Donnerstag, 14. Juni 2012

ചങ്ങനാശ്ശേരിയുടെ വികസനത്തില്‍ എഫ്‌.ഒ.സി യുടെ പങ്ക്‌
അഥവാ ചങ്ങനാശ്ശേരിയുടെ വികസനം നമ്മുടെ സ്വപ്നം.



സ്വപ്നങ്ങളില്ലാത്തവരും സ്വപ്നങ്ങള്‍ കാണാത്തവരും ഉണ്ടാകുമെന്നു തോന്നുന്നില്ല. സാധാരണ സ്വപ്നങ്ങളിലൊക്കെ ആ വ്യക്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും ദര്‍ശിക്കുക. എന്നാല്‍ ജന്മനാടിനെക്കുറിച്ച്‌ സ്വപ്നം കാണുകയെന്നത്‌ ഒരപവാദ പ്രസ്താവനയോ അനന്യസംഭവ്യമായ വസ്തുതയോ അല്ല തന്നെ. സ്വദേശത്തും വിദേശത്തുമുള്ള വളരെയധികം ദേശസ്നേഹികള്‍ ജന്മദേശത്തിന്റെ വികസനം സ്വ്പനം കാണാറുണ്ട്‌. ജന്മനാടിന്റെ അഭിവൃദ്ധിക്കായി വളരെയധികം പ്രവര്‍ത്തിക്കുകയും വിലയേറിയ സംഭാവനകള്‍ നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്ന നിരവധിയാളുകള്‍ നമുക്ക്‌ മാതൃകയും പ്രചോദനവുമാണ്‌. സ്വന്തം കുടുംബത്തിന്റെ അഭിവൃദ്ധിയും ഐശ്വര്യവും മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്വാര്‍ത്ഥമതികളായവരെ നമുക്ക്‌ മാതൃകയാക്കാനാകില്ല. സ്വന്തം കുടുംബത്തിന്റെ ശ്രേയസ്സിനൊപ്പം തന്നെ നാടിന്റെ കൂടി ഐശ്വര്യവും അഭിവൃദ്ധിയും ലക്ഷ്യമാക്കുന്നവരാണ്‌ അനുകരണീയരായവര്‍.

സ്വന്തം കുടുംബത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്നവരായിരുന്നെങ്കില്‍ മഹാന്മാരായ ദേശസ്നേഹികള്‍ നമുക്കന്യമായിത്തീരുമായിരുന്നു. ലോകത്തെമ്പാടും ധാരാളം മഹാന്മാരെ നമുക്ക്‌ ചൂണ്ടിക്കാണിക്കാനൊക്കും. എന്നാല്‍ ഒരൊറ്റ മഹദ്‌ വ്യക്ത്യയെ മാത്രം മാതൃകയായെടുത്ത്‌ പ്രതിപാദിക്കാനാഗ്രഹിക്കുന്നു. അതു മറ്റാരുമല്ല, നമ്മുടെ രഷ്ട്രപിതാവായ മഹാത്മഗാന്ധി തന്നെ. വെറും മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയെന്ന കുടുംബസ്ഥനായ സാധാരണ വ്യക്തി കുടുംബത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ നിന്നുമും പുറത്തുവരുന്ന കാഴ്ചയാണ്‌ നമുക്കു കാണാന്‍ സാധിക്കുന്നതു്‌. അദ്ദേഹം ഭാരത ചരിത്രം മാറ്റിമറിച്ചു. മറിച്ചായിരുന്നൈങ്കില്‍, കസ്തൂര്‍ബായുടെയും മക്കളുടെയും മാത്രമായ കുടുംബത്തിന്റെ നാലതിരുകളില്‍ തറക്കപ്പെട്ടവനായിരുന്നെങ്കില്‍, ചുമരുകള്‍ക്കുള്ളില്‍ ബന്ധനസ്ഥനായിരുന്നെങ്കില്‍ ഇന്‍ഡ്യയുടെ ചരിത്രവും ഗതിയും മറ്റൊന്നാകുരുമായിരുന്നു. എന്നാല്‍ അദ്ദേഹം ഭാരതത്തിന്റെ നൊമ്പരങ്ങള്‍ സ്വന്തം നൊമ്പരങ്ങളായി അനുഭവിച്ചറിഞ്ഞ്‌, ഭാരതത്തിന്റെ സ്വപ്നങ്ങള്‍ സ്വന്തം സ്വപ്നമായി കണ്ടറിഞ്ഞ്‌ തന്റെ ബന്ധനങ്ങള്‍ അറത്തു മുറിച്ച്‌ ഭാരതാംബയില്‍ ജന്മമെടുത്തു്‌ അവതരിക്കുകയായിരുന്നു. തുടര്‍ന്നുള്ള ചരിത്രത്തിന്റെയും സംഭവഗതികളൂടെയുമൊപ്പം നാമും സഞ്ചരിക്കുന്നതുകൊണ്ട്‌ പ്രത്യേകം എടുത്തു പ്രസ്താവിക്കേണ്ടതുണ്ടെന്നു കരുതുന്നില്ല

ഇവിടെ നിന്നു നമുക്കു തുടങ്ങാം . ജന്മനാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നമുക്കൊരു സുന്ദരസ്വപ്നത്തിന്റെ സുഖം പകരുമെങ്കില്‍ ദേശസ്നേഹത്തിന്റെ ബീജം നമ്മിലന്തര്‍ഭവിച്ചിട്ടുണ്ടെന്നു സംശയലേശമെന്യേ നമുക്ക പറയാം. അതു നമ്മില്‍ കുടികൊള്ളുന്നുവെങ്കില്‍ ദേശസ്നേഹത്തിന്റെ അര്‍ത്ഥം കണ്ടറിയാന്‍ ഭഗീരഥ പ്രയത്നത്തിന്റെ ആവശ്യമില്ല. ജന്മദേശത്തെ സ്നേഹിക്കുന്നവര്‍ ജന്മനാടിനെ സ്നേഹിക്കുന്നു, മാതൃരാജ്യത്തെ സ്നേഹക്കുന്നു. ഒരു രാജ്യമെന്നാല്‍ വെറും മണ്ണു മാത്രമല്ല, അതു മാത്രമാണെങ്കില്‍ ഒരു രാജ്യമെന്ന പദവിക്ക്‌ അര്‍ഹമാകുന്നില്ല. പ്രത്യുത, ഒരു ഭൂവിഭാഗത്തില്‍ അധിവസിക്കുന്ന ജനങ്ങളാണ്‌, ജനസഞ്ചയമാണ്‌ ഒരു രാഷ്ട്രത്തിന്റെ പദവിയെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം. ജനങ്ങളില്ലാാ‍ത്ത ഭൂവിഭാഗം രാജ്യമെന്ന പദവിക്ക്‌ അര്‍ഹമാകുന്നില്ല. അങ്ങനെയിരിക്കെ, ആ രാജ്യത്തിലെ ജനങ്ങളുടെ ഉല്‍ക്കര്‍ഷമാണ്‌ രാജ്യത്തിന്റെ അഭിവൃദ്ധി. അതായതു്‌ രാജ്യത്തിന്റെ ശ്രേയസ്സ്‌ എന്നാല്‍ ജനങ്ങളുടെ ശ്രേയസ്സ്‌ എന്നര്‍ത്ഥം.

ജനങ്ങളില്‍ ഭൂരിപക്ഷവും ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും അനുബന്ധ പ്രശ്നങ്ങളിലും നട്ടം തിരിയുന്നോരവസ്ഥയില്‍ ഒരു രാജ്യം സമ്പന്നമെന്ന്‌ ഒരിക്കലും പറയാനാകില്ല. രാജ്യത്തിന്റെ യൂണിറ്റുകളെന്നു വിശേഷിപ്പിക്കാവുന്ന നാടുകളുടെയും ഗ്രാമങ്ങളുടെയും ചെറുനഗരങ്ങളുടെയും അഭിവൃദ്ധി, സുഭിക്ഷിത, സ്വയംപര്യാപ്തത എന്നിവ ഭാഗികമായെങ്കിലും കൈവരിക്കാനായാല്‍ രാജ്യം പുരോഗതിയുടെ പാതയിലാണെന്നു കരുതാം.

കഴിഞ്ഞ അറുപതു വര്‍ഷക്കാലം കൊണ്ട്‌ ഇന്ത്യ വിവിധ മേഖലകളില്‍ വളരെയേറെ പുരോഗതി കൈവരിച്ചു കഴിഞ്ഞതായി സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ഇന്‍ഫോസിസ്‌ സോഫ്റ്റ വേര്‍ കമ്പനി സ്ഥാപകന്‍ എന്‍. ആര്‍ നാരായണമൂര്‍ത്തി പറഞ്ഞു. "ഇന്‍ഡ്യ ലോകോത്തര നിലവാരത്തിലുള്ള ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും പത്രപ്രവര്‍ത്തകരെയും പട്ടാളക്കാരെയും രാഷ്ട്രീയക്കാരെയും ഡോക്ടര്‍മാരെയും സൃഷ്ടിച്ചു. എങ്കിലും ഇനിയും ഇന്‍ഡ്യക്ക്‌ ഏറെ മുന്നേറുവാനുണ്ട്‌. രാജ്യ ത്തെ 350 മില്യണ്‍ ജനങ്ങള്‍ നിരക്ഷരരാണ്‌. 250 മില്യണ്‍ ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്‌. 150 മില്യണ്‍ ജനങ്ങള്‍ക്ക്‌ ശുദ്ധജലം ലഭിക്കുന്നില്ല. 750 മില്യണ്‍ ജനങ്ങള്‍ക്ക്‌ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളില്ല" -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈയൊരു ചിന്തയില്‍ നമ്മുടെ ദേശത്തിന്റെ, ജന്മനാടിന്റെ വികസന പ്രക്രിയയില്‍ ഭാഗഭാക്കാകാം. ഈ വിധത്തിലൊരു ചിന്താധാരക്ക്‌ "ഫ്രണ്ടസ്‌ ഓഫ്‌ ചങ്ങനാശ്ശേരി"യുടെ ജന്മം മറ്റു ദേശക്കാര്‍ക്കും പ്രചോദകമായെന്നതു്‌ അഭിമാനപൂര്‍വം പ്രസ്താവിക്കട്ടെ. നഗരവും ഗ്രാമങ്ങളും ചേര്‍ന്ന ചങ്ങനാശ്ശേരിയെന്ന പ്രദേശത്തിന്റെ നിര്‍ണ്ണയാതീതമായ നിരവധി ആവശ്യങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും നമുക്ക്‌ കടന്നൂ ചെല്ലാം. ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന ചങ്ങനാശ്ശേരിക്കാര്‍ക്ക്‌ നാടിന്റെ ആവശ്യങ്ങളെല്ലാം നിവൃത്തിയാക്കാമെല്ലോ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്നോ ഉള്ള അഹന്തയുണ്ടെന്നു തോന്നുന്നില്ല. ചങ്ങനാശ്ശേരിയുടെ വികസനത്തില്‍ നഗര, ഗ്രാമ സ്വയംഭരണ സ്ഥാപനങ്ങള്‍, ചങ്ങനാശ്ശേരിയിലെ ചെറുതും വലുതുമായ പ്രസ്ഥാനങ്ങള്‍, നിരവധിയായ സംഘടനകള്‍ എന്നിവയോടൊപ്പം ചങ്ങനാശ്ശേരിയിലെ പൗരാവലിയുമായി ചേര്‍ന്നു ചിന്തിക്കാനും പ്രശ്നപരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും പ്രവാസികളായ ചങ്ങനാശ്ശേരിക്കാര്‍ സന്നദ്ധരാണ്‌. വികസന പദ്ധതികള്‍ തയ്യാറാകുകയും പ്രാവര്‍ത്തികമാകുകയും ചെയ്യുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരും സ്വയംഭരണ സ്ഥാപനങ്ങളും വഹിക്കേണ്ടതാണ.്‌

ചങ്ങനാശ്ശേരിയുടെ വളര്‍ച്ചക്ക്‌ വിഘാതമായി നില്‍ക്കുന്ന നിരവധി ഘടകങ്ങളുണ്ട്്‌. അവയില്‍ ചിലതിനെങ്കിലും പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു. അടിയന്തിര പരിഗണനയര്‍ഹിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ചങ്ങനാശ്ശേരിയെ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ സാമാജികന്റെയും നഗരസഭയുടെയും ഗ്രാമപഞ്ചായത്തുകളുടെയും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പൗരാവലിയുടെയും ശ്രദ്ധക്കും പരിഗണനയ്ക്കുമായി സമര്‍പ്പിക്കുന്നു.

1. പ്രഥമവും പ്രാധാന്യമേറിയതുമായ നിര്‍ദ്ദേശം ചങ്ങനാശ്ശേരിയിലെ റോഡുകളെക്കുറിച്ചാണ്‌. ഏതൊരു രാജ്യത്തിന്റെയും ദേശത്തിന്റെയും വളര്‍ച്ചക്ക്‌ അത്യന്താപേക്ഷിതമായ അടിസ്ഥാനഘടകമായ ഒന്നാണ്‌ ഗതാഗത യോഗ്യമായ റോഡുകള്‍. വളരെ ശോചനീയവും അപര്യാപ്തവുമായ റോഡുകള്‍ ചങ്ങനാശ്ശേരിയിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്‌. വര്‍ഷങ്ങള്‍ ഏറെയായിട്ടും പ്രശ്നങ്ങള്‍ പരിഹരിച്ച്‌ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പെരുംതുരുത്ത്‌ വാഴപ്പള്ളിച്ചിറ ബൈപാസ്സ്‌, തിരുവല്ലയില്‍ നിന്നും നാലുകോടി, കുന്നുമ്പുറം, തെങ്ങണ, കഞ്ഞിക്കുഴി, വഴി ഏറ്റുമാനൂരെത്തുന്ന ബൈപാസ്സ്‌ എന്നിവയുടേ നിര്‍മ്മാണം എത്രയും വേഗം ആരംഭിച്ച്‌ പൂര്‍ത്തിയാക്കുക. മനയ്ക്കല്‍ചിറയിലെ ഏസി റോഡില്‍ നിന്നു തുടങ്ങി വാഴപ്പള്ളിച്ചിറയില്‍ എം.സി റോഡില്‍ എത്തിച്ചേരുന്ന നിര്‍ദ്ദിഷ്ട ബൈപാസ്സിന്റെ നിര്‍മ്മാണത്തിനുള്ള നടപടികള്‍ എത്രയും വേഗം കൈക്കൊള്ളുക.

2.എല്ലാ പഞ്ചായത്തുകളില്‍ നിന്നും ചങ്ങനാശ്ശേരി നഗരത്തിലേക്കുള്ള ലിങ്ക്‌ റോഡുകള്‍ വീതി വര്‍ദ്ധിപ്പിച്ച്‌ സഞ്ചാരയോഗ്യമാക്കുക.

3. കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്‌ എല്ലാ റോഡുകളിലും ഉയര്‍ത്തിക്കെട്ടിയ ഫുട്ട്‌ പാത്തുകള്‍ നിര്‍മ്മിക്കുക.

4. പെരുന്നയില്‍ നിന്നു തുടങ്ങി പുഴവാത്‌, വട്ടപ്പള്ളി, കാക്കാംതോട്‌, വാഴപ്പള്ളി, മതുമൂല, മോര്‍ക്കളങ്ങര, ആനന്ദാശ്രമം, പാറേല്‍പള്ളി കിണര്‍ ജംഗ്ഷന്‍ വഴി ഫാത്തിമാപുരത്തെത്തി അവിടെ നിന്ന്‌ പെരുന്നയിലെത്തുന്ന റോഡ്‌ വികസിപ്പിച്ച്‌ ചങ്ങനാശ്ശേരിയിലെ ഒരു പ്രധാന റിംഗ്‌ റോഡാക്കുക.

5. അതുപോലെ തന്നെ, പായിപ്പാട്‌, തൃക്കൊടിത്താനം, മാടപ്പള്ളി, കുറിച്ചി, വാഴപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട്‌ ഒരു റിംഗ്‌ റോഡ്‌ പദ്ധതി നടപ്പിലാക്കുക.

6. റോഡുകളുടെ നിര്‍മ്മാണത്തിനെന്നപോലെ തന്നെ മറ്റു വികസന പ്രവര്‍ത്തനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിനുമായി നഗരസഭയും ചങ്ങനാശ്ശേരിയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നു്‌ ഒരു കണ്‍സോര്‍ഷ്യം (ree@i@@r^S@aa) രൂപീകരിച്ച്‌ സമവായത്തിനു വഴിതുറക്കുക.

7. നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലേയും മാലിന്യ നിക്ഷേപങ്ങള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ വിദേശസഹായം ഉള്‍പ്പടെയുള്ളവ ലഭ്യമാക്കി ഒരു മാലിന്യസംസ്കരണകേന്ദ്രം സ്ഥാപിക്കുന്നതിന്‌ എം.എല്‍.എ യും നഗരസഭയും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക.

8. പ്രകൃതിദത്തമായ കുളങ്ങളും ഇതര ജലാശയങ്ങളും നികത്തി സൗധങ്ങള്‍ പണുതു്‌ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക്‌ വഴിവയ്ക്കുന്നതും പ്രകൃതി രമണീയതക്കു്‌ കോട്ടം വരുത്തുന്നതുമായ നടപടികളില്‍ നിന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പിന്മാറണമെന്ന്‌ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

9. വേലുത്തമ്പി ദളവ സ്ഥാപിച്ച അഞ്ചുവിളക്കിന്റെ പൗരാണികത്വം നഷ്ടമാക്കി ആധുനികവല്‍ക്കരണം നടത്തിയതിനു പരിഹാരമായി അതിന്റെ പൗരാണികത്വം പുന:സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന്‌ എം.എല്‍.എ യോടും നഗരസഭയോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

10. ചങ്ങനാശ്ശേരി ബോട്ടുജട്ടി നവീകരിക്കുകയും മനയ്ക്കല്‍ചിറയില്‍ ബോട്ടുജട്ടി സ്ഥാപിക്കുകയും ജലഗതാഗതത്തിനു തടസ്സമായി തോടുകള്‍ക്കു കുറുകെ നിര്‍മ്മിച്ചിട്ടുള്ള എല്ലാ ബണ്ടുകളും പൊളിച്ചുനീക്കി പകരം മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത്‌ ജലഗതാഗതം സുഗമമാക്കി ടൂറിസവികസനം സാദ്ധ്യമാക്കൂക.

11. ചങ്ങനാശ്ശേരിയിലെ നിര്‍ദ്ദിഷ്ട സ്പോര്‍ട്സ്‌ സ്റ്റേഡിയം ഒരു യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ ബന്ധപ്പെട്ട അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്‌ ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു.

Keine Kommentare:

Kommentar veröffentlichen