Mittwoch, 27. März 2013

പച്ചക്കറിയിലെ കീടനാശിനി

പച്ചക്കറിയിലെ കീടനാശിനി നീക്കാൻ അടുക്കള വിദ്യയുമായി സർവകലാശാല

മണ്ണുത്തി ∙ പച്ചക്കറികളിലെ കീടനാശിനി അവശിഷ്ടം നീക്കാൻ ചെലവു കുറഞ്ഞ മാർഗവുമായി കാർഷിക സർവകലാശാല. സർവകലാശാലയുടെ വെള്ളായണിയിലെ കീടനാശിനി അവശിഷ്ട പരിശോധനശാലയിൽ നാലു വർഷമായി നടക്കുന്ന ഗവേഷണങ്ങളുടെ വെളിച്ചത്തിലാണ് അടുക്കളയിലെ നിത്യോപയോഗ വസ്തുക്കൾ ഉപയോഗിച്ചു കീടനാശിനി അവശിഷ്ടം നീക്കാമെന്നു കണ്ടെത്തി ഭക്ഷ്യസുരക്ഷാ പാക്കേജായി അവതരിപ്പിക്കുന്നത്.

വിനാഗിരി, വാളൻപുളി, കറിയുപ്പ്, മഞ്ഞൾപ്പൊടി, ചെറുനാരങ്ങ എന്നിവ ഉപയോഗിച്ചുള്ള ലായനികളാണു പച്ചക്കറികളിലെ കീടനാശിനി അവശിഷ്ടം നീക്കാൻ ഉപയോഗിക്കുക. 60% വരെ അവശിഷ്ടം ഈ മാർഗത്തിലൂടെ നീക്കാം. 50 മുതൽ 99 % വരെ കീടനാശിനി അവശിഷ്ടം നീക്കാവുന്ന വെജ്ജി വാഷ് എന്ന ഉൽപന്നം കാർഷിക സർവകലാശാല നേരത്തെ വികസിപ്പിച്ചിട്ടുണ്ട്. സാംപിളുകളുടെ പരിശോധനയിൽ പുതിനയില (62%), പയർ (45), മഞ്ഞകാപ്സിക്കം (42), മല്ലിയില (28), ചുവന്ന കാപ്സിക്കം (25), ബജി മുളക് (20), ബീറ്റ് റൂട്ട് (18), കാബേജ് (18), കറിവേപ്പില (17), കോളിഫ്ലവർ (16), പച്ചമുളക് (16) എന്നിങ്ങനെ മുപ്പതിലധികം പച്ചക്കറികളിൽ വിഷാംശം കണ്ടെത്തി.

കറിവേപ്പില, പുതിനയില, പച്ചമുളക്, സാമ്പാർ മുളക്, കാപ്പസിക്കം, വഴുതന, സലാഡ്, വെള്ളരി, തക്കാളി, ബീൻസ്, അമരക്ക, നെല്ലിക്ക, കോവക്ക, പാവക്ക, വെണ്ടക്ക തുടങ്ങിയ ഇനങ്ങൾ വിനാഗിരി ലായനിയിലോ (10 മില്ലി/ ലീറ്റർ വെള്ളം), വാളൻ പുളി ലായനിയിലോ (10 ഗ്രാം വാളൻ പുളി/ലീറ്റർ വെള്ളത്തിൽ പിഴിഞ്ഞ്) അരിച്ച ലായനിയിൽ പത്തു മിനിറ്റ് മുക്കിവച്ചശേഷം ശുദ്ധജലത്തിൽ രണ്ടു തവണ കഴുകുക. മല്ലിത്തണ്ട് വിനാഗിരി ലായനിയിലോ ഉപ്പ് ലായനിയിലോ (10 ഗ്രാം/ലീറ്റർ വെള്ളം) 10 മിനിറ്റ് മുക്കിവച്ചശേഷം വെള്ളത്തിൽ രണ്ടു തവണ കഴുകുക.

ചീരത്തണ്ടിനു വിനാഗിരി ലായനിയോ വാളൻപുളി ലായനിയോ ഉപയോഗിക്കാം. കോളിഫ്ലവറിന്റെ അടിയിലെ ഇലയും തണ്ടും വേർപെടുത്തി ഇതളുകൾ അടർത്തിയെടുത്ത ലായനിയിലോ ഉപ്പ് ലായനിയിലോ മുക്കിവച്ചശേഷം രണ്ടു തവണ കഴുകിയാൽ 60% വരെ വിഷാംശം കളയാം. വിവിധ ഗവേഷണങ്ങൾക്കുശേഷമാണു ഭക്ഷ്യസുരക്ഷാ പാക്കേജ് വികസിപ്പിച്ചതെന്നു വൈസ് ചാൻസലർ ഡോ. പി.രാജേന്ദ്രൻ പറഞ്ഞു.
Friday 03 March 2017 

Donnerstag, 14. März 2013




ഫ്രാന്‍സിസ്‌ ഒന്നാമന്‍ സ്ഥാനമേറ്റു

കോടിക്കണക്കിന്‌ വരുന്ന കാത്തോലിക്ക വിശ്വാസ സമൂഹത്തിന്റെ മഹാഇടയനായി ഫ്രാന്‍സിസ്‌ ഒന്നാമന്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കിയില്‍ നടന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളും മറ്റ്‌ പ്രമുഖരും അടക്കം മൂന്ന്‌ ലക്ഷത്തോളം പേര്‍ പങ്കെടുത്ത ചടങ്ങിലാണ്‌ പാപ്പയുടെ സ്ഥാനാരോഹണം. രണ്ട്‌ മണിക്കൂറോളം ചടങ്ങ്‌ നീണ്ടു. ഭാവി തലമുറയെയും പാവങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുകയാണ്‌ സഭയുടെ ലക്ഷ്യമെന്ന്‌ മാര്‍പാപ്പ ഔദ്യോഗിക സ്ഥാനമേറ്റ ശേഷം നടത്തിയ ആദ്യ ഔദ്യോഗിക പ്രസംഗത്തില്‍ വ്യക്തമാക്കി. കോണ്‍ക്ലേവിന്‌ ശേഷം മാര്‍പാപ്പയായി അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദിനാള്‍ തിരഞ്ഞെടുക്കപ്പെട്ട വിവരം പള്ളിയുടെ ബാല്‍ക്കണിയില്‍ നിന്ന്‌ പ്രഖ്യാപിച്ച കര്‍ദിനാള്‍ ജീന്‍ ലൂയി തവറാന്‍ പാലിയവും കര്‍ദിനാള്‍മാരുടെ ഡീന്‍ ഏഞ്ജലോ സൊഡാന അധികാര ചിഹ്നമായ മുക്കുവന്റെ മോതിരവും പുതിയ മാര്‍പാപ്പയെ അണിയിച്ചു. പുതിയ മാര്‍പാപ്പ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിന്‌ മുന്നില്‍ മുട്ടുകുത്തി നിന്ന്‌ പ്രാര്‍ഥിച്ചു.

കമ്പിളി മേലങ്കിയാണ്‌ പാലിയം. വിശുദ്ധ പത്രോസിന്റെ ചിത്രം ആലേഖനം ചെയ്തതാണ്‌ മുക്കുവന്റെ മോതിരം. സാധാരണയായി സ്വര്‍ണ മോതിരമാണ്‌ മാര്‍പാപ്പമാര്‍ ധരിക്കുന്നതെങ്കിലും സ്വര്‍ണം പൂശിയ വെള്ളി മോതിരമാണ്‌ ഫ്രാന്‍സിസ്‌ ഒന്നാമന്‍ തിരഞ്ഞെടുത്തത്‌. ആഗോള കാത്തോലിക്ക സഭയുടെ 266ാ‍ം പരമാധികാരിയായാണ്‌ ഫ്രാന്‍സിസ്‌ ഒന്നാമന്‍ സ്ഥാനാരോഹണം ചെയ്തത്‌. യുഎസ്‌ വൈസ്പ്രസിഡന്റ്‌ ജോണ്‍ ബൈഡന്‍, അര്‍ജന്റീന പ്രസിഡന്റ്‌ ക്രിസ്റ്റീന ഫെര്‍ണാണ്ടസ്‌ തുടങ്ങിയ പ്രമുഖര്‍ ചടങ്ങിന്‌ സാക്ഷിയായി. ഇന്ത്യയുടെ പ്രതിനിധികളായി രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനും എംപിമാരായ ആന്റോ ആന്റണിയും ജോസ്‌ കെ മാണിയും ചടങ്ങില്‍ പങ്കെടുത്തു.

അനാരോഗ്യത്തെത്തുടര്‍ന്ന്‌ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനം ത്യാഗം ചെയ്തതിനെത്തുടര്‍ന്നാണ്‌ പുതിയ പാപ്പയ്ക്കായി കാത്തോലിക്ക വിശ്വാസികള്‍ കാത്തിരിക്കേണ്ടി വന്നത്‌. കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ രണ്ടാം ദിനം തന്നെ പുതിയ പാപ്പയെ തെരഞ്ഞെടുക്കുകയായിരുന്നു. അതുവരെ പാപ്പയാകാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടവരെയെല്ലാം പിന്തള്ളി അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദിനാള്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ലളിതവും പ്രൗഢഗംഭീരവുമായ ചടങ്ങ്‌ പുതിയ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചതോടെ അവസാനിച്ചു. 132 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

കാത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ 1300 വര്‍ഷത്തിന്‌ ശേഷം ഇതാദ്യമായി യൂറോപ്പിന്‌ പുറത്ത്‌ നിന്നൊരു മഹാ ഇടയനെ ലഭിച്ചിരിക്കുന്നു. അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജ്‌ മരിയൊ ബാര്‍ഗോഗ്ലിയോ. സഭയുടെ ആധുനിക ചരിത്രത്തിലെ യൂറോപ്യനല്ലാത്ത ആദ്യ മാര്‍പാപ്പയും ഈ ബ്യൂണസ്‌ അയേഴ്സ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ തന്നെ. ഈ ചരിത്ര നിയോഗത്തില്‍ തുടങ്ങി പല കാര്യങ്ങളിലും ഒന്നാമനായ പുതിയ പാപ്പയ്ക്ക്‌, സഭയില്‍ അടിയുറച്ച്‌ നില്‍ക്കാന്‍ ഇപ്പോഴുള്ള 1.2 ബില്യണ്‍ വിശ്വാസികളെ പ്രേരിപ്പിക്കാന്‍ പാവങ്ങളെ നെഞ്ചിലേറ്റുന്ന പുതിയ പാപ്പയ്ക്ക്‌ കഴിയട്ടെയെന്ന പ്രാര്‍ഥനയാണ്‌ അവര്‍ക്ക്‌. 76 കാരനാണ്‌ പുതിയ മാര്‍പാപ്പ.

അന്ന്‌ രണ്ടാമനായി പിന്മാറി...ഇപ്പോള്‍ ഒന്നാമന്‍

ബെനഡിക്ട്‌ പതിനാറാമനെ മാര്‍പാപ്പയായി 2005ല്‍ തിരഞ്ഞെടുത്തപ്പോള്‍ ആദ്യ നാല്‌ റൗണ്ട്‌ വോട്ടെടുപ്പിലും രണ്ടാം സ്ഥാനത്തെത്തിയതും ബാര്‍ഗോഗ്ലിയോ ആയിരുന്നു. നാല്‌ റൗണ്ടുകള്‍ക്ക്‌ ശേഷം പിന്മാറുകയായിരുന്നു ഈ പുരോഹിതന്‍. ഇതാദ്യമായി ഫ്രാന്‍സിസ്‌ എന്ന പേരും ഒരു മാര്‍പാപ്പ സ്വീകരിച്ചു. പാവങ്ങള്‍ക്ക്‌ വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സെന്റ്‌ ഫ്രാന്‍സിസി അസീസിയുടെ പേരാണ്‌ പുതിയ മാര്‍പാപ്പ സ്വീകരിച്ചത്‌. ഫ്രാന്‍സിസ്‌ ഒന്നാമന്‍ മാര്‍പാപ്പയെന്നാകും ഇദ്ദേഹം അറിയപ്പെടുക. ജസ്യൂട്ട്‌ സമൂഹാംഗത്തില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയെന്ന വിശേഷണവും ഇദ്ദേഹത്തിന്‌ സ്വന്തം. 1936 ല്‍ ബ്യൂണസ്‌ അയേഴ്സില്‍ ജനിച്ച ഇദ്ദേഹം പൊതുവെ മിതവാദിയായാണ്‌ അറിയപ്പെടുന്നത്‌. ലളിത ജീവിതംകൊണ്ടും ദീനാനുകമ്പകൊണ്ടും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ്‌.

ആര്‍ച്ച്‌ ബിഷപ്പായപ്പോള്‍ ബ്യൂണസ്‌ അയേഴ്സിലെ കൊട്ടാരസദൃശമായ അരമനയില്‍ ജീവിക്കാന്‍ വിസമ്മതിച്ചു. ഒരു മുറിയില്‍ സ്വയം ഭക്ഷണം പാകം ചെയ്ത്‌ കഴിച്ചാണ്‌ ഇദ്ദേഹം ജീവിച്ചിരുന്നത്‌. ബിഷപ്പുമാര്‍ പോലും വിലകൂടിയ കാറുകളില്‍ സഞ്ചരിക്കുമ്പോള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന ബസുകളിലും മറ്റുമായിരുന്നു ഇദ്ദേഹം സഞ്ചരിച്ചിരുന്നത്‌. മാര്‍പാപ്പ പദവിയിലെത്തുന്നതിന്‌ തൊട്ടു മുന്‍പും സാധാരണക്കാര്‍ക്കൊപ്പം ബസ്‌ യാത്ര ഇഷ്ടപ്പെട്ടിരുന്നു ബര്‍ഗോഗ്ലിയൊ. 1998ല്‍ ആര്‍ച്ച്‌ ബിഷപ്പ്‌ പദവിയിലെത്തിയ അദ്ദേഹത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്‌ 2001ല്‍ കര്‍ദിനാള്‍ പദവിയിലേക്ക്‌ ഉയര്‍ത്തിയത്‌. അന്ന്‌ അര്‍ജന്റീനയില്‍ നിന്ന്‌ വത്തിക്കാനിലെത്തി തന്റെ സ്ഥാനലബ്ധി കാണാനാഗ്രഹിച്ച വിശ്വാസികളോട്‌ അതിന്‌ ചിലവാകുന്ന തുക പാവപ്പെട്ടവര്‍ക്ക്‌ നല്‍കാന്‍ ഉദ്ബോധിപ്പിക്കുകയായിരുന്നു ബര്‍ഗോഗ്ലിയോ.

വിശുദ്ധ പത്രോസിന്‍റെ സിംഹാസനാധിപനെ കണ്ടെത്താന്‍ ലോകമെമ്പാടും നിന്നെത്തിയ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ്‌ രണ്ടു ദിവസം മാത്രമാണു പിന്നിട്ടത്‌. ചൊവ്വാഴ്ച തുടങ്ങിയ കോണ്‍ക്ലേവില്‍ അഞ്ചു തവണയാണ്‌ വോട്ടെടുപ്പു നടത്തിയത്‌. ചൊവ്വാഴ്ച ഒരു വോട്ടെടുപ്പും ഇന്നലെ നാല്‌ വോട്ടെടുപ്പും നടന്നു. ഇന്നലെ രാത്രി നടന്ന രണ്ടാം വോട്ടെടുപ്പിലാണു പുതിയ പാപ്പയെ കണ്ടെത്തിയത്‌. സിസ്റ്റൈന്‍ ചാപ്പലിലെ പുകക്കുഴലില്‍ ഇന്നലെ രാത്രി വെളുത്ത പുക ഉയര്‍ന്നു. സെന്റ്‌ പീറ്റേഴ്സ്‌ സ്ക്വയറില്‍ പള്ളിമണികള്‍ മുഴങ്ങി. തിങ്ങിക്കൂടിയ വിശ്വാസികള്‍ ആഹ്ലാദാരവും മുഴക്കി.. ലോകമെമ്പാടുമുള്ള 120 കോടിയില്‍പ്പരം കത്തോലിക്കാ വിശ്വാസ സമൂഹവും സന്തോഷത്താല്‍ മതിമറന്നു. വെളുത്ത പുക ഉയര്‍ന്ന്‌ ഒരു മണിക്കൂറിന്‌ ശേഷമാണ്‌ പുതിയ മാര്‍പാപ്പയാരെന്ന കാര്യം ലോകമറിഞ്ഞ്ത്‌.

ഇറ്റാലിയന്‍ കര്‍ദിനാള്‍ ഏഞ്ജലോ സ്കോളയ്ക്കും ക്യാനഡയിലെയും ബ്രീസിലിലെയും കര്‍ദിനാള്‍മാര്‍ക്കുമാണ്‌ ഈ സമയമത്രയും മാധ്യമങ്ങള്‍ പാപ്പയാകാനുള്ള സാധ്യത ചാര്‍ത്തി നല്‍കിയത്‌. അവരെക്കുറിച്ച്‌ ചര്‍ച്ചകളും നടത്തി. എന്നാല്‍ വത്തിക്കാന്‍ സമയം രാത്രി എട്ടേകാലോടെ കര്‍ദിനാള്‍മാരുടെ അധ്യക്ഷന്‍ ഫ്രാന്‍സില്‍ നിന്നുള്ള ജീന്‍ ലൂയിസ്‌ ടൗറാനാണ്‌ കര്‍ദിനാള്‍ ജോര്‍ജ്‌ മരിയൊ ബാര്‍ഗോഗ്ലിയോ പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന്‌ പ്രഖ്യാപിച്ചത്‌. ഫ്രാന്‍സിസ്‌ എന്ന പേരും പാപ്പ സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. പിന്നീട്‌ നിമിഷങ്ങള്‍ക്കകം പാപ്പയുടെ ഔദ്യോഗിക വേഷമണിഞ്ഞ്‌ കത്തീഡ്രല്‍ മട്ടുപ്പാവില്‍ പുതിയ മാര്‍പാപ്പ പ്രത്യക്ഷപ്പെട്ടു.

റോമിന്‌ ഒരു ബിഷപ്പിനെ നല്‍കാനാണ്‌ കര്‍ദിനാള്‍മാര്‍ ചര്‍ച്ച നടത്തിയത്‌. എന്നാല്‍ ലോകത്തിന്റെ അങ്ങേ അറ്റത്ത്‌ പോയി ഒരാളെ കണ്ടുപിടിച്ചിരിക്കുകയാണ്‌ അവര്‍ എന്ന്‌ പറഞ്ഞ്‌ തമാശയോടെയാണ്‌ പുതിയ മാര്‍പാപ്പ വിശ്വാസികളെ ആദ്യമായി അഭിസംബോധന ചെയ്തത്‌. ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയ്ക്ക്‌ വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്യുകയും ഇനി ഒരുമിച്ച്‌ നടന്ന്‌ മുന്നേറാമെന്ന്‌ പറയുകയും ചെയ്ത പുതിയ പാപ്പ മഴയത്തും തിങ്ങിക്കൂടിയ ആയിരക്കണക്കിന്‌ വിശ്വാസികളെ സന്തോഷിപ്പിച്ചു. ബെനഡിക്റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്നാണ്‌ അദ്ദേഹം ജീവിച്ചിരിക്കെ, പുതിയ മാര്‍പാപ്പയ്ക്കു വേണ്ടിയുള്ള വോട്ടെടുപ്പും കാത്തിരിപ്പും വേണ്ടി വന്നത്‌. 266ാ‍മത്തെ മാര്‍പാപ്പയാണ്‌ ജോര്‍ജ്‌ മരിയൊ ബര്‍ഗോഗ്ലിയൊ.

ഒരു മാര്‍പാപ്പ ജീവിച്ചിരിക്കെ, പുതിയ മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെടുന്നതു സഭയുടെ അറുനൂറു വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം. ഇത്‌ തുടര്‍ച്ചയായ മൂന്നാം തവണയാണ്‌ ഇറ്റലിക്കാരനല്ലാത്ത ഒരു കര്‍ദിനാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്‌. സ്പാനിഷും ജര്‍മനും ഇറ്റാലിയന്‍ ഭാഷയും സംസാരിക്കുന്ന പുതിയ മാര്‍പാപ്പയുടെ ആരോഗ്യം അത്ര തൃപ്തികരമല്ല. ചെറുപ്പകാലത്ത്‌ ഇന്‍ഫെക്ഷനെത്തുടര്‍ന്ന്‌ ഒരു ഭാഗത്തെ ശ്വാസകോശം നീക്കം ചെയ്യപ്പെട്ടിരുന്നു. കത്തോലിക്കാ സഭാവിശ്വാസികളില്‍ 42 ശതമാനവുമുള്ള ലാറ്റിനമേരിക്കയില്‍ നിന്ന്‌ ഒരു മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടതോടെ യൂറോപ്പിന്റെ പുറത്തുള്ള വിശ്വാസസമൂഹത്തെയും സഭ ഗൗരവമായി കണക്കാക്കി തുടങ്ങിയതിന്റെ സൂചനയെന്ന്‌ സാരം.