Donnerstag, 28. Juni 2012

 

 

കുടുംബജീവിത വിശുദ്ധിക്ക് ഉത്തമ മാതൃക

 

 ഫാ. സിബിച്ചന്‍ പുതിയിടം കപ്പൂച്ചിന്‍ (പോസ്റുലേറ്റര്‍)

നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന ഈശോയുടെ വചനം സകല പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനമാണ്‌. ദൈവസ്നേഹത്തിന്റെ ജീവിക്കുന്ന അടയാളങ്ങളാവാന്‍, നന്മചെയ്തു കടന്നുപോകാന്‍ വിളിക്കപ്പെട്ടവരാണു ക്രിസ്തുവിന്റെ പ്രേഷിതര്‍. മാമ്മോദീസയിലൂടെ സഭയിലെ അംഗങ്ങളാകുന്ന എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്ന സാര്‍വത്രിക വിളിയാണത്‌. വൈദികര്‍ക്കും സന്യസ്ഥര്‍ക്കും മാത്രമായി മാറ്റിവയ്ക്കപ്പെട്ട ഒന്നല്ല. ഈ വസ്തുത അതിന്റെ പൂര്‍ണതയില്‍ മനസിലാക്കി കേരളസഭയെ പ്രകാശിപ്പിച്ച ആത്മീയ തേജസായിരുന്നു കേരള അസീസി എന്ന വിശേഷണത്തിനു യോഗ്യത നേടിയ പുണ്യശ്ലോകനായ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍.
ആത്മീയതയുടെ നിറവും പുണ്യപൂര്‍ണതയും ജീവിതവിശുദ്ധിയും പ്രത്യേക സമര്‍പ്പിത ജീ വിതം നയിക്കുന്നവരുടേതാണെ ന്നും കുടുംബജീവിതക്കാരായ അല്‍മായര്‍ക്ക്‌ അത്‌ അന്യവും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഒന്നുമാണെന്ന തെറ്റിദ്ധാരണ തിരുത്തിയ പുണ്യാത്മാവാണ്‌ അദ്ദേഹം. കുടുംബ ജീവിതം നയിക്കുന്ന അല്‍ മായ സഹോദരങ്ങള്‍ക്കും വിശുദ്ധി പ്രാപിക്കാമെന്നതിന്‌ ഏറ്റവും വലിയ തെളിവാണു തൊമ്മച്ചന്‍.

1836 ജൂലൈ എട്ടിന്‌ പുത്തന്‍പറമ്പില്‍ പീലിപ്പോസ്‌-ത്രേസ്യാമ്മ ദമ്പതികളുടെ മകനായി തൊമ്മച്ചന്‍ ജനിച്ചു. കുഞ്ഞിനു രണ്ടര വയസുള്ളപ്പോള്‍ പിതാവ്‌ മരിച്ചു. ഏകമകനെ ജീവിതവിശുദ്ധിയിലും വിശ്വാസത്തിലും വളര്‍ത്തി ആത്മീയതയുടെയും പുണ്യജീവിതത്തിന്റെയും വിത്ത്‌ തൊമ്മച്ചന്റെ ഹൃദയത്തില്‍ വിതച്ചത്‌ അമ്മ തന്നെയായിരുന്നു. ചെറുപ്രായത്തില്‍ത്തന്നെ തൊമ്മച്ചന്‍ എഴുത്തും വായനയും സ്വായത്തമാക്കി. ആത്മീയതയോട്‌ താത്പര്യം പ്രകടിപ്പിച്ച തൊമ്മച്ചന്‍ ഒരു സന്യാസിയായി പ്രേഷിതപ്രവര്‍ത്തനം നട ത്താന്‍ ആഗ്രഹിച്ചു. വിധവയായ അമ്മ ഒരു ഭക്തയായിരുന്നെങ്കിലും ഏകമകനെ സന്യാസത്തിനു വിടുന്നതില്‍ അവര്‍ക്കു പ്രയാസമുണ്ടായിരുന്നു.

ഏറെ വിചിന്തനത്തിനുശേഷം, അമ്മയ്ക്ക്‌ താങ്ങും തണലുമാകാന്‍ തീരുമാനിച്ച്‌ തൊമ്മച്ചന്‍ വിവാഹജീവിതത്തിനു സമ്മതം മൂളി. ഇരുപതാം വയസിലെ വിവാഹം അക്കാലത്തു വൈകിയുള്ള ഒന്നായിരുന്നു. കുടുംബജീവിതത്തിലേ ക്കു പ്രവേശിച്ചപ്പോഴും ആത്മീയതയില്‍ വളരാനും പുണ്യപൂര്‍ണത പ്രാപിക്കാനും അദ്ദേഹം നിതാന്ത ജാഗ്രത പുലര്‍ത്തി.

തൊമ്മച്ചന്റെ ജീവിതവിശുദ്ധിക്കു രൂപവും ഭാവവും നല്‍കി പൂര്‍ണതയിലെത്തിച്ചത്‌ ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയായിരുന്നു. ഫ്രാന്‍സിസ്കന്‍ മൂന്നാംസഭ അഥവാ ഫ്രാന്‍സിസ്കന്‍ അല്‍മായ സഭ റോമന്‍ കത്തോലിക്കാസഭയുമായി ഐക്യത്തിലുള്ള എല്ലാ റീത്തിലും പെട്ടതും, അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ചൈതന്യം സ്വീകരിച്ചുകൊണ്ടു ക്രിസ്തുവിനെ ഈ ലോകത്തില്‍ അനുഗമിക്കുന്നവരുമായ സ്ത്രീപുരുഷന്മാരുടെ അല്‍മായ സമൂഹമാണ്‌.

വിശുദ്ധ ഫ്രാന്‍സിസിന്റെയും ആദ്യകാല അനുയായികളുടെയും ജീവിതവും പ്രസംഗവും സഭയില്‍ വലിയ ചലനങ്ങളുണ്ടാക്കി. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി ഫ്രാന്‍സിസ്‌ ഒന്നും രണ്ടും സന്യാസസഭകള്‍ സ്ഥാപിച്ചു. ഈ ലോകജീവിതത്തിന്റെ നശ്വരത ബോധ്യപ്പെട്ട പലരും തങ്ങളുടെ ദാമ്പത്യജീവിതം ഉപേക്ഷിച്ച്‌ ഫ്രാന്‍സിസ്‌ സ്ഥാപിച്ച ഒന്നും രണ്ടും സഭകളിലെ അംഗങ്ങളാകാന്‍ ആഗ്രഹിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ അരികിലെത്തി. എന്നാല്‍, കുടുംബം ഉപേക്ഷിച്ചുകൊണ്ടുള്ള മാനസാന്തരവും സുവിശേഷ പ്രഘോഷണവുമല്ല ഫ്രാന്‍സിസ്‌ അവര്‍ക്കു നിര്‍ദേശിച്ചത്‌. തങ്ങളായിരിക്കുന്ന ജീവിതാവസ്ഥയില്‍ ലോകത്തെ പൂര്‍ണമായി ഉപേക്ഷിക്കാതെ കുടുംബത്തിലും ജോലിസ്ഥലത്തും ക്രിസ്തുവിന്റെ സുവിശേഷത്തിനു സാക്ഷികളാകാന്‍ സഹായിക്കുന്നതിന്‌ അവര്‍ക്കുവേണ്ടി മൂന്നാംസഭ സ്ഥാപിച്ചു.

തൊമ്മച്ചന്‍ ചെറുപ്പം മുതല്‍ കാത്തുസൂക്ഷിച്ച ആത്മീയതയും വിശ്വാസതീക്ഷ്ണതയും കൂടുതല്‍ പ്രത്യക്ഷവും വ്യത്യസ്തതയുമുള്ള രൂപം സ്വീകരിച്ചത്‌ അദ്ദേഹ ത്തിന്‌ 28 വയസായപ്പോഴാണ്‌. അതിന്റെ ഫലമായി തന്നോടൊപ്പം ചിന്തിക്കുന്ന സുഹൃത്തുക്കളുമൊത്ത്‌, അരയില്‍ പരിത്യാഗത്തിന്റെ അടയാളമായി കയര്‍ കെട്ടി, ഒരു സം ഘം രൂപീകരിച്ചു. തികച്ചും ആ ത്മീയകാര്യങ്ങളിലൂന്നി അതിനുതകുന്ന വ്യവസ്ഥകളോടെയാണ്‌ ഈ സംഘം പ്രവര്‍ത്തിച്ചത്‌. വിശുദ്ധ ഫ്രാന്‍സിസിന്‌ അദ്ദേഹത്തിന്റെ മാനസാന്തരത്തിന്റെ ആരംഭത്തില്‍ സംഭവിച്ചതുപോലെ, തൊമ്മച്ചന്റെ കയറുകെട്ടിയ സംഘവും പരിഹാസത്തിന്‌ ഇരയായി.

1868 ഡിസംബര്‍ ആറിന്‌ വിശുദ്ധ എസ്താപ്പാനോസിന്റെ തിരുനാള്‍ദിനം കുറുമ്പനാടം പള്ളിയില്‍വച്ച്‌ പാലാക്കുന്നേല്‍ മത്തായി മറിയം അച്ചന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‌ നീണ്ട സഭാവസ്ത്രവും ചരടും നല്‍കി. അങ്ങനെ തൊമ്മച്ചന്‍ ഫ്രാന്‍സിസ്കന്‍ മൂന്നാംസഭയില്‍ അംഗമാവുകയും കേരളത്തില്‍ ഫ്രാന്‍സിസ്കന്‍ മൂന്നാംസഭയ്ക്കു തുടക്കക്കാരനാവുകയും ചെയ്തു. അദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ച്‌ മൂന്നാംസഭ പ്രചരിപ്പിക്കുകയും നിരവധി പേരെ മൂന്നാംസഭയില്‍ ചേര്‍ക്കുകയും ചെയ്തു. അസീസിയിലെ ഫ്രാന്‍സിസിന്റെ ചൈതന്യം പൂര്‍ണമായി ഉള്‍ക്കൊണ്ട ഈ കേരള കര്‍ഷകന്‍ കേരള അസീസിയായി ഇന്നറിയപ്പെടുന്നു.

കേരള സഭയിലെ ആദ്യത്തെ കുടുംബ പ്രേഷിതനാണു തൊമ്മച്ചന്‍. സ്വന്തം കുടുംബജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ടാണ്‌ അദ്ദേഹം കുടുംബ പ്രേഷിതവേലയില്‍ പങ്കുചേര്‍ന്നത്‌. സ്വന്തം കുടുംബത്തോടുള്ള പ്രാഥമിക ഉത്തരവാദിത്വങ്ങളില്‍ അദ്ദേഹം ഒരു വീഴ്ചയും വരുത്തിയില്ല. ദൈവത്തിന്റെ ദാനമായ മക്കള്‍ക്കുവേണ്ട വിദ്യാഭ്യാസം നല്‍കി അവരെ അവരുടെ വിളിക്കനുസരിച്ചുള്ള ജീവിതാന്തസിലേക്കു നയിച്ചു. ധനത്തോട്‌ ആസക്തി കാണിക്കാതെ ജീവിതാവശ്യത്തിന്‌ ആവശ്യമായതുമാത്രം ചെലവാക്കി. പ്രായപൂര്‍ത്തിയായ മകനു യഥാകാലം ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചുകൊടുത്തു. സ്വജീവിതത്തില്‍ കാത്തുസൂക്ഷിച്ച ജീവിതവിശുദ്ധിയും മാതൃകയും, മറ്റു കുടുംബങ്ങളിലെ കലഹങ്ങളും വ്യക്തിവിദ്വേഷങ്ങളും രമ്യതയിലെത്തിക്കുന്നതിന്‌ അദ്ദേഹത്തെ സഹായിച്ചു. സാരോപദേശത്തിലൂടെയും പ്രാര്‍ഥനയിലൂടെയും മദ്യപാനികളെ മാനസാന്തരത്തിലേക്കു നയിച്ചു.

19-ാ‍ം നൂറ്റാണ്ടില്‍, കേരള സമൂഹത്തിലെ ദളിതരായ സഹോദരങ്ങളിലേക്കു രക്ഷയുടെ സുവിശേഷം എത്തിക്കേണ്ടതു തന്റെ കടമയും കര്‍ത്തവ്യവുമാണെന്നു തൊമ്മച്ചന്‍ മനസിലാക്കി. ദളിത്‌ സഹോദരങ്ങളുടെ വീടുകളിലേക്കു കടന്നുചെല്ലാനും അവരോടൊത്തു ഭക്ഷണം കഴിക്കാനും സുവിശേഷം പ്രസംഗിക്കാനും തൊമ്മച്ചനിലെ ദൈവസ്നേഹം അദ്ദേഹത്തെ പ്രാപ്തനാക്കി. അവര്‍ക്കായി വിദ്യാലയം സ്ഥാപിച്ചു. ഇക്കാര്യത്തില്‍ ഏല്‍ക്കേണ്ടിവന്ന എല്ലാ നിന്ദനങ്ങളും പരിഹാസങ്ങളും അദ്ദേഹം ദൈവസ്നേഹത്തെ പ്രതി ക്ഷമയോടെ സഹിച്ചു.

പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ സഭയോടും അധികാരികളോടും വിധേയപ്പെട്ടാണു ജീവിച്ചത്‌. ഒരാളുടെ വിശുദ്ധിയുടെ മാറ്റുരയ്ക്കുന്ന നിമിഷങ്ങളാണ്‌ അകാരണവും നീതിരഹിതവുമായ വിധികള്‍ക്കും ശിക്ഷകള്‍ക്കും വിധേയപ്പെടുന്ന നിമിഷങ്ങള്‍.

ഇത്തരത്തില്‍ തൊമ്മച്ചനും തന്റെ ജീവിതവിശുദ്ധി തെളിയിക്കുന്നതിന്‌ അവസരം ലഭിച്ചു. ചില കള്ളപ്പരാതികളുടെ ഫലമായി 1873ല്‍ ലെണാര്‍ദ്‌ മെത്രാപ്പോലീത്ത തൊമ്മച്ചനു പള്ളിവിലക്ക്‌ കല്‍പ്പിച്ചു പുറത്തു നിര്‍ത്തി. തൊമ്മച്ചന്‍ ഇതിനെതിരേ യാതൊരു പരാതിയും പ്രതിഷേധവും പ്രകടിപ്പിച്ചില്ല. സഭാപിതാവിന്റെ കല്‍പന പൂര്‍ണമായും അനുസരിക്കുകയും സഭയോടു വിധേയപ്പെട്ടു നില്‍ക്കുകയുമാണു ചെയ്തത്‌.

പരിശുദ്ധ ദൈവമാതാവിനോടു വലിയ ഭക്തിയുള്ള ആളായിരുന്നു തൊമ്മച്ചന്‍. ഒരുദിവസംപോലും അദ്ദേഹം കൊന്തനമസ്കാരം മുടക്കിയിരുന്നില്ല. ജീവിതവിശുദ്ധീകരണത്തിനു പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥവും സഹായവും ഏറെ ആവശ്യമാണെന്നു തൊമ്മച്ചന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ഭക്ത്യാഭ്യാസങ്ങളില്‍ ഒതുങ്ങുന്ന ഒന്നായിരുന്നില്ല. അന്യരുടെ ആവശ്യങ്ങളില്‍ അദ്ദേഹത്തിന്റെ കരം എപ്പോഴും എത്തിയിരുന്നു. കുട്ടനാട്ടില്‍ വസൂരി, കോളറ മുതലായവ പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ഭയവും മടിയും കൂടാതെ അവരെ സഹായിക്കാന്‍ തൊമ്മച്ചന്‍ തയാറായി. ജീവിതത്തില്‍ എപ്പോഴും ക്രിസ്തീയമായ നീതി പ്രവര്‍ത്തിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു.

അല്‍മായരുടെ ദൗത്യത്തെക്കുറിച്ച്‌ താരതമ്യേന ബാലിശമായ ധാരണകള്‍ പുലര്‍ത്തിയിരുന്ന ഒരു സമൂഹത്തില്‍ അസാധാരണമായ ക്രാന്തദര്‍ശിത്വത്തോടും പ്രവാചക സഹജമായ ധീരതയോടും സന്യാസോചിതമായ പരിത്യാഗബുദ്ധിയോടുംകൂടി സഭാത്മക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ മഹിമ തന്റെ യൗവനത്തിലും കുടുംബജീവിതത്തിന്റെ പ്രാരംഭത്തിലും ആരംഭിച്ച ആത്മീയ-അര്‍പ്പിത ജീവിതം മരണംവരെ കര്‍മോജ്വലമായി തുടര്‍ന്നു എന്നുള്ളതാണ്‌. കേരളത്തി ല്‍ താന്‍ ആരംഭിച്ച ഫ്രാന്‍സിസ്കന്‍ മൂന്നാംസഭ വിവിധ രൂപതകളിലായി ഏകദേശം 50 ഇടവകകളിലേക്കു വളര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു.

ഭാര്യയും രണ്ടു പെണ്‍മക്കളും ഒരു മകനും ഉള്‍പ്പെട്ട കുടുംബത്തിന്റെ തലവന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ക്കു പുറമെയാണ്‌ സാഭാത്മകമായ ചുമതലകള്‍ അദ്ദേഹം നിറവേറ്റിയത്‌. അല്‍മായര്‍ക്ക്‌ പ്രേഷിതവേലയിലുള്ള ഉത്തരവാദിത്വത്തെക്കുറിച്ച്‌ സഭയില്‍ത്തന്നെ വളരെക്കുറച്ച്‌ അവബോധം നിലനില്‍ക്കുമ്പോഴായിരുന്നു തൊമ്മച്ചന്‍ ഇത്രയേറെ പ്രവര്‍ത്തിച്ചത്‌.

കേരളത്തിലെ പ്രമുഖ സന്യാസിനി സഭയായ ദിവ്യകാരുണ്യ ആരാധനസഭ ആരംഭിച്ചതു തൊമ്മച്ചന്റെ കാലിത്തൊഴുത്തിലാണ്‌. തൊമ്മച്ചന്റെ ജീവിതചൈതന്യം ഉള്‍ക്കൊണ്ടാണു ഫ്രാന്‍സിസ്കന്‍ ക്ലാരസഭ കേരളത്തില്‍ സ്ഥാപിതമായത്‌.

യാത്രാസൗകര്യം തുലോം കുറവായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍, കാല്‍നടയായും വള്ളത്തിലും സഞ്ചരിച്ച്‌ കേരളത്തിലുടനീളവും തമിഴ്‌നാട്ടിലും ഫ്രാന്‍സിസ്കന്‍ ഭ്രാതൃത്വങ്ങള്‍ രൂപീകരിച്ച തൊമ്മച്ചന്റെ പരിശ്രമഫലമായാണ്‌ ആലപ്പുഴ-പൂന്തോപ്പ്‌, എരുമേലി-പഴയകൊരട്ടി, തമിഴ്‌നാട്‌-മാരായമുറ്റം എന്നീ ഇടവകസമൂഹ ങ്ങള്‍ രൂപപ്പെട്ടത്‌.

കേരളത്തിന്റെ ആധ്യാത്മിക സാമൂഹിക ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ തൊമ്മച്ചന്‍ 1908 നവംബര്‍ ഒന്നിന്‌ സ്വര്‍ഗപ്രാപ്തനായി. അനേകര്‍ക്ക്‌ ആശ്വാസമായി എടത്വ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയിലെ സെമിത്തേരിയില്‍ തൊമ്മച്ചന്റെ കബറിടം നിലകൊള്ളുന്നു. ഒരു നൂറ്റാണ്ട്‌ മുമ്പു മണ്‍മറഞ്ഞ ഈ പുണ്യപുരുഷന്‍ നമുക്കേവര്‍ക്കും മാതൃകയാവേണ്ടതാണ്‌.

Keine Kommentare:

Kommentar veröffentlichen