Samstag, 19. Mai 2012

ഓസ്ട്രേലിയ തെരഞ്ഞെടുത്ത അഞ്ചു കലാലയങ്ങളില്‍ എസ്ബിയും

ചങ്ങനാശേരി: ഗവേഷണ രംഗത്തെ പരസ്പര സഹകരണത്തിന്‌ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്ത ഇന്ത്യയിലെ അഞ്ചു കലാലയങ്ങളുടെ പട്ടികയില്‍ ചങ്ങനാശേരി എസ്ബി കോളജും ഉള്‍പ്പെട്ടു. ഗവേഷണം, മാനേജ്മെന്റ്‌ പഠനം, സാംസ്കാരിക വിനിമയം എന്നീ മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ്‌ ഇന്ത്യയിലെ അഞ്ചു കലാലയങ്ങളെ ഓസ്ട്രലിയന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്‌. ഇതിനുള്ള പ്രഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ റവ.ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍ പറഞ്ഞു.

കല്‍ക്കട്ട സെന്റ്‌ സേവ്യേഴ്സ്‌, പൂനെ ഫെര്‍ഗൂസണ്‍, മുംബൈ സെന്റ്‌ സേവ്യേഴ്സ്‌, ഡല്‍ഹി ശ്രീറാം എന്നീ കോളജുകള്‍ക്കൊപ്പമാണ്‌ ചങ്ങനാശേരി എസ്ബി കോളജിനെയും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പരിഗണിച്ചത്‌.

പദ്ധതിയുടെ ഭാഗമായി ഈ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രത്യേക ക്ഷണം നല്‍കിയിരുന്നു. ഓസ്ട്രേലിയയിലെ വിവിധ സര്‍വകലാശാലകള്‍, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച്‌ ചര്‍ച്ചകള്‍ നടത്തിയതായും സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലകളെക്കുറിച്ച്‌ ഓസ്ട്രലിയന്‍ സര്‍ക്കാര്‍ സാധ്യതാ പഠനം നടത്തി വരികയാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഭാഗമായാണ്‌ ഓസ്്ട്രലിയന്‍ ഹൈക്കമ്മീഷണര്‍ എസ്ബി കോളജില്‍ എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവേഷണം, മാനേജ്മെന്റ്‌ മേഖലകളില്‍ ഇന്ത്യയുമായിസഹകരിക്കും: ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍

ചങ്ങനാശേരി: ഗവേഷണം, മാനേജ്മെന്റ്‌, സാംസ്കാരിക വിനിമയ മേഖലകളില്‍ ഓസ്ട്രലിയയും ഇന്ത്യയും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന്‌ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ പീറ്റര്‍. എന്‍. വര്‍ഗീസ്‌.

ഇന്ത്യ- ഓസ്ട്രേലിയ വിദ്യാഭ്യാസ സഹകരണത്തിന്റെ ഭാഗമായി ചങ്ങനാശേരി എസ്ബി കോളജില്‍ നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇതു സംബന്ധിച്ച്‌ തുടര്‍ ചര്‍ച്ചകളും സംവാദങ്ങളും നടത്തുമെന്നും പീറ്റര്‍ എന്‍. വര്‍ഗീസ്‌ പറഞ്ഞു.

ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരന്തോട്ടം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാ ളും കോളജ്‌ മാനേജരുമായ മോണ്‍. ജെയിംസ്‌ പാലയ്ക്കല്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍, ഓസ്്ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധി ഡേവിസ്‌ ഹോലി, ഓസ്ട്രേലിയന്‍ ബിസിനസ്‌ ഡെവലപ്മെന്റ്‌ മാനേജര്‍ റോഷന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.


1 Kommentar: