍ എന്താണ് അന്തരമെന്ന്. എന്നാല്‍ ആല്‍വാരസ് ഇതു സമ്മതിച്ചു തരില്ല. സൈക്കിളൊക്കെ എന്ത്, ഇവനല്ലേ പഹയന്‍ എന്ന മട്ടാണ് മൂപ്പര്‍ക്ക്.
വെലോഫീറ്റ് ഓടിക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നുമില്ല. കുറച്ചു ബാലന്‍സ് വേണം. നിലത്തുചവിട്ടിയുള്ള ഓടീരായതിനാല്‍ ബാലന്‍സ് തെറ്റിയാലും നിലത്തുവീഴില്ലെന്നുറപ്പ്. ഓടിക്കുമ്പോള്‍ മുന്നോട്ടാഞ്ഞിരിക്കണം. നിര്‍ത്തണമെന്നു തോന്നുമ്പോള്‍ നിവര്‍ന്ന് അല്‍പം പിന്നിലേക്ക് ചായണം. ആ നിമിഷം ബ്രേക്ക് പ്രവര്‍ത്തിക്കും, സൈക്കിള്‍ അവിടെ നില്‍ക്കും. ശരീരത്തിന്റെ സ്വാഭാവികമായ ചലനത്തിലൂടെയാണ് യൂണിസൈക്കിള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
അടുത്ത പടിയായി അതിന്റെ സ്‌പോര്‍ട്‌സ് വേര്‍ഷന്‍ പുറത്തിറക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം, അതായത് മോണോസൈക്കിളില്‍ ഇരുന്ന് ബാസ്‌കറ്റ് ബോളും ഫുട്‌ബോളും കളിക്കാമെന്നു സാരം. മെക്‌സിക്കോയില്‍ ജനിച്ച ഈ 61 വയസുകാരന്‍ 18 വര്‍ഷമായി ഹൈലാന്‍ഡ്‌സിലാണ് താമസിക്കുന്നത്. ലൈഫ് സ്‌കാന്‍ എന്ന മെഡിക്കല്‍ കമ്പനിയുടെ ഉടമസ്ഥനാണ്. സിറ്റി സെന്ററുകളില്‍ യാത്ര ചെയ്യാന്‍ ബൈക്കിനേക്കാള്‍ സൗകര്യപ്രദമായ വാഹനം നിര്‍മിക്കാനുള്ള ശ്രമമാണ് വെലോഫീറ്റിന്റെ കണ്ടെത്തലില്‍ എത്തിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കയറ്റം കയറാന്‍ ഈ വെലോഫീറ്റിന്റെ ശേഷിയില്‍ നിര്‍മാതാവിന് തന്നെ സംശയമാണ്.
Rashtradeepika