Montag, 14. April 2014

 മഞ്ഞളിന്റെ ഗുണങ്ങള്‍ 
കണ്ടാല്‍ വലിയ സംഭവമൊന്നുമല്ലെങ്കിലും മഞ്ഞളിനെ അങ്ങനെ കൊച്ചാക്കാന്‍ കഴിയില്ല. കുഞ്ഞു ശരീരത്തിനുള്ളില്‍ നമുക്കാവശ്യമായ ഒരുപാടു ഗുണങ്ങള്‍ മഞ്ഞള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്‌.

മുഖത്തെ ചുളിവ്‌: മഞ്ഞള്‍ പൊടിയും അരിപ്പൊടിയും പാലില്‍ ചാലിച്ചു മുഖത്തു പുരട്ടി പത്തുമിനിറ്റു ശേഷം തണുത്ത വെള്ളം കൊണ്ട്‌ മുഖം കഴുകണം. ചുളിവുകള്‍ മാറി മുഖം സുന്ദരമാകും.

മഞ്ഞള്‍ തേനില്‍ ചാലിച്ച്‌ മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട്‌ മുഖം കഴുകുക. മൃതകോശങ്ങള്‍ നീങ്ങി ചര്‍മം തിളങ്ങും.

മുഖക്കുരു: മഞ്ഞളും ചന്ദനവും വെള്ളത്തില്‍ ചാലിച്ച്‌ മുഖത്തിടുക. 10 മിനിറ്റിനു ശേഷം കഴുകി കളയാം. പ്രകൃതിദത്തമായി എളുപ്പത്തില്‍ മുഖക്കുരു അകറ്റാം.

വെള്ളവും നാരങ്ങാ നീരും ഒഴിച്ചു ചാലിച്ച മഞ്ഞള്‍പ്പൊടി മുഖക്കുരുവിനു മുകളില്‍ പുരട്ടി 15 മിനിറ്റു നേരം വയ്ക്കുക. പിന്നീട്‌ നന്നായി ഉരസി തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മുഖക്കുരുവും പാടുകളും നീങ്ങും.

മുഖത്തെ രോമവളര്‍ച്ച: മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ച തടയാന്‍ പയറുപൊടിയും മഞ്ഞളും വെള്ളത്തില്‍ ചാലിച്ച്‌ പുരട്ടുക. ഉണങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകാം. ഇങ്ങനെ ഒരു മാസം തുടര്‍ച്ചയായി പുരട്ടാന്‍ ശ്രദ്ധിക്കണം.

കാലിലെ വിണ്ടുകീറല്‍: വെളിച്ചെണ്ണയില്‍ അല്‍പം മഞ്ഞള്‍ ചാലിച്ച്‌ ദിവസവും കുളിക്കും മുമ്പ്‌ കാല്‍വണ്ണയില്‍ പുരട്ടുക. വിണ്ടു കീറല്‍ നില്‍ക്കും.

രോഗപ്രതിരോധ ശക്തി: ഒരു ഗാസ്‌ ചൂടു പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളിട്ടു കലക്കി ദിവസവും കുടിക്കുന്നതു രോഗപ്രതിരോധശക്തി കൂട്ടും.

മുറിവും പൊള്ളലും: ഒരു നുള്ള്‌ മഞ്ഞള്‍ പൊള്ളിയ ഭാഗത്തോ മുറിവിലോ പുരട്ടിയാല്‍ മൃതകോശങ്ങള്‍ നീങ്ങി പുതിയവ വേഗം വരും.
നല്ല ദഹനത്തിന്‌: കറികളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതു ദഹനം എളുപ്പത്തില്‍ നടക്കാന്‍ സഹായിക്കും. വായുക്ഷോഭം തടയാനും നല്ലതാണ്‌.

Mittwoch, 2. April 2014

നമ്മുടെ കുടംപുളിക്ക് അമേരിക്കയില്‍ താരപദവി!

(www.rashtradeepika.com)

Image Browse
 ന്യൂയോര്‍ക്ക്: ആവശ്യത്തില്‍ കൂടുതല്‍ വണ്ണവും ശരീരഭാരവുമുള്ളവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വാര്‍ത്തയുടെ ഉറവിടം വിദേശത്തുനിന്നാണെങ്കിലും സന്തോഷത്തിന്റെ ഉറവിടം നമ്മുടെ നാട്ടിലുണ്ട്. അതെ, നാട്ടിന്‍പുറത്തെ കുടംപുളി തന്നെ.ഗാര്‍സീനിയ കംപോഗിയ എന്നു വിളിക്കുന്ന കുടംപുളിക്കു പിന്നാലെയാണ് ഇപ്പോള്‍ ആരോഗ്യ വിദഗ്ധരും സിനിമാതാരങ്ങളുമൊക്കെ.

അമിതവണ്ണം, കൊഴുപ്പ് എന്നിവയെ അതിവേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലും പ്രചാരണവുമാണു കുടംപുളിയെ താരമാക്കിയിരിക്കുന്നത്. അമേരിക്കയില്‍ ഏറെ അംഗീകാരവും പേരുമുള്ള ഡോ. ഓസ് കുടംപുളിയുടെ മഹാത്മ്യത്തെക്കുറിച്ചു തന്റെ ആരോഗ്യപരിപാടികളില്‍ വിവരിക്കുക കൂടി ചെയ്തതോടെ സെലിബ്രിറ്റികള്‍ കുടംപുളിക്കു പിന്നാലെ പരക്കംപായുകയാണ്. ഇന്റര്‍നെറ്റ് വഴിയും കുടംപുളി പുരാണം ശരവേഗത്തില്‍ വ്യാപിക്കുന്നു.   

കേരളത്തില്‍ മീന്‍കറിയിലും മറ്റുമാണു കുടംപുളി ചേര്‍ത്ത് ഉപയോഗിക്കുന്നത്. എന്നാല്‍, വിദേശികള്‍ കുടംപുളി കറിയില്‍ ചേര്‍ത്തല്ല കഴിക്കുന്നത്. കുടംപുളി ചേര്‍ക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ ഒന്നുംതന്നെ അവര്‍ക്ക് ഇല്ലതാനും. അതുകൊണ്ടു കുടംപുളിയിലെ ഗുണകരമായ സത്ത് വേര്‍തിരിച്ചെടുത്തു ക്യാപ്‌സൂളുകളാക്കി മാറ്റി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. കുടംപുളി ക്യാപ്‌സൂള്‍ ഉത്പാദനരംഗത്തേക്കു നിരവധി വമ്പന്‍മാര്‍ കടന്നുവന്നുകഴിഞ്ഞു.

കുടംപുളിയില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണു ഹൈഡ്രോസിട്രിക് ആസിഡ് (എച്ച്‌സിഎ).  ശരീരഭാരം കുറയ്ക്കുന്നതിന്റെ വേഗം ഇരട്ടിയോ മൂന്നിരട്ടിയോ ആക്കാന്‍ ഈ ഘടകത്തിനു കഴിയുമെന്നാണ് ഈ രംഗത്തു പഠനം നടത്തിയവര്‍ അവകാശപ്പെട്ടിരിക്കുന്നത്. ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും ചെയ്യുന്ന ഒരാള്‍ക്ക് എച്ച്‌സിഎ (കുടംപുളി സത്ത്) ഉപയോഗിക്കുന്നതിലൂടെ ഒരു മാസംകൊണ്ടു നാലു പൗണ്ട് (രണ്ടു കിലോയോളം) വരെ ഭാരം കുറയുമത്രേ.

ഹൈഡ്രോസിട്രിക് ആസിഡ് (എച്ച്‌സിഎ) ശരീരത്തില്‍ കൊഴുപ്പ് രൂപപ്പെടുന്നതിനെ തടയുമെന്നു പഠനം പറയുന്നു. സാധാരണയായി നമ്മുടെ ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ്‌സ്, ഷുഗര്‍ തുടങ്ങിയവ മുഴുവനായി ഉപയോഗിക്കപ്പെടുന്നില്ല. ശരീരത്തില്‍ ശേഖരിക്കപ്പെടുന്ന ഇവ വൈകാതെ കൊഴുപ്പായി മാറ്റപ്പെടുന്നു. എന്നാല്‍, എച്ച്‌സിഎ പുറപ്പെടുവിക്കുന്ന ഒരു എന്‍സൈം ഇങ്ങനെ കൊഴുപ്പു രൂപപ്പെടുന്നതിനെ തടയുന്നു.

അതുപോലെ ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍), ട്രൈഗ്ലിസറൈഡ്‌സ് എന്നിവയുടെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ തലച്ചോറിലെ സെറോറ്റോനിണിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്നതിലൂടെ ഉന്മേഷം കൂട്ടാനും കുടംപുളി ഉപകാരപ്പെടുമെന്നു പഠനം നടത്തിയവര്‍ പറയുന്നു. അമിതവിശപ്പ് അനുഭവപ്പെടുന്നവര്‍ക്കും കുടംപുളി സഹായകമാണ്. യുഎസ്എയിലെ പ്രശസ്തയായ ഒരു ഡയറ്റ് കോളമിസ്റ്റ് മില്ലര്‍, കുടംപുളിയെ ഒരു സൂപ്പര്‍ ഭക്ഷണമായാണു വിശേഷിപ്പിച്ചത്.

കുടംപുളിയെ ശരീരഭാരം കുറയ്ക്കാന്‍ ഇന്നുവരെ കണ്ടെത്തിയ പ്രകൃതിദത്ത ഔഷധങ്ങളിലെ അദ്ഭുതമെന്നാണു ഡോ. ഓസ് കുടംപുളിയെ വിശേഷിപ്പിച്ചിരിക്കുന്നത്. കുടംപുളി സത്ത് ഉപയോഗിച്ച് ശരീരഭാരം കുറച്ചവരുടെ അനുഭവകഥകള്‍ ഇന്റര്‍നെറ്റില്‍ ദിനംപ്രതി പെരുകുന്നു. വമ്പന്‍ കമ്പനികള്‍ സെലിബ്രിറ്റികളും സാധാരണക്കാരും ഉള്‍പ്പെടെയുള്ളവരുടെ അനുഭവസാക്ഷ്യങ്ങള്‍ക്കു പ്രചാരം നല്കുന്നുമുണ്ട്.   

ഇന്തോനേഷ്യയാണു കുടംപുളിയുടെ ജന്മദേശമെന്നു കരുതുന്നു. ഇന്ത്യയിലും വടക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയിലും വളരുന്ന വൃക്ഷത്തിന്റെ പഴമാണു കുടംപുളി (ഗാര്‍സീനിയ കംപോഗ്യ, തമരിന്‍ഡ്). തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ചില ഭക്ഷ്യവിഭവങ്ങളില്‍ ഇത് അവിഭാജ്യ ഘടകമാണ്. പ്രധാനമായും കറികളിലും ചട്‌നികളിലുമാണു കുടംപുളി ചേര്‍ക്കുന്നത്. മീന്‍ കറിവയ്ക്കാനും സൂക്ഷിക്കാനും ഇതുപയോഗിക്കുന്നു. മലേഷ്യയിലെ ചില ഗ്രാമങ്ങളില്‍ ശരീരഭാരം കുറയ്ക്കുന്നതിനു കുടംപുളി ഉപയോഗിച്ചു തയാറാക്കുന്ന ഒരിനം സൂപ്പ് ഭക്ഷണത്തിനു മുമ്പു കഴിക്കാറുണ്ട്.  

നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പലരും കുടംപുളി മരങ്ങള്‍ വെട്ടി മാറ്റിക്കൊണ്ടിരിക്കുകയാണ്. വിദേശത്തെ എരിവും പുളിയുമുള്ള കുടംപുളി വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒന്നു പറയാം, പറമ്പിലെ കുടംപുളി ഉടന്‍ വെട്ടിമാറ്റാന്‍ വരട്ടെ... കുടംപുളി മാത്രമല്ല, കേരളത്തിലും മറ്റും പലരും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ളവയ്ക്കും സുരക്ഷിത എണ്ണ എന്ന നിലയില്‍ വിദേശത്തു പ്രിയമേറിവരികയാണ്.