Donnerstag, 18. April 2013

Manorama Online | Home |

Manorama Online | Home |

പാടുന്ന പൈങ്കിളിക്ക്‌ ജന്‍മശതാബ്ദി
ജി. പ്രമോദ്‌
പൈങ്കിളിസാഹിത്യത്തിന്റെ പച്ചത്തുരുത്തിലെ പാടുന്ന പൈങ്കിളി മുട്ടത്തുവര്‍ക്കിക്ക്‌ ജന്‍മശതാബ്ദി. മലയാള നോവല്‍സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ്‌ മുട്ടത്തുവര്‍ക്കി . തന്റെ നോവലുകളിലൂടെയും കഥകളിലൂടെയും കാവ്യമാധുര്യമുള്ളൊരു കഥാപ്രപഞ്ചം സൃഷ്ടിച്ച്‌ അരനൂറ്റാണ്ടോളം കാലം അതിന്റെ നായകനായി വാണ എഴുത്തുകാരന്‍. നോവലും കഥയും നാടകവും വിവര്‍ത്തനവുമായി ഇരുന്നോറോളം കൃതികള്‍. പ്രേക്ഷകലക്ഷങ്ങളെ സൃഷ്ടിച്ച മൂപ്പത്തിയഞ്ചോളം സിനിമകളുടെ കഥകള്‍ സൃഷ്ടിച്ചത്‌ വര്‍ക്കിയുടെ നോവലുകളില്‍ നിന്നാണ്‌. മലയാളത്തിലെ ജനപ്രിയസാഹിത്യത്തിനു പൈങ്കിളിസാഹിത്യമെന്ന്‌ പേരുനേടിക്കൊടുത്ത്‌, ആ സാഹിത്യശാഖയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അഭിമാനിച്ച എഴുത്തുകാരന്‍. വിശേഷണങ്ങള്‍ നീളുകയാണ്‌. കാരണം , എഴുതുന്നതു മുട്ടത്തുവര്‍ക്കിയെക്കുറിച്ചാണ്‌. ഇണപ്രാവുകളും പാടാത്ത പൈങ്കിളിയും മറിയക്കുട്ടിയുമൊക്കെ സൃഷ്ടിച്ച്‌ സാക്ഷരകേരളത്തെ വായിച്ചാസ്വദിക്കുന്നവരുടെ വായനാകേരളമാക്കി മാറ്റിയ എഴുത്തുകാരനെക്കുറിച്ച്‌.

" ശരിയാണ്‌. പൈങ്കിളി തന്നെയാണ്‌. തുഞ്ചന്‍പറമ്പിലെ തത്തയുടെ പാരമ്പര്യമാണ്‌ എന്നെ നയിക്കുന്നത്‌. പൈങ്കിളികള്‍ കെട്ടിപ്പൊക്കിയ എന്റെ സാമ്രാജ്യത്തില്‍ കാലന്‍കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ല. നിങ്ങളുടെ സ്ഥാനമെന്തെന്ന്‌ നിങ്ങള്‍തന്നെ നിശ്ചയിച്ചുകൊള്ളുക. തന്റെ കൃതികളെ പൈങ്കിളികളെന്നാക്ഷേപിച്ചവരോട്‌ ഇങ്ങനെ മറുപടി പറഞ്ഞുകൊണ്ടാണ്‌ വര്‍ക്കി എഴുതിയത്‌. സങ്കീര്‍ണമായ ജീവിതസമസ്യകളെ ആവിഷ്കരിക്കുന്നതിനു പകരം സുതാര്യവും ലളിതവും കാല്‍പനികവുമായ ശൈലിയില്‍ പുഴകളും നെല്‍വയലുകളും മലയോരങ്ങളും നിറഞ്ഞ മധ്യതിരുവിതാംകൂറിലെ ഗ്രാമീണഭംഗികളെയും നാടന്‍പ്രേമങ്ങളെയും അദ്ദേഹം വായനക്കാരുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. കര്‍ഷകത്തൊഴിലാളിയുടെയും കുടിയേറ്റകര്‍ഷകന്റെയും വള്ളമൂന്നുകാരന്റെയും പ്രേമസായൂജ്യങ്ങളും ഭഗ്നപ്രണയങ്ങളും സാധാരണക്കാരന്റെ ഭാഷയില്‍ അദ്ദേഹം എഴുതി. 75 നോവലുകള്‍, 17 കഥാസമാഹാരങ്ങള്‍, 12 നാടകങ്ങള്‍, 14 വിവര്‍ത്തനങ്ങള്‍, അഞ്ച്‌ ജീവചരിത്രങ്ങള്‍, രണ്ട്‌ കവിതാസമാഹാരങ്ങള്‍... ഒരു എഴുത്തുകാരന്‍ തന്നെ എഴുതിയതാണോ എന്നു സന്ദേഹിക്കുംവിധം സമൃദ്ധമാണ്‌ വര്‍ക്കിയുടെ രചനാലോകം.

ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയില്‍ മത്തായി- അന്നമ്മ ദമ്പതികളുടെ ഒമ്പതുമക്കളില്‍ നാലമനായി 1913 ഏപ്രില്‍ 18 നു ജനിച്ച മുട്ടത്തുവര്‍ക്കിയുടെ പ്രാഥമിക വിദ്യാഭ്യാസം വടക്കേക്കര സര്‍ക്കാര്‍ സ്കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്കൂള്‍ എന്നിവടങ്ങളിലായിരുന്നു. എസ്‌ ബി കോളജില്‍നിന്നു സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദം നേടിയ വര്‍ക്കി നിയമപഠനത്തിനു തിരുവനന്തപുരത്ത്‌ പോയെങ്കിലും പഠനം പാതിവഴിയില്‍ നിര്‍ത്തി നാട്ടിലെത്തി തടിഫാക്ടറിയില്‍ ക്ലര്‍ക്കും എസ്‌ ബി ഹൈസ്കൂളില്‍ അധ്യാപകനായും ജോലിചെയ്‌തതിനുശേഷം പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. എം.പി.പോളുമായുള്ള സൗഹൃദമാണ്‌ വര്‍ക്കിയെ സാഹിത്യത്തിലേക്കു തിരിച്ചുവിട്ടത്‌. പോളിന്റെ ചെറുകഥാമാസികയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിച്ച വര്‍ക്കി മാസികയുടെ സഹപത്രാധിപര്‍ കൂടിയായിരുന്നു. 26 വര്‍ഷം ദീപികയുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടാണ്‌ സാധാരണമലയാളിയുടെ വായനാഭിരുചിയെ പരിപോഷിപ്പിച്ച പുസ്‌തകങ്ങളിലൂടെ വര്‍ക്കി മലയാളത്തിലെ മഹാത്ഭുതമായത്‌. 1953- ല്‍ രചിച്ച ഇണപ്രാവുകളിലൂടെയാണദ്ദേഹം ജനപ്രിയ നോവലിനു ഹരിശ്രീ കുറിച്ചത്‌. നാട്ടിന്‍പുറത്തിന്റെ നിറവും മണവും കലര്‍ന്ന ശുദ്ധപ്രണയകഥയായിരുന്നു ഈ നോവല്‍. രണ്ടാമത്തെ നോവലായ പാടാത്ത പൈങ്കിളി സാമൂഹികപരിവര്‍ത്തനം ലക്ഷ്യമിട്ടെഴുതിയ കാല്‍പനിക പ്രേമകഥയാണ്‌.

മലയാളത്തിലെ മികച്ചനോവലുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന നോവലുകള്‍ വേറെയും വര്‍ക്കി എഴുതിയിട്ടുണ്ട്‌. മറിയക്കുട്ടി, തെക്കന്‍കാറ്റ്‌, വഴിതെറ്റിവന്ന മാലാഖ, കരകാണാക്കടല്‍ എന്നിവ . അക്കരപ്പച്ച, മയിലാടുംകുന്ന്‌, ഫിഡില്‍, പട്ടുതൂവാല, നാത്തൂന്‍, വെളുത്ത കത്രീന തുടങ്ങിയവ അദ്ദഹത്തിന്റെ മികച്ചനോവലുകളുടെ അടുത്തുനില്‍ക്കുന്ന രചനകളാണ്‌. ആറാം പ്രമാണം, ഹോട്ടല്‍, റോസമ്മയുടെ വീട്‌, നിലാവുള്ള രാത്രി തുടങ്ങിയവയാണ്‌ ജനപ്രിയസാഹിത്യത്തിനു മലയാളത്തില്‍ വിലാസമുണ്ടാക്കിക്കൊടുത്ത വര്‍ക്കിയുടെ രചനകള്‍.

വഴിതെറ്റിവന്ന മാലാഖയുടെ മുഖവുരയില്‍ അദ്ദേഹം എഴുതി: കല്ലുവെട്ടുകാരും കാളപൂട്ടുകാരും കൈതപ്പൂക്കളും കാക്കത്തമ്പുരാട്ടികളുമുള്ള നാട്ടിന്‍പുറത്തിന്റെ നിസര്‍ഗസൗന്ദര്യത്തിന്‌ എന്നില്‍ വളരെയേറെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. മായം ചേരാത്ത മനുഷ്യത്വത്തിന്റെ മേഖലയില്‍നിന്നുകൊണ്ട്‌ പാവങ്ങളുടെയും ഇടത്തരക്കാരുടെയും ഹൃദയത്തുടിപ്പുകളെ പകര്‍ത്താനാണു ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌
മധ്യതിരുവിതാംകൂറിലെ സുറിയാനികത്തോലിക്കരുടെ സാമൂഹ്യജീവിതം, ആചാരങ്ങള്‍, അനാചാരങ്ങള്‍, പള്ളി, പട്ടക്കാരന്‍, കന്യാസ്‌ത്രീ, കുടുംബബന്ധങ്ങള്‍ എന്നിവയൊക്കെ സാഹിത്യത്തിലവതരിപ്പിച്ചത്‌ വര്‍ക്കിയാണ്‌. കെട്ടുപിണയാതെ , കൂടിക്കുഴയാതെ , വായനക്കാരന്റെ ബുദ്ധിയേയും ഓര്‍മശക്‌തിയേയും ക്ലേശിപ്പിക്കാതെ , അവനെ പിടിച്ചിരുത്തി വായിപ്പിക്കുന്ന സ്വച്ഛസുഭഗവും പ്രസന്നമധുരവുമായ കഥാഖ്യാനരീതിയായിരുന്നു വര്‍ക്കിയുടേത്‌.

സംഭാഷണരചനയില്‍ മധ്യതിരുവിതാംകൂറിലെ ഗ്രാമീണശൈലി ഇത്രത്തോളം സ്വാഭാവികമായി പകര്‍ത്തിയ കഥാകൃത്തുക്കള്‍ വേറെയില്ല. വൈകാരികമുഹൂര്‍ത്തങ്ങളില്‍ ആ നാടന്‍ ഭാഷയ്ക്കു കവിതയുടെ ചിറക്‌ മുളയ്ക്കുന്നു. " നാളെ തിങ്കളാഴ്ച എന്റെ കല്യാണമാണ്‌. അങ്ങു വരുമോ? എന്റെ പ്രിയപ്പെട്ട പാട്ടുകാരാ- നാളെ ? വളരെക്കാലം കേരളീയ യുവജനതയുടെ നാവില്‍ തുളുമ്പിനിന്നതാണ്‌ പാടാത്തപൈങ്കിളിയിലെ ഈ സംഭാഷണം.

ജനപ്രിയനോവല്‍ സാഹിത്യത്തില്‍ ആദ്യനും അജയ്യനുമായി നിലനില്‍ക്കുന്ന വര്‍ക്കിയെ പിന്തള്ളാന്‍ അദ്ദേഹത്തിന്റെ അനുകര്‍ത്താക്കള്‍ക്കുപോലും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ നോവലുകളുടെ പേജുകള്‍ മൊത്തം കണക്കുകൂട്ടിയാല്‍ ഇരുപത്തയ്യായിരത്തോളം വരും. വര്‍ക്കിയുടെ കാഴ്ചപ്പാടില്‍ ഏറ്റവും ഉന്നതമായ മാനുഷികഭാവം സ്നേഹമാണ്‌. പ്രേമം അതിന്റെ സമാകര്‍ഷകമായ അംശവും.

വര്‍ക്കിയുടെ 'ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന നോവല്‍ കേരളത്തിലെ സ്കൂളുകളില്‍ ഉപപാഠപുസ്‌തകമായിരുന്നു. ഇന്നും ബാലസാഹിത്യരചനയിലെ വഴികാട്ടിയും മാസ്റ്റര്‍പീസുമാണ്‌ ഈ പുസ്‌തകം. വിവിധ ഇന്ത്യന്‍ഭാഷകളിലേക്കും റഷ്യന്‍ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതി ഇന്നും മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ബാലസാഹിത്യകൃതികളിലൊന്നാണ്‌. 1989 മേയ്‌ 28 ന്‌ വര്‍ക്കി അന്തരിച്ചു.

29.04.2013 
 മുട്ടത്തുവര്‍ക്കി മനുഷ്യനെ ഉള്ളുനിറഞ്ഞ് സ്നേഹിച്ച സാഹിത്യകാരന്‍: പദ്മശ്രീ മധു

ചങ്ങനാശേരി: ജനപ്രിയ സാഹിത്യനായകന്‍ മുട്ടത്തുവര്‍ക്കിയുടെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് അദ്ദേഹം ജനിച്ചുവളര്‍ന്ന ചെത്തിപ്പുഴ മുട്ടത്തുപറമ്പില്‍ ദീപം തെളിഞ്ഞു. പ്രശസ്ത ചലച്ചിത്ര നടനും മുട്ടത്തു വര്‍ക്കിയുടെ സിനിമകളിലെ നായകനുമായിരുന്ന പദ്മശ്രീ മധു ഉദ്ഘാടനം നിര്‍വഹിച്ചു. സാധാരണ മനുഷ്യനെയും പ്രകൃതിയേയും ഉള്ളുനിറഞ്ഞു സ്നേഹിച്ച മഹാനായ സാഹിത്യകാരനായിരുന്നു മുട്ടത്തുവര്‍ക്കിയെന്ന് മധു അഭിപ്രായപ്പെട്ടു. ഞാന്‍ എന്ന ഭാവമില്ലാതെ സാധാരണക്കാരന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ സ്നേഹിച്ച് കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച അനുഗ്രഹീത സാഹിത്യ നായകനായിരുന്നു മുട്ടത്തുവര്‍ക്കിയെന്നും മധു കൂട്ടിച്ചേര്‍ത്തു.

മുട്ടത്തുവര്‍ക്കി കൃതികളിലെ കഥാപാത്രമാകാന്‍ കഴിഞ്ഞ തനിക്ക് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ദീപം തെളിയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും മധു ചൂണ്ടിക്കാട്ടി. സി.എഫ്. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സാധാരണക്കാരായ വായനക്കാരെ കീഴടക്കിയ ജനപ്രിയ സാഹിത്യകാരനായിരുന്നു മുട്ടത്തുവര്‍ക്കിയെന്ന് എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ പത്മശ്രീ മധുവിനെ സി.എഫ്. തോമസ് പൊന്നാടയണിയിച്ച് ആദരിച്ചു.

ജില്ലാ പഞ്ചായത്തംഗം സുധാ കുര്യന്‍, മാടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ലാലി, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ ജയിംസ്, ബന്യാമിന്‍, ഡോ. സന്തോഷ് ജെകെവി, പ്രഫ. ടി.എം. സെബാസ്റ്യന്‍, പ്രഫ. സെബാസ്റ്യന്‍ കെ. ആന്റണി, രവി ഡിസി, ഡോ. ജെയിംസ് മണിമല, കെ.എ. ലത്തീഫ്, എ.ജെ. സ്കറിയ, മിനി വിജയകുമാര്‍, ഡെയ്സമ്മ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. മുട്ടത്തുവര്‍ക്കി കൃതികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. ജോണ്‍ മലാക്കിയെ സമ്മേളനത്തില്‍ ആദരിച്ചു. മുട്ടത്തുവര്‍ക്കി കൃതികളായ ഡോക്ടര്‍ ഷിവാഗോ തര്‍ജമ, ഒരുകുടയും കുഞ്ഞുപെങ്ങളും, ഇണപ്രാവുകള്‍, പട്ടുതൂവാല, ആറാംപ്രമാണം, ജഗജില്ലി, ഫിഡില്‍ എന്നീ നേവലുകളുടെ പുനര്‍പ്രകാശനവും ചടങ്ങില്‍ നടന്നു. പത്മശ്രീ മധു, ജോസഫ് കട്ടക്കയം, ഡോ. ജിജി കൂട്ടുമ്മേല്‍, സണ്ണി തോമസ്, ജസ്റ്റിന്‍ ബ്രൂസ്, ഡോ. പത്മകുമാര്‍, ശാരദക്കുട്ടി എന്നിവരാണ് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചത്.

സമ്മേളനാനന്തരം മുട്ടത്തുവര്‍ക്കി സിനിമകളിലെ തെരഞ്ഞെടുക്കപ്പെട്ട ഗാനങ്ങള്‍ അരുണ്‍ സക്കറിയായും സിബി പാലാത്രയും ചേര്‍ന്ന് ആലാപിച്ചതും ശ്രദ്ധേയമായി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നു നൂറുകണക്കിനാളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

 (Deepika.com)

Keine Kommentare:

Kommentar veröffentlichen