Samstag, 28. Juli 2012


മുട്ടത്തു വര്‍ക്കി; അക്ഷര ലോകം തറവാട്ടു സ്വത്താക്കി ഭാഗംവയ്‌ക്കുന്നവരെ അതിജീവിക്കുന്നു: റവ. ഡോ. അഗസ്റ്റിന്‍ പലയ്‌ക്കാപ്പറമ്പില്‍


Picture


ഫിലഡല്‍ഫിയ: മുട്ടത്തു വര്‍ക്കി, അക്ഷര ലോകം തറവാട്ടു സ്വത്താക്കി ഭാഗംവയ്‌ക്കുന്നവരെ അതിജീവിക്കുന്നു എന്ന്‌ റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍. മുട്ടത്തു വര്‍ക്കി ജന്മ ശദാബ്ദിയാഘോഷം ഭദ്രദീപം കൊളുത്തി പമ്പയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കുറവിലങ്ങാട്‌ ദേവമാതാ കോളജ്‌ മുന്‍ പ്രിന്‍സിപ്പലും ഇംഗ്ലീഷ്‌ പ്രൊഫസ്സറുമായ ഡോ. പാലയ്‌ക്കാപ്പറമ്പില്‍.

ഡോ. അഗസ്റ്റിന്‍ പലയ്‌ക്കാപ്പറമ്പില്‍ ചെയ്‌ത പ്രഭാഷണത്തിന്റെ സംക്ഷിപ്‌തം:

കേരള സാഹിത്യ ചക്രവാളത്തില്‍, കാലത്തിനു മുമ്പേ പറന്ന വാനമ്പാടിയാണ്‌ ശ്രീ മുട്ടത്തു വര്‍ക്കി. ഇംഗ്ലീഷ്‌ കാല്‌പനിക ഗായകന്‍ കീറ്റ്‌സിന്റെ വാനമ്പാടിയെപ്പോലെ അനര്‍ഗളം അക്ഷരമുത്തുകള്‍ ഒഴുക്കിയ പൊന്‍ തൂലികയായിരുന്നു ശ്രീ മുട്ടത്തിന്റേത്‌. അക്ഷരങ്ങളെ സ്‌നേഹിക്കുവാനും പുസ്‌തകങ്ങളെ താലോലിക്കുവാനും മലയാളികളുടെ ഒരു തലമുറയെ ഉണര്‍ത്തി എന്നതാണ്‌ ശ്രീ വര്‍ക്കിയുടെ ചരിത്രസംഭാവന.

കേരളം ഇന്ന്‌ കാണുവാന്‍ ആഗ്രഹിക്കുന്ന ഗ്രാമീണ സൗന്ദര്യവും അക്ഷര ശുദ്ധിയും കാര്‍ഷിക കേരളത്തിന്റെ നൈര്‍മ്മല്യമാര്‍ന്ന സുഗന്ധവും ശ്രീ വര്‍ക്കിയുടെ കൃതികളില്‍ കാണുവാനാകും. സ്‌നേഹിക്കുന്ന ജോഡികളെ അണിനിരത്തി അദ്ദേഹം വരച്ച കഥകള്‍ ഇന്നും വീണ്ടും വീണ്ടും അപരനാമങ്ങളില്‍ പുനര്‍:ജനിക്കുന്നു. അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളെ മലയാളികള്‍ വിലമതിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന മുഹൂര്‍ത്തമാണ്‌, ഈ അക്ഷര സ്‌നേഹിയുടെ ജന്മശദാബ്ദി.

മുട്ടത്തുവര്‍ക്കി എന്തു കൊണ്ട്‌ അസ്വീകാര്യനാക്കപ്പെടാനും വിസ്‌മൃതനാക്കപ്പെടാനും വിധിക്കപ്പെട്ടു എന്നതിന്‌ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ കടന്നു കൂടിയ സങ്കുചിത വര്‍ഗീയമതപ്രാദേശിക ചിന്താഗതികളും, അക്ഷര ലോകത്തിന്റെ മേധാവിത്വം തറവാടു സ്വത്താക്കി വയ്‌ക്കുവാന്‍ ചിലര്‍ നടത്തുന്ന സ്ഥാപിത താത്‌പര്യങ്ങളും വിലയിരുത്തുമ്പോള്‍ വേഗം ഉത്തരം ലഭിക്കും.

മദ്ധ്യ തിരുവിതാംകൂറിലെ സുറിയാനി ക്രിസ്‌ത്യാനികുടുംബങ്ങളുടെ നൊമ്പരങ്ങളും നെടുവീര്‍പ്പുകളും, ആകാംക്ഷകളും ആഗ്രഹങ്ങളും, ഊഷ്‌മള സ്‌നേഹത്തിന്റെ ചുടു നിശ്വാസങ്ങളും ശ്രീ മുട്ടത്തിന്റെ കഥകളുടെ പൊതു പശ്ചാത്തലമായി നില്‍ക്കുന്നു. കാല്‍പനീകതയുടെ നിരവധി ഭാവങ്ങളാല്‍ ധന്യമാണ്‌ അദ്ദേഹത്തിന്റെ കൃതികള്‍. സാധാരണക്കാരന്റെ ഭാഷ സംസാരിക്കുന്ന, അസാധാരണത്വങ്ങളും അതിഭാവുകങ്ങളുമില്ലാത്ത കഥാ പാത്രങ്ങളെയാണ്‌ അദ്ദേഹം സൃഷ്ടിച്ചത്‌.

സ്‌െ്രെതണ ലാവണ്യത്തിന്റെ നേര്‍ത്ത കുളിര്‍വാക്കുകളും ഇളം തെന്നലിന്റെ സാന്ത്വനപ്പെടുത്തുന്ന തലോടലുകളും ശ്രീ മുട്ടം, ഭാവനാ പൂര്‍ണ്ണതയോടെ അവതരിപ്പിച്ചു.

ജീവിതം സങ്കീര്‍ണ്ണമാണെന്നും, ജീവിതത്തിന്റെ പ്രതിഫലനമായ സാഹിത്യവും സങ്കീണ്ണമായിരിക്കണം എന്നുമുള്ള ടി.എസ്സ്‌. എലിയട്ടിന്റെ ചിന്ത പ്രബലമായപ്പോള്‍, ജീവിതത്തിന്‌ സരള ഭാവങ്ങളും ഉണ്ട്‌ എന്ന വസ്‌തുത പലരും വിസ്‌മരിച്ചു. അതോടെ സരളത സാഹിത്യത്തിന്‌ അന്യമാണ്‌ എന്ന തെറ്റായ വിധിതീര്‍പ്പില്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നു.

പാശ്ചാത്യ ലോകത്തിന്റെ മൂല്യ ബോധത്തെയും അനുദിനജീവിതത്തിന്റെ ഭദ്രതയേയും അടിമുടി തകര്‍ത്തുകളഞ്ഞ രണ്ടു ലോക മഹായുദ്ധങ്ങളും, നാസി തടങ്കല്‌പ്പാളയങ്ങളിലെ കൂട്ട വംശഹത്യകളും, അനാഥത്വം വിതച്ച ഭീകരതകളും വെറും വാര്‍ത്ത മാത്രമായിരുന്ന മലയാളിക്ക്‌ ജീവിത സങ്കീര്‍ണ്ണതകളും അന്യമായിരുന്നു. വാക്കുകളില്‍ സൃഷ്ടിച്ച പൊള്ള സങ്കീര്‍ണ്ണതകളെ ഉത്തമ സാഹിത്യ സൃഷ്ടികളായി വിലമതിക്കുവാന്‍ കേരളസമൂഹം തയ്യാറായത്‌, കേരള സാഹിത്യ ചരിത്രത്തിലെ മറാത്ത കളങ്കമാണ്‌. മുന്‍ വിധികളുടെ പൊയ്‌ മുഖം പിച്ചിച്ചീന്തി ചിന്തിച്ചാല്‍, മലയാളി മനസ്സിന്റെ യഥാര്‍ത്ഥ അവസ്ഥ വായിച്ചറിഞ്ഞ വ്യക്തിയായിരുന്നു ശ്രീ മുട്ടത്തു വര്‍ക്കി എന്നു കാണുവാന്‍ കഴിയും.

വ്യക്തിബന്ധങ്ങളുടെ സുദൃഢതയാണ്‌ മുട്ടം കൃതികളില്‍ തെളിഞ്ഞു വരുന്ന ജീവിത ദര്‍ശനം. പ്രാതികൂല്യങ്ങളുടെ കൊടുങ്കാറ്റുകള്‍ക്കു മുന്നിലും കടപുഴകാതെ നില്‌ക്കുന്ന സ്‌ത്രീത്വങ്ങളും, ഇഷ്ടകാമിനിക്കു വേണ്ടി നഷ്ടങ്ങള്‍ സഹിക്കുന്ന യുവത്വങ്ങളും ശ്രീ മുട്ടത്തു വര്‍ക്കിയുടെ തൂലികയില്‍ നിന്നും ജനിച്ചത്‌ ആകസ്‌മികതകളല്ല. മൂല്യബോധവും, വൈവാഹിക വിശുദ്ധിയും നഷ്ടമായ ഒരു സമൂഹത്തിനു മുമ്പില്‍ ദുഷ്യന്തന്‍ ഉപേക്ഷിച്ച ശകുന്തള വിലക്കപെട്ടവളായേ എണ്ണപ്പെടൂ. മൂല്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നിടത്ത്‌ മൂല്യ ബോധമുള്ള എഴുത്തുകാരനും വിസ്‌മരിക്കപ്പെടും.

മുട്ടത്തു വര്‍ക്കി മൂല്യങ്ങളുടെ വക്താവായിരുന്നു. കന്നട സാഹിത്യകാരനായ ശ്രീ ആര്‍. കെ. നാരായന്‍ (R.K. Narayan) കന്നട ഗ്രാമങ്ങളുടെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും, ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അയത്‌ന ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച ഇരുപതാം നൂറ്റാണ്ടിലെ ഇന്‍ഡോ ആംഗ്ലിയന്‍ എഴുത്തുകാരനാണ്‌. ശ്രീ മുട്ടത്തു വര്‍ക്കിയുടെ കൃതികള്‍ക്ക്‌ ആര്‍. കെ നാരായന്റെ (R.K. Narayan) കൃതികളോട്‌ വലിയ സാമ്യം കാണുവാന്‍ കഴിയും. സരളതയാണ്‌ ആര്‍. കെ. നാരായന്റെ (R.K. Narayan) സവിശേഷത. ദമ്പതികളുടെ കിടപ്പറ വാതില്‍ അദ്ദേഹവും ഒരിക്കലും തുറന്നുകാട്ടുന്നില്ല. അത്‌ അദ്ദേഹത്തിന്റെ കൃതികളുടെ ശോഭ വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ.. ശ്രീ മുട്ടത്തു വര്‍ക്കിയുടെ കൃതികളിലും ദാമ്പത്യം പ്രധാന പരാമര്‍ശമാണെങ്കിലും, കിടപ്പറ വാതില്‍ അടച്ചിടുന്നതില്‍ സ്വാതന്ത്ര്യവും സന്തോഷവും കാണുന്ന വ്യക്തിയായിരുന്നു ശ്രീ മുട്ടം. ശ്ലീലങ്ങള്‍ സാഹിത്യത്തെ ഉദാത്തമാക്കുകയേയുള്ളൂ.

ഒരുകാലഘട്ടത്തില്‍ മലയാളി മനസ്സിനെ അവിരാമം സ്വാധീനിച്ച ശ്രീ മുട്ടം അനശ്വരനായ എഴുത്തുകാരനാണ്‌; കാരണം അദ്ദേഹം സൃഷ്ടിച്ച കഥാ പാത്രങ്ങള്‍ ഇന്നും ജീവിക്കുന്നു.


ഗ്രാമങ്ങളുടെ നിര്‍മ്മാല്യത്തില്‍ ഉള്ളലിയാന്‍ പഠിപ്പിച്ച നിത്യ ഹരിത എഴുത്തുകാരനാണ്‌ മുട്ടത്തു വര്‍ക്കി: ജോര്‍ജ്‌ നടവയല്‍


പമ്പ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ നടവയല്‍ പമ്പ സംഘടിപ്പിച്ച മുട്ടത്തു വര്‍ക്കി ജന്മ ശദാബ്ദിയാഘോഷത്തില്‍ അനുബന്ധ പ്രബന്ധം അവതരിപ്പിച്ചു.പ്രബന്ധ രൂപം:

ഗ്രാമീണ നിര്‍മ്മാല്യത്തിന്റെയും പ്രണയഗീതങ്ങളുടെയും കഥാകാരനാണ്‌ മുട്ടത്തു വര്‍ക്കി. `നാളെകളുടെ പിറകേ ഇന്നകളും ഇന്നകളുടെ പിറകേ ഇന്നലെകളും കൊച്ചു കുട്ടികളെപ്പോലെ ഓടിപ്പൊക്കൊണ്ടേയിരിക്കുന്നൂ. വിധി വാചകങ്ങളെ തിരുത്തുകയും നീതി നിയമങ്ങളെ പുതുക്കി എഴുതുകയും സത്യത്തെ തേച്ചു മിനുക്കുകയും സ്‌നേഹത്തെ പരിശോധിക്കുകയും ചെയ്യുന്ന കാലമാകുന്ന സഹൃദയന്‍, ജീവിതമാകുന്ന നോവലിന്റെ, പകലും രാത്രിയുമാകുന്ന താളുകള്‍ മറിച്ചു കൊണ്ടേയിരിക്കുന്നു'. എന്ന തത്വ വിചാരം മിനുക്കിയടുക്കി വച്ച്‌ കഥകളിലൂടെയും നോവലുകളിലൂടെയും നാടകങ്ങളിലൂടെയും കവിതകളിലൂടെയും സിനിമകളിലൂടെയും മലയാളത്തെ ചിന്തിക്കാനും സ്വപ്‌നം കാണാനും പ്രേമിക്കാനും നീതിക്കുവേണ്ടി അടരാടാനും ഗ്രാമങ്ങളുടെ നിര്‍മ്മാല്യത്തില്‍ ഉള്ളലിയാനും പഠിപ്പിച്ചും കൊണ്ട്‌ സ്വര്‍ഗം വരിച്ച നിത്യ ഹരിത എഴുത്തുകാരനാണ്‌ മുട്ടത്തു വര്‍ക്കി.

മുട്ടത്തു വര്‍ക്കിയുടെ ജന്മ ദേശമായ ചെത്തിപ്പുഴയില്‍ (ചങ്ങനാശ്ശേരി) ഏപ്രില്‍ 25ന്‌ മുട്ടത്തു വര്‍ക്കി ജന്മശദാബ്ദിയാഘോഷങ്ങളുടെ വിളമ്പര യാത്ര യോടെ ആഘോഷങ്ങള്‍ ആരംഭിക്കുന്നതിന്റെ അന്താരഷ്ട്ര ഭാഗമായാണ്‌ ഫിലഡല്‍ഫിയ പമ്പ മലയാളി അസ്സോസിയേഷന്‍ മുട്ടത്തു വര്‍ക്കി ജന്മ ശദാബ്ദിയാഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിക്കുന്നത്‌. ഇതോടനുബന്ധിച്ച്‌ പമ്പയിലെ വായനക്കൂട്ടം ദൈ്വവാര മുട്ടത്തുവര്‍ക്കിയാസ്വാദന ചര്‍ച്ചകള്‍ തുടക്കം.

പ്രശസ്‌ത സാഹിത്യകാരന്‍ ഡോ. ജോര്‍ജ്‌ ഓണക്കൂര്‍ നല്‌കിയ വിളമ്പര യാത്രാ ശന്ദേശത്തില്‍ പറഞ്ഞത്‌ ശ്രദ്ധേയമാണ്‌: `മുട്ടത്തു വര്‍ക്കിയുടെ കൃതികളാണ്‌ തകഴിയുടെ സഹധര്‍മ്മിണി കാത്ത തകഴിക്കൃതികളേക്കാള്‍ പല തവണ വായിച്ചിട്ടുള്ളതെന്ന്‌ തകഴി പറഞ്ഞിട്ടുണ്ട്‌'. ഇതു മുട്ടത്തുവര്‍ക്കിയുടെ രചനാ മേന്മയിലേക്ക്‌ കൃത്യമായ വെളിച്ചം വീശുന്നതാണ്‌.

കേരള ലളിത കലാ അക്കാഡമിയുടെ നേതൃത്വത്തില്‍ മുട്ടത്തു വര്‍ക്കി കഥാപാത്രങ്ങളുടെ ചിത്രാവിഷ്‌കാരം നടന്നതും സ്‌മരണീയമാണ്‌. ലളിത കലാ അക്കഡമി സെക്രട്‌റ്ററി ശ്രീമൂല നഗരം മോഹന്‍ നേതൃത്വം നല്‌കി.
`വര്‍ക്കി സാറിന്‌ മനുഷ്യരോട്‌ അടങ്ങാത്ത സ്‌നേഹമുണ്ടായിരുന്നു, ചുറ്റുപാടിനെയും പ്രകൃതിയെയും മുട്ടത്തു വര്‍ക്കി സ്‌നേഹിച്ചു, അത്തരമൊരാളിന്റെ തൂലികയിലൂടെ വരുന്ന അക്ഷരങ്ങളും സ്‌നേഹം തന്നെയാണ്‌'മുട്ടത്തു വര്‍ക്കി ജന്മശദാബ്ദിയാഘോഷങ്ങള്‍ക്ക്‌ ഭദ്ര ദീപം തെളിച്ച്‌ വിഖ്യാത മലയാള സിനിമാ പ്രതിഭ മധു പറഞ്ഞ വാക്കുകള്‍ തന്നെയാണ്‌ മുട്ടത്തു വര്‍ക്കിയുടെസജീവത്വം.മധു പറഞ്ഞു: `മുട്ടത്തു വര്‍ക്കി ജന്മശദാബ്ദിയാഘോഷങ്ങളുടെ ദീപം തെളിച്ച ഉടനെ നെടുനാളത്തെ വേനല്‍ച്ചൂടിനെ മാറ്റി കുളിര്‍ മഴ കൊണ്ട്‌ ഈ നാടിനെ അനുഗ്രഹിച്ചത്‌ ഇതാ ഇപ്പോള്‍ നാം കണ്ടുവല്ലോ' മധുവിന്റെ പ്രസംഗം തീര്‍ന്നിട്ടും ആ മഴ ശമിച്ചിക്കുന്നില്ല.

മൂട്ടത്തു വര്‍ക്കിയുടെ ആദ്യ കൃതി ആത്മാഞ്‌ജലിഎന്ന ഖണ്ഡകാവ്യമാണ്‌. അവതാരിക കുറിച്ച എം പി പോള്‍ ഗദ്യ സാഹിത്യത്തിലേക്ക്‌ വര്‍ക്കിയെ ആനയിച്ചു. കെപിഏസിയക്കുസമാന്തരമായി ഏ. സി ഏ. സി (ആന്റി കമ്യൂണിസ്റ്റ്‌ ആര്‍ട്‌സ്‌ ക്ലബ്‌) എന്ന നാടക സംഘത്തിനു വേണ്ടി മൂട്ടത്തു വര്‍ക്കി നാടകങ്ങള്‍ എഴുതിയിട്ടുണ്ട്‌. `ഞങ്ങള്‍ വരുന്നു' എന്ന നാടകം വിമോചന സമരകാലഘട്ടത്തില്‍ എഴുതിയ നാടകമാണ്‌. ഭമുളംപാലം' മലയാള ഭാഷയില്‍ അച്ചടിക്കപ്പെട്ട രണ്ടാമത്തെ തിരക്കഥയാണ്‌. കിടയറ്റ ബാലസാഹിത്യ കൃതിയായ ഭഒരു കുടയും കുഞ്ഞുപെങ്ങളും' 1967 ല്‍ ആറാം ക്ലാസ്സിലെ പാഠപുസ്‌തകമായിരുന്നു. റഷ്യന്‍ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ഈ കൃതി തര്‍ജ്ജമ ചെയ്‌തിട്ടുണ്ട്‌. ഭപാടാത്ത പൈങ്കിളി' എന്ന നോവലിന്‌ റഷ്യന്‍ ഭാഷയിലേക്ക്‌ പരിഭാഷയുണ്ട്‌.

മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍:

അക്കരപ്പച്ച, അക്ഷയ പാത്രം, അവളെ സൂക്ഷിക്കണം, അഴകുള്ള സെലീന, ആറാം പ്രമാണം, ഇതു മറക്കരുത്‌, ഇണ പ്രാവുകള്‍, ഇഷ്ട കാമുകി, ഈന്തത്തണല്‍, എന്നെ നിനക്കിഷ്ടമാണോ, ഏതാണീ പെണ്‍കുട്ടി, ഒരുകുടയും കുഞ്ഞു പെങ്ങളും, ഒരു ചുംബനം മാത്രം, കരകാണാക്കടല്‍, കാണാന്‍ പോകുന്ന പൂരം, കാണാത്ത തീരങ്ങള്‍, കാലചക്രം, കാറ്റാടി മരങ്ങള്‍, കിനാവിന്റെ ലോകത്തില്‍, ചട്ടമ്പിക്കവല, ജഗജില്ലി, ഞാന്‍ നിന്നെ പ്രേമിക്കുന്നു, ഡാലിയാപ്പൂക്കള്‍, തണലില്ലാത്ത വഴി, തെക്കന്‍ കാറ്റ്‌, തുറക്കാത്ത ജാലകം, ത്യാഗഭൂമി, നാത്തൂന്‍, നിലവിളക്ക്‌, നിലാവുള്ള രാത്രി, പച്ച നോട്ടുകള്‍, പഞ്ചായത്തു വിളക്ക്‌, പട്ടു തൂവാല, പാടാത്ത പൈങ്കിളി, പാവപ്പെട്ടവള്‍, പിറവം റോഡ്‌, പുതിയ കോവില്‍, പൂ ചൂടിയവള്‍,പൂന്തേനരുവി, പൊന്നുകൊണ്ടൊരാള്‍ രൂപം, പ്രേമ ഭിക്ഷുകി, പ്രേമിക്കാത്തവള്‍, പ്രിയമുള്ള സോഫിയാ, ഫിഡില്‍, മധുര സ്വപ്‌നം, മനസമ്മതം, മയക്കു മരുന്ന്‌, മയിലാടും കുന്ന്‌, മറിയകുട്ടി, രണ്ടു കണ്ണുകള്‍, രഹസ്യം, രാജ വീഥി, രാത്രികളുടെ രാത്രി, ലോറാ നീ എവിടെ, ലൈന്‍ ബസ്‌, വള കിലുക്കം, വഴി തെറ്റി വന്ന മാലാഖ,?വാഗ്‌ദത്ത ഭൂമി, വെളുത്ത കത്രീനാ, വേലി, സലോമി, സൗന്ദര്യ പൂജ, സില്‌ക്ക്‌ സാരി, സ്വയംവരകന്യക, സ്വര്‍ഗവും നരകവും, സ്വര്‍ഗസുന്ദരി, റോസമ്മയുടെ വീട്‌, ഹോട്ടല്‍.

മുട്ടത്തു വര്‍ക്കിയുടെ നാടകങ്ങള്‍:

ഞങ്ങല്‍ വരുന്നു, വിളക്കും കൊടുങ്കാറ്റും, ഒട്ടകവും സൂചികുഴലും, കൂട്‌റ്റുകിണര്‍, പുതിയ മണ്ണ്‌, മാറ്റൊലി, സമരഭൂമി, വലിയ മുക്കുവന്‍, ബംഗ്ലാദേശ്‌, ഫാദര്‍ ഡാമിയന്‍.

മുട്ടത്തു വര്‍ക്കിയുടെ ചെറുകഥാ സമാഹാരങ്ങള്‍:

അടയാളങ്ങള്‍, അവസ്സാനിക്കാത്ത രാത്രി, ഇരുളും വെളിച്ചവും, കല്യാണ രാത്രി, കളിയോടം, കറുത്ത മറുക്‌, കൊയ്‌ത്ത്‌, നെയ്യാമ്പലുകള്‍, മണിയറ, നൈലോണ്‍, മേഘങ്ങള്‍, പളുങ്കു പാത്രങ്ങള്‍, മഴക്കാറുകള്‍, പൊട്ടാത്ത നൂലുകള്‍, ഹേമന്ത രാവില്‍, മുട്ടത്തു വര്‍ക്കിയുടെ തിരഞ്ഞെടുത്ത കഥകള്‍.
മുട്ടത്തു വര്‍ക്കിയുടെ ഖണ്ഡകാവ്യം: ആത്മാ ഞ്‌ജലി.

മുട്ടത്തു വര്‍ക്കിയുടെ ഗദ്യ കവിത: പ്രിയമുള്ളവളേ നിനക്കു വേണ്ടി.

നര്‍മ്മ പംക്തി: നേരും നേരംപോക്കും.

മുട്ടത്തു വര്‍ക്കി എഴുതിയ ജീവചരിത്ര രചനകള്‍: ഫാദര്‍ വില്യം, വിശുദ്ധ പത്താം പീയൂസ്‌, മരിയാ ഗൊരേത്തി, ഡോണ്‍ ബോസ്‌കോ.

മുട്ടത്തു വര്‍ക്കി എഴുതിയ തിരക്കഥ: മുളം പാലം.

മുട്ടത്തു വര്‍ക്കിയുടെ വിവര്‍ത്തനങ്ങള്‍: അക്‌ബര്‍, ദോക്ടര്‍ ഷിവാഗോ, ആന്‍ഡോവിലെ പാലം, അണുയുഗം പിറന്നൂ, അണ്ടര്‍ ഗ്രൗണ്ട്‌, കുരിശും കൊടുങ്കാറ്റും, താഴ്‌വരയിലെ വീട്‌, കൊടുങ്കാറ്റിലൂടെ, പറ്റിഞ്ഞാറന്‍ കഥകള്‍, രണ്ട്‌ അമേരിക്കന്‍ നാടകങ്ങള്‍, മായാത്ത കാല്‌പ്പാടുകള്‍, ബര്‍സറേയുടെ പാട്ട്‌.

മുട്ടത്തു വര്‍ക്കിയുടെ കൈയ്യെഴുത്തു കൃതികള്‍: ഇണ പ്രാവുകള്‍ (കവിത), പാടാത്ത പൈങ്കിളി (കവിത).

33,333 രൂപായും പ്രശംസാ ഫലകവും പ്രശസ്‌തി പത്രവും ഉള്‍പ്പെടുന്ന മുട്ടത്തു വര്‍ക്കി അവാര്‍ഡ്‌ 1992 മുതല്‍ പ്രശസ്‌ത മലയാള സാഹിത്യകാരന്മാര്‍ക്ക്‌ വര്‍ഷം തോറും മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ സമ്മാനിക്കുന്നു.

Keine Kommentare:

Kommentar veröffentlichen