Dienstag, 28. Juli 2020



               നഗരപിതാവായ കത്തോലിക്ക വൈദികൻ.

ഒരു നൂറ്റാണ്ടു പിന്നിട്ട ചങ്ങനാശ്ശേരി നഗരസഭയുടെ ആദ്യത്തെ അധ്യക്ഷനായിരുന്നു ( പ്രസിഡന്റ്‌, 1922-25)

ഫാദർ ഡൊമിനിക്ക് തോട്ടാശേരി (1886 - 1941).

ഒരുപക്ഷെ ഭാരതത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കാം ഒരു കത്തോലിക്കാ പുരോഹിതൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു നഗരപിതാവിന്റെ കുപ്പായമണിഞ്ഞിട്ടുണ്ടാവുക. അക്കാലത്ത് എക്സികൂട്ടിവ് അധികാരവും പ്രസിഡന്റിനായിരുന്നു.

ചന്തക്കടവിലെയും സസ്യമാർക്കറ്റിലെയും വറ്റാത്തകിണറും ചിത്രക്കുളത്തിന്റെ കരയിലെ ഔഷധസിദ്ധിയുള്ള താന്നിമരവും അച്ചന്റെ മനുഷ്യസ്നേഹത്തിന്റെ പ്രതീകങ്ങളായി ഇന്നും നിലകൊള്ളുന്നു.

1912 സെപ്റ്റംബർ 6 ന്, ഭരണപരിഷ്കാര കമ്മറ്റി ( TIC ) നിലവിൽവന്നതിന്റെ പിന്നാലെ 1921 ൽ ചങ്ങനാശ്ശേരി നഗരസഭ രൂപംകൊണ്ടു. മെത്രാന്റെ അനുമതിയോടെ തോട്ടാശേരിയച്ചൻ മത്സരിച്ചു കൗൺസിലറായി. പ്രശസ്‌തനായ നീലകണ്‌ഠപിള്ള വക്കീലിനെയും, രാജരാജവർമ്മ കോയിത്തമ്പുരാനെയും പരാജയപ്പെടുത്തിയാണ് തോട്ടാശേരിയച്ചൻ പ്രസിഡന്റായത്. ആദ്യത്തെ ആ കൗൺസിലിൽ ഭാരതകേസരി മന്നത്ത് പത്മനാഭനും അംഗമായിരുന്നു.

എം എയും, എൽ റ്റിയും ഉന്നതനിലയിൽ പാസ്സായി സെന്റ് ബർക്കുമാൻസ് ഹൈസ്‌കൂൾ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗികജീവിതം ആരംഭിച്ചത്. ഒപ്പം സെന്റ് മേരിസ് എൽ പി സ്‌കൂൾ മാനേജരും കുറവിലങ്ങാട് ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

പോയനൂറ്റാണ്ടിൽ കേരളത്തിലെ ജനങ്ങൾ മുഖാമുഖംകണ്ട ഏറ്റവുംവലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു തൊണ്ണൂറ്റി ഒന്പതിലെ വെള്ളപ്പൊക്കം. പഴയതലമുറയുടെ സമരണകളിൽ നടുക്കംവിതക്കുന്ന പ്രളയജലത്തിൽ കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെട്ട് ജലക്കടലിന് നടുക്ക് അകപ്പെട്ടപ്പോൾ ചങ്ങനാശ്ശേരി പട്ടണത്തിന്റെ ഈ പ്രഥമ പൗരൻ അവസരത്തിനൊത്ത് ഉണർന്നുപ്രവർത്തിച്ചു, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി, സന്നദ്ധഭടന്മാർ ഇളകിമറിയുന്ന കുട്ടനാടൻ ജലനിരപ്പിലേക്ക് ജീവൻ പണയംവെച്ചു നീങ്ങി. അക്ഷരാർത്ഥത്തിൽ സർവസ്വവും കൈവിട്ട കുട്ടനാട്ടുകാരെ ഇവിടുത്തെ വ്യാപാരികളും പൊതുജനങ്ങളും സ്‌കൂളുകളും സുമനസ്സുകളുടെ ഭവനങ്ങളും അവർക്ക് താമസിക്കാനായി തുറന്നുകൊടുത്തു. ഭക്ഷണവും വസ്‌ത്രവും നൽകി തൊട്ടാശേരി അച്ചന്റെ നേതൃത്വത്തിൽ കാണിച്ച ഈ ഉദാത്തമാതൃക കുട്ടനാട്ടുകാർക്ക് ഒരിക്കലും മറക്കാനാവില്ല.

സൈക്കളിൽ യാത്രചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ഉച്ചനീചത്തചിന്ത ലവലേശം തീണ്ടിയില്ലാത്ത സമഭാവനയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഈ വൈദികശേഷ്ട്രന്റെ മുൻസിപ്പാലിറ്റിയിലെ ഒരുചിത്രം മാത്രമാണ് സ്മാരകമായിട്ടുള്ളത്.

(കടപ്പാട് വിനോദ് പണിക്കർ ചങ്ങനാശ്ശേരി ).