Posts mit dem Label ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട്‌ (മുന്‍ ആര്‍ച്ച്‌ ബിഷപ്‌ werden angezeigt. Alle Posts anzeigen
Posts mit dem Label ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട്‌ (മുന്‍ ആര്‍ച്ച്‌ ബിഷപ്‌ werden angezeigt. Alle Posts anzeigen

Sonntag, 15. September 2013

                    
ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട്‌

1904 ജൂലൈ 17നു പാലായ്ക്കു സമീപം പ്രവിത്താനത്തായിരുന്നു മാര്‍ മാത്യു കാവുകാട്ടിന്റെ ജനനം. തങ്ങളുടെ പ്രിയപുത്രനു നല്ല വിദ്യാഭ്യാസം നല്‍കി ദൈവേഷ്ടപ്രകാരം വളര്‍ത്താന്‍ മാതാപിതാക്കളായ കാവുകാട്ട്‌ ചുമ്മാര്‍- ത്രേസ്യാമ്മ ദമ്പതികള്‍ പ്രത്യേകം ശ്രദ്ധിച്ചു. മാതൃകാബാലനായി വളര്‍ന്നുവന്ന മത്തച്ചന്‍ എന്ന മാത്യു ദൈവകൃപയ്ക്കും വിളിക്കും മുമ്പില്‍ സ്വയം സമര്‍പ്പിച്ച്‌ കോട്ടയം സെന്റ്‌ തോമസ്‌ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ബാല്യകാല സുഹൃത്തായ മാണിയും (പിന്നീടു ബിഷപ്പായിത്തീര്‍ന്ന മാര്‍ സെബാസ്റ്റ്യന്‍ വയലില്‍) കൂടെയുണ്ടായിരുന്നു. മാര്‍ ജയിംസ്‌ കാളാശേരിയില്‍ നിന്നു പൗരോഹിത്യം സ്വീകരി ച്ചു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോഴും കോളജ്‌ അധ്യാപന കാലത്തും യുവമനസുകളില്‍ സ്ഥാനം നേടാന്‍ കാവുകാട്ടച്ചനായി.

അധ്യാപകവൃത്തിയില്‍നിന്ന്‌ അജപാലനദൗത്യത്തിലേക്കു ഉയര്‍ത്തപ്പെട്ട അദ്ദേഹം 12-ാ‍ം പീയൂസ്‌ മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ 1950 നവംബര്‍ ഒമ്പതിന്‌ ചങ്ങനാശേരി ബിഷപ്പായി അഭിഷിക്തനായി. നിശ്ചയദാര്‍ഢ്യത്തിന്റെയും പിതൃവാത്സല്യത്തിന്റെയും ഹൃദയംതുറന്ന പ്രാര്‍ഥനയുടെയും നിരവധി ഉദാഹരണങ്ങളാണു കാവുകാട്ട്‌ പിതാവിലൂടെ സമൂഹം കണ്ടത്‌. 1957-59 കാലഘട്ടത്തില്‍ കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരേ ഇഎംഎസ്‌ സര്‍ക്കാര്‍ ഉയര്‍ത്തിയ ഭീഷണിക്കു മുമ്പില്‍ അതേ നിശ്ചയദാര്‍ഢ്യത്തോടെ ജനസമൂഹത്തെ നയിച്ച കാവുകാട്ട്‌ പിതാവ്‌ അടിയുറച്ച തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന നേതൃത്വത്തിന്റെ ഉദാഹരണമായി.

കാവുകാട്ട്‌ പിതാവിന്റെ ധീരമായ നേതൃത്വവും ഉറച്ച തീരുമാനങ്ങളും സര്‍ക്കാര്‍ നടപടികളെ തകിടം മറിക്കുന്നതിന്‌ ഇടയാക്കി. 1959-ലെ അദ്ദേഹത്തിന്റെ ഇടയലേഖനവും പ്രത്യേകം സ്മരിക്കേണ്ടതാണ്‌. നിലപാടില്‍നിന്നു വ്യതിചലിക്കാതെ ധൈര്യപൂര്‍വം മുന്നോട്ടുനീങ്ങിയ അദ്ദേഹത്തിനു പിന്തുണയേകി ഇതരസമുദായ നേതാക്കളും രംഗത്തെത്തി. 1959 ജൂണ്‍ 29നു പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കണ്ടു കേരളത്തിലെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചത്‌ ഒരു ധാര്‍മികസമരത്തിന്റെ വിജയമായി.

1959ല്‍ ചങ്ങനാശേരി രൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ മാത്യു കാവുകാട്ട്‌ അവിടത്തെ പ്രഥമ ആര്‍ച്ച്‌ ബിഷപ്പായിത്തീര്‍ന്നു. വിശ്വാസത്തിന്റെ സംരക്ഷകനും വിശ്വാസിസമൂഹത്തിന്റെ ഗുരുശ്രേഷ്ഠനുമായിരുന്നു അദ്ദേഹം. സ്നേഹചൈതന്യത്തിലൂന്നിയ സേവനം പൊതുസമൂഹത്തിനൊന്നാകെ പ്രദാനം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിസ്വാര്‍ഥ സേവനമാതൃക.

മുഖംനോക്കാതെയുള്ള ഈ സേവനത്തിന്റെ മറ്റൊരു മുഖമാണ്‌ ഉടുമ്പന്‍ചോലയിലെ കുടിയിറക്കു സമയത്തു പ്രകടിപ്പിച്ചത്‌. കോരിച്ചൊരിയുന്ന മഴയത്തു കിടപ്പാടം പോലും നഷ്ടപ്പെട്ടു തെരുവിലേക്കു വലിച്ചെറിയപ്പെട്ടവര്‍ക്കുവേണ്ടി ഹൈറേഞ്ചിലേക്ക്‌ അദ്ദേഹം ഓടിയെത്തി. നിയമത്തിന്റെ മറവില്‍ മനുഷ്യനുനേരേ നടത്തുന്ന കൊടുംക്രൂരതയ്ക്കെതിരേ പിതാവ്‌ പ്രതികരിക്കുകമാത്രമല്ല, പുനരധിവാസത്തിനു നേതൃത്വം നല്‍കുകയും ചെയ്തു. 1969 ഒക്ടോബര്‍ 9നു കാവുകാട്ട്‌ പിതാവ്‌ കാലം ചെയ്തപ്പോള്‍ കേരളസഭ മാത്രമല്ല പൊതുസമൂഹം ഒന്നാകെ തേങ്ങി.

നന്മകള്‍ വര്‍ഷിച്ച്‌, സ്നേഹം പങ്കുവച്ച്‌, നിസ്വാര്‍ഥ സേവനം മുഖമുദ്രയാക്കി, സഭയ്ക്കും സമൂഹത്തിനും ആത്മീയ ഉണര്‍വും പുത്തന്‍ കാഴ്ചപ്പാടും വിശ്വാസചൈതന്യവും പകര്‍ന്നേകി, ചങ്ങനാശേരി മുന്‍ ആര്‍ച്ച്‌ ബിഷപ്‌ ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട്‌ 65 വര്‍ഷങ്ങള്‍ നീണ്ട പുണ്യജീവിതം ധന്യമായി ദൈവകരങ്ങളിലര്‍പ്പിച്ചതിന്റെ സ്മരണദിനം ഒക്ടോബര്‍ 9 ന്‌.

അനുപമമായ ജീവിതലാളിത്യം, ആദര്‍ശനിഷ്ഠ, നീതിബോധം, ക്ഷമാശീലം, പ്രവര്‍ത്തന സുതാര്യത- ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. വിശുദ്ധിയുടെ നിറകുടമായിരുന്ന ഈ ആത്മീയ തേജസിന്റെ വ്യക്തിപ്രാഭവവും ആത്മീയചൈതന്യവും അനന്യമായിരുന്നു.
  

1904 ജൂലൈ 17നു പാലാ രൂപതയില്‍പ്പെട്ട പ്രവിത്താനം ഇടവകയിലെ അന്തിനാട്ട്‌ കാവുകാട്ട്‌ കുടുംബത്തിലാണ്‌ ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ജനനം. കാവുകാട്ട്‌ ചുമ്മാര്‍, ചേര്‍പ്പുങ്കല്‍ ചേന്നാട്ട്‌ ത്രേസ്യാമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. 1912 ജൂലൈ 24ന്‌ അന്തിനാട്‌ ഗവണ്‍മെന്റ്‌ പ്രൈമറി സ്‌കൂളില്‍ പ്രാഥമിക പഠനത്തിനായി ചേര്‍ന്നു. കെ.സി. മാത്യു എന്നായിരുന്നു സ്‌കൂളിലെ പേര്‌. 1923ല്‍ ചങ്ങനാശേരി എസ്‌ബി കോളജില്‍നിന്നും സ്‌കൂള്‍ ഫൈനല്‍ വിജയിച്ചു. 1928 ജൂണ്‍ ഒന്നിനു കോട്ടയം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.

1930ല്‍ ആലുവ മേജര്‍ സെമിനാരിയിലെ പഠനത്തിനായി പ്രവേശിച്ച ഇദ്ദേഹം 1935 ഡിസംബര്‍ 21ന്‌ ചങ്ങനാശേരി രൂപതാ ബിഷ്‌ മാര്‍ ജയിംസ്‌ കാളാശേരിയില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ഡിസംബര്‍ 24ന്‌ ഇടവക പള്ളിയില്‍ നവപൂജാര്‍പ്പണം നടത്തി.

1936ല്‍ പൂഞ്ഞാര്‍ കേംബ്രിഡ്‌ജ്‌ സ്‌കൂളില്‍ അധ്യാപകനായി. തുടര്‍ന്നു കോട്ടയം പെറ്റി സെമിനാരിയില്‍ വൈസ്‌ റെക്ടര്‍, കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമനിക്‌സ്‌ പള്ളിയില്‍ അസിസ്റ്റന്റ്‌ വികാരി, ചങ്ങനാശേരി എസ്‌ബി കോളജില്‍ സുറിയാനി അധ്യാപകന്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

1950 നവംബര്‍ നാലിന്‌ അദ്ദേഹം ചങ്ങനാശേരി രൂപതയുടെ ബിഷപ്പ്‌ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടു. നവംബര്‍ ഒമ്പതിന്‌ റോമില്‍ വച്ചു കര്‍ദിനാള്‍ യൂജിന്‍ ടിസറാങ്ങില്‍നിന്നും മെത്രാഭിഷേകം സ്വീകരിച്ചു. 1956ല്‍ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ട മാര്‍ കാവുകാട്ട്‌ 1957ല്‍ വിദ്യാഭ്യാസ പ്രക്ഷോഭത്തിനും 1961ല്‍ ഉടുമ്പഞ്ചോല കുടിയിറക്ക്‌ സമരത്തിനും നേതൃത്വം നല്‍കി.

1969 ഒക്ടോബര്‍ ഒമ്പതിനു മാര്‍ കാവുകാട്ട്‌ ദിവംഗതനായി. 1994 സെപ്‌റ്റംബര്‍ 25ന്‌ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. നാമകരണ നടപടികളുടെ ഭാഗമായി 2006 സെപ്‌റ്റംബര്‍ 19നു മെത്രാപ്പോലീത്തന്‍ പള്ളിയിലെ മാര്‍ കാവുകാട്ടിന്റെ കബറിടം തുറന്നു പരിശോധിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ നാമകരണത്തിന്റെ അതിരൂപതാതല നടപടികള്‍ പൂര്‍ത്തിയായി. മെത്രാപ്പോലീത്തന്‍പള്ളിയിലെ ദൈവദാസന്റെ കബറിടത്തിലെത്തി ദിനംപ്രതി നിരവധി വിശ്വാസികള്‍ പ്രാര്‍ഥന നടത്തി മടങ്ങുന്നുണ്‌ട്‌.