Freitag, 31. Mai 2013

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍

1. കര്‍പ്പൂരതുളസി.
യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റി-ഓക്സിഡന്റുകളുടെ മറ്റൊരു കലവറയാണ്‌ കര്‍പ്പൂരതുളസി. ഇതിനും അള്‍ഷിമേഴ്സ്‌ രോഗത്തെ ചെറുക്കാനുള്ള ശേഷിയുണ്ടെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. മസ്തിഷ്ക കോശങ്ങളെ ദോഷകരമായി ബാധിക്കുന്ന ബീറ്റ- അമിലോയ്ഡിനെ പ്രതിരോധിക്കാനും കര്‍പ്പൂരതുളസിയിലടങ്ങയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക്‌ കഴിയും. മസ്തിഷ്ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കാനും ബുദ്ധിശക്തി കൂട്ടാനും ഇതിനു കഴിവുണ്ട്‌.
2. റോസ്മെറി
കൂര്‍ത്ത ഇലകളുള്ള ഒരിനം സുഗന്ധച്ചെടിയാണ്‌ റോസ്മെറി. മസ്തിഷ്ക കോശങ്ങളെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ആന്റി-ഓക്സിഡന്റുകളെ ഉദ്പാദിപ്പിക്കാന്‍ കഴിയുന്ന കാര്‍നിക്‌ ആസിഡ്‌ അടങ്ങിയ ഔഷധച്ചെടി കൂടിയാണ്‌ റോസ്മെറി. രക്തത്തിലെ പഞ്ചസ്സാരയുടെ അളവ്‌ കുറയ്ക്കാനുള്ള കഴിവുമുണ്ട്‌. റോസ്മെറിയുടെ സുഗന്ധം വിദ്യാര്‍ത്ഥികളുടെ നാഡിമിഡിപ്പ്‌ കുറച്ച്‌ ഉത്കണ്ഠ ഒഴിവാക്കുമെന്ന്‌ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്‌. ഇവയുടെ സുഗന്ധത്തിന്‌ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
3. മഞ്ഞള്‍
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന രാസ വസ്തുവിന്‌ മസ്തിഷ്കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്‌. കുര്‍ക്കുമിന്‍ നല്ലൊരു ആന്റി ഓക്സിഡന്റു കൂടിയാണ്‌. അല്‍ഷിമേഴ്സ്‌ രോഗത്തിന്‌ കാരണമാകുന്ന ബിറ്റാ-അമിലോയ്ഡ്‌ എന്ന പദാര്‍ത്ഥം അടിഞ്ഞു കൂടുന്നത്‌ തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാനും കുര്‍ക്കുമിനു കഴിവുണ്ടെന്നാണ്‌ വിദഗ്ദ പഠനം.
4. കറുവപ്പട്ട
പ്രമേഹ രോഗികളുടെ സുഹൃത്താണ്‌ കറുവപ്പട്ട. ശരീരത്തിലെ ഇന്‍സുലിന്‍ ക്രമീകരിച്ച്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്ക്കാന്‍ കറുവപ്പട്ടയ്ക്ക്‌ ശേഷിയുണ്ട്‌. അതുപോലെ തന്നെ ശരീരത്തിലെ ചീത്ത കൊളസ്റ്റ്രോളിന്റെയും ട്രൈഗ്ലിസറൈഡ്സിന്റെയും അളവ്‌ കുറയ്ക്കാനും കറുവപ്പട്ടയ്ക്ക്‌ കഴിവുണ്ട്‌. നല്ലൊരു അന്റി ഓക്സിഡന്റ്‌ ദാതാവു കൂടിയാണ്‌ ഇത്‌.
5. വെളുത്തുള്ളി
കൂട്ടത്തില്‍ രാജാവ്‌ എന്നു വേണമെങ്കില്‍ പറയാം. അത്രയേറെ ഗുണങ്ങളാണ്‌ വെളുത്തുള്ളിയ്ക്കുള്ളത്‌. അള്‍ഷിമേഴ്സ്‌ രോഗത്തെ ചെറുക്കാനുള്ള കഴിവ്‌ വെളുത്തുള്ളിക്ക്‌ ഉണ്ടെന്നാണ്‌ ഏറ്റവും പുതിയ കണ്ടെത്തല്‍. ശരീരത്തിന്‌ ആവശ്യമായ ആന്റി ഓക്സിഡന്റുകളെ ഉത്പാദിപ്പിക്കാനുള്ള കഴിവ്‌ ഇതിനുണ്ട്‌. നെഞ്ചെരിപ്പില്‍ തടയും. കൊളസ്ട്രോള്‍ അളവ്‌ കുറയ്ക്കും. രക്തിത്തിലെ പ്ലേറ്റ്ലെറ്റ്‌ കട്ടപിടിക്കുന്നതും രക്തധമനികളില്‍ മാലിന്യങ്ങള്‍ അടിയുന്നതുംതടയും. രക്തസമ്മര്‍ദ്ദം കുറയ്ക്കും. ഹൃദയാഘാതം മൂലം മസ്തിഷ്ക കോശങ്ങള്‍ക്ക്‌ മുറിവുണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കും. ബീറ്റ-അമിലോയ്ഡ്‌ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനെ ചെറുക്കും. കോശമരണത്തില്‍ നിന്ന്‌ ന്യൂറോണുകളെ സംരക്ഷിക്കും.
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന പദാര്‍ത്ഥം സള്‍ഫിനിക്‌ ആസിഡ്‌ എന്ന ആന്റി-ഓക്സിഡന്റ്‌ ഉദ്പാദിപ്പിക്കും. കോശങ്ങള്‍ക്ക്‌ ഉണ്ടാകുന്ന തകരാറുകള്‍ ആന്റി ഓക്സിഡന്റ്കള്‍ പരിഹരിക്കും. ഇത്‌ യുവത്വം നില നിര്‍ത്താന്‍ സഹായിക്കും. മസ്തിഷ്കത്തിന്റെ ഉണര്‍വ്വിനും വികാസത്തിനും ഏറ്റവും ഉത്തമമാണ്‌ വെളുത്തുള്ളി.
6. ഗ്രാമ്പു.
ഹൃദ്രോഗികള്‍ക്ക്‌ ഏറെ പ്രയോജനപ്പെടുന്നസുഗന്ധ വ്യഞ്ജനമാണ്‌ ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഗ്രാമ്പൂവില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ എന്ന സംയുക്തം രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കട്ടപിടിക്കുന്നത്‌ ഒഴിവാക്കൂം. ഗ്രാമ്പുവിനെ നിത്യ ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ രക്തം കട്ടപിടിച്ച്‌ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാം. ഇതിനു പുറമെ പ്രകൃതിദത്ത ആന്റി-ഓക്സിഡന്റുകളുടെ വലിയൊരു കലവറ കൂടിയാണ്‌ ഗ്രാമ്പൂ. മറ്റ്‌ ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന വിഷാംശം മൂലം ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം ഒരു പരിധി വരെ കുറയ്ക്കാനും ഗ്രാമ്പുവിന്‌ കഴിയുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഗ്രാമ്പുവിട്ട്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്‌.

കടപ്പാട്‌: മാത്രുഭൂമി ആരോഗ്യം

Samstag, 25. Mai 2013

പ്രമേഹം- അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പ്രമേഹ രോഗികളില്‍ തൊണ്ണൂറു ശതമാനവും ടൈപ്പ്‌ 2 വിഭാഗത്തില്‍ പെട്ടവരാണ്‌. ജീവിത ശൈലി, പാരമ്പര്യം, ഭക്ഷണരീതി, തുടങ്ങിയ കാര്യങ്ങളിലൊന്നും ടൈപ്പ്‌ 1 പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രധാനമല്ല. എന്നാല്‍ ടൈപ്പ്‌ 2 ന്റെ കാര്യത്തില്‍ ഇവയ്ക്ക്‌ പ്രാധാന്യമുണ്ട്‌.

ടൈപ്പ്‌ 2 ന്റെ പ്രമേഹത്തിന്റെ പ്രധാന ലക്ഷണം വര്‍ദ്ധിച്ച ദാഹമാണ്‌. വായിലെ വരള്‍ച്ച, ഭക്ഷണത്തോടുള്ള താത്പര്യം വര്‍ദ്ധിക്കുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, പെട്ടന്നുണ്ടാകുന്ന മെലിയല്‍ അല്ലെങ്കില്‍ തടിവെയ്ക്കല്‍ തുടങ്ങിയവയെല്ലാം ലക്ഷനങ്ങളാണ്‌.

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസമുണ്ടാകുമ്പോള്‍ തലവേദനയുണ്ടായേക്കാം. കഴ്ച മങ്ങല്‍, ക്ഷീണം എന്നിവയും ലക്ഷണങ്ങളാണ്‌.

അണുബാധയാണ്‌ ടൈപ്പ്‌ 2 ന്റെ പ്രമേഹത്തിന്റെ പ്രധാന സൂചന. മുറിവ്‌ ഉണങ്ങാന്‍ വൈകുക, തുടര്‍ച്ചയായുള്ള ഫംഗസ്‌ അണുബാധ, സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചില്‍.

ജീവിത ശൈലിയും ശീലങ്ങളുമാണ്‌ പലപ്പോഴും ടൈപ്പ്‌ 2 ന്റെ പ്രമേഹത്തിനു കാരണമാകുന്നത്‌.
അമിത ഭാരം: ബോഡിമാസ്‌ ഇന്‍ഡക്സ്‌ 25-ല്‍ അധിമാകാതെ സൂക്ഷിക്കുക.
നല്ല കൊളസ്റ്റ്രോളിന്റെ (HDL) അളവ്‌ 35 mg/Dl-ല്‍ കുറയുകയോ ട്രൈഗ്രിസ്രൈഡിന്റെ അലവ്‌ 250 mg/Dl-ല്‍ കൂടുകയോ ചെയ്യാതെ സൂക്ഷിക്കുക. രക്തസമ്മര്‍ദ്ദം 140/90-ല്‍ നിലനിറുത്തണം. ഉദാസീനമായ ജീവിത രീതി വെടിയുക.

രോഗം കണ്ടെത്തല്‍

ടൈപ്‌ 2 പ്രമേഹം തിരിച്ചറിയാന്‍ ഫാസ്റ്റിംഗ്‌ പ്ലാസ്മാ ഗ്ലൂക്കോസ്‌ ടെസ്റ്റ്‌ എന്ന ചെറിയൊരു രക്തപരിശോധന മാത്രം മതി. എട്ടു മണിക്കൂറെങ്കിലും ഭക്ഷണം കഴിക്കാതെയുള്ള അവസ്ഥയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവാണ്‌ ഈ പരിശോധനയിലൂടെ കണ്ടെത്തുന്നത്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ സാധാരണ ഗതിയില്‍ 70 മുതല്‍ 100 mg/Dl- ആണ്‌. തുടര്‍ച്ചയായ 2 പരിശോധനകളിലും രക്തിത്തിലെ പഞ്ചസ്സരയുടെ അളവ്‌ 126 mg/Dl-ല്‍ കൂടുതല്‍ ആണെങ്കില്‍ നിങ്ങള്‍ക്ക്‌ ടൈപ്‌ 2 പ്രമേഹം ഉണ്ടെന്ന്‌ ഉറപ്പിക്കാം.

ഊര്‍ജ്ജമാകുന്ന ഗ്ലൂക്കോസ്‌

സാധാരണ ആളുകളില്‍ കഴിക്കുന്ന ഭക്ഷണം ഗ്ലൂക്കോസ്‌ (പഞ്ചസാര) ആയി വിഘടിക്കുന്നു. രക്തകോശങ്ങള്‍ ഈ ഗ്ലൂക്കോസിനെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കും. പാന്‍ക്രിയാസ്‌ (അഗ്ന്യാശയം) ഉത്പാദിപ്പിക്കുന്ന ഇന്‍സുലിനാണ്‌ ഈ ഗ്ലൂക്കോസിനെ ഊര്‍ജ്ജമാക്കി മാറ്റുന്നത്‌. പേശികളിലെയും കരളിലെയും കോശങ്ങള്‍ ഈ ഇന്‍സുലിന്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാതെയാകുമ്പോഴാണ്‌ ടൈപ്‌ 2 പ്രമേഹം ഉണ്ടാകുന്നത്‌.

സംഭവിക്കവുന്ന പ്രശ്നങ്ങള്‍

രക്തധമനികള്‍: ചികിത്സ നടത്താത്ത രോഗികളുടെ ശരീര പ്രവര്‍ത്തനങ്ങള്‍ തന്നെ അവതാളത്തിലായേക്കം. മൂന്നില്‍ രണ്ട്‌ പ്രമേഹ രോഗികള്‍ മരിക്കുന്നതും ഹൃദ്രോഗം മൂലമാണ്‌. പലര്‍ക്കും പക്ഷാഘാതം വരുവാനുള്ള സാധ്യതയും കൂടുതലാണ്‌. ധമനികളില്‍ അവിശിഷ്ടങ്ങള്‍ അടിഞ്ഞ്‌ രക്തചംക്രമണം തടസ്സപ്പെടുവാന്‍ സാധ്യതയുണ്ട്‌. ഇത്‌ ധമനികളില്‍ രക്തം കട്ടി പിടിക്കാനിടയാക്കും. അതുകൊണ്ടു തന്നെ ഹൃദയഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത പ്രമേഹരോഗികളില്‍ കൂടുതലാണ്‌.

ദീര്‍ഘകാല പ്രശ്നങ്ങള്‍:
വൃക്ക.
നിയന്ത്രിക്കാതെ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രമേഹം വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.വൃക്കയുടെ പ്രവര്‍ത്തനം നിലച്ചാല്‍ പിന്നെ അവയവ മാറ്റ ശസ്ത്രക്രിയയോ ദയാലിസോ മാത്രമാണ്‌ ആശ്രയം.

കണ്ണുകള്‍
നിയന്ത്രണമില്ലാത്ത പ്രമേഹം കാഴ്ചയെ ബാധിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടുന്നത്‌ റെറ്റിനയിലേക്ക്‌ ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ചെറിയ രക്തക്കുഴലുകളുടെ നാശത്തിനു്‌ വഴിവെച്ചേക്കാം. ക്രമേണ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്‌ നയിക്കും. ഡയബെറ്റിക്‌ റെറ്റിനോപ്പാതി എന്നാണ്‌ ഇതിനെ പറയുന്നത്‌. റെറ്റിനയില്‍ രക്തം കട്ട പിടിച്ചു കാണുന്നതാണ്‌ ഇതിന്റെ പ്രകടമായ ലക്ഷണം.

കാല്‍പ്പാദം
ചില രോഗികള്‍ക്ക്‌ കാല്‍പ്പാദത്തിന്റെ സ്പര്‍ശന ക്ഷമത നഷ്ടപ്പെടാറുണ്ട്‌. ചിലപ്പോള്‍ കാലുകളിലേക്കുള്ള രക്തധമനികള്‍ കട്ടപിടിച്ച്‌ രക്തയോട്ടം കുറയും.

പ്രമേഹ നിയന്ത്രണം- ഭക്ഷണ ക്രമം വഴി

രോഗം മറ്റു ശരീര ഭാഗങ്ങളെ ബാധിക്കാതെ നോക്കാന്‍ കുറച്ച്‌ എളുപ്പമുണ്ട്‌. ഭക്ഷണ കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചാല്‍ മതി. കര്‍ബോഹൈഡ്രേറ്റ്‌, കൊഴുപ്പ്‌ തുടങ്ങിയവ കൂടുതല്‍ അളവിലടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക തുടങ്ങിയവ ശീലിക്കുന്നത്‌ നല്ലതാണ്‌. (ഉദാ: ഫ്രൂട്ട്സ്‌, വെജിറ്റബിള്‍ സാലഡ്‌)

പ്രമേഹ നിയന്ത്രണം- വ്യായാമം വഴി

നടത്തം പോലുള്ള മിതമായ വ്യായാമങ്ങള്‍ ശരീരത്തിന്റെ ഇന്‍സുലിന്‍ ഉപയോഗം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കും. വ്യായാമം പ്രമേഹത്തെ മാത്രമല്ല ചെറുക്കുന്നത്‌, ശരീരത്തിലെ കൊഴുപ്പ്‌, രക്തസമ്മര്‍ദ്ദം തുടങ്ങിയവ പ്രതിരോധിക്കാനും വ്യായാമം സഹായകമാണ്‌. അതുവഴി ഹൃദ്രോഗവും ചെറുക്കാം.

പ്രമേഹ നിയന്ത്രണം - മരുന്നുകള്‍ വഴി.

ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമങ്ങളിലൂടെയും പ്ര്മേഹം നിയന്ത്രിക്കാനാകാതെ വരുന്ന സാഹചര്യങ്ങളില്‍ മരുന്നുകളെ ആശ്രയിക്കേണ്ടി വരും. ഈ മരുന്നുകള്‍ ഇന്‍സുലിന്‍ കൂടുതല്‍ ഉദ്പാദിപ്പിക്കുന്നതിനായി പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുകയോ, ഇന്‍സുലിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടുകയോ ചെയ്യും.

പ്രമേഹ നിയന്ത്രണം- ഇന്‍സുലിന്‍ വഴി.

പല പ്രമേഹ രോഗികളിലും രോഗം പുരോഗമിക്കുന്നതോടെ ഇന്‍സുലിന്‍ നിര്‍മ്മാണം പൂര്‍ണ്ണമായും നിലയ്ക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍സുലിന്‍ നേരിട്ട്‌ രക്തത്തിലേക്ക്‌ എത്തിക്കേണ്ടി വരും. ഇന്‍സുലിന്‍ ഇന്‍ജക്ഷനോ ഇന്‍സുലിന്‍ പമ്പോ ഇതിനായി ഉപയോഗിക്കുന്നു. ജീവിതത്തില്‍ ഒഴിച്ചു നിര്‍ത്താനകാത്ത ഒരു ദിനചര്യയാക്കണം ഇത്‌.

പ്രമേഹത്തെ പ്രതിരോഗിക്കാം.
ടൈപ്പ്‌ 2 വിഭാഗം പ്രമേഹത്തെ പ്രതിരോധിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ അനുസരിക്കണമെന്ന്‌ മാത്രം. പോഷക സമൃദ്ധമായ ആഹാരം കഴിക്കുക. ദിവസവും കുറഞ്ഞത്‌ അര മണിക്കൂര്‍ എങ്കിലും വ്യയാമം ചെയ്യുക.

കടപ്പാട്‌: മാത്രുഭൂമി ആരോഗ്യം

 
പ്രമേഹം ഭക്ഷണത്തിലൂടെ...

ഇന്നത്തെ സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന ജീവിതശൈലി രോഗമാണ് ഡയബറ്റിസ്. ഓരോ വ്യക്തിയുടെയും അലക്ഷ്യമായ ജീവിതശൈലിയും ഭക്ഷണക്രമമവും അതിന്റെ ഭീകരത കൂട്ടുന്നു. ദിവസേനയുള്ള ഭക്ഷണ നിയന്ത്രണവും വ്യായാമവുമുണ്ടെങ്കിൽ പ്രമേഹത്തെ വളരെ നന്നായി നിയന്ത്രിക്കാവുന്നതേയുള്ളൂ.
ഓരോ ഭക്ഷണ പദാർത്ഥത്തിനും രക്തത്തിലെ  ഗ്ളൂക്കോസിന്റെ അളവ് ഉയർത്താനുള്ള ശേഷിയെയാണ് ഗ്ളൈസീമിക് ഇൻഡക്സ് അഥവാ (ജി.ഐ) എന്ന് പറയുന്നത്. ജി.ഐ കുറഞ്ഞ പദാർത്ഥങ്ങൾ രക്തത്തിലെ ഗ്ളൂക്കോസ് കുറച്ച് മാത്രമേ വർദ്ധിപ്പിക്കൂ. റവ, മൈദ പോലുള്ള സംസ്ക്കാരിച്ച ധാന്യങ്ങളിൽ ജി.ഐ കൂടുമെന്നതിനാൽ കുറച്ചുമാത്രം ഉപയോഗിക്കുക. ചോറാണ് അന്നജത്തിന്റെ പ്രധാന ഉറവിടം. ചോറ് പൂർണ്ണമായും ഉപേക്ഷിക്കാൻ സാധിക്കാത്തവർ അളവ് കുറച്ചാൽ മതി. വെള്ളച്ചോറിനേക്കാൾ തവിട് നീക്കാത്ത കുത്തരിയാണ് ഉത്തമം.
സ്റ്റാർച്ച് കൂടുതൽ അടങ്ങിയ കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ഉരുളക്കിഴങ്ങ് എന്നിവ പൂർണമായും ഒഴിവാക്കുക ഇവയിൽ കാലറി കൂടുതലായതിനാൽ ഷുഗറും അതോടൊപ്പം കൂടുംഎന്നതാണ് വാസ്തവം.

നാരുകളടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ ഗ്ളൂക്കോസ് കുറയാൻ സഹായിക്കും. തവിടുനീക്കാത്ത ധാന്യങ്ങൾ, ഓട്സ്, നുറുക്ക് ഗോതമ്പ്,ഗോതമ്പ് പൊടി, കൂവരക്,വാഴപ്പിണ്ടി, വാഴക്കൂമ്പ്, ഇലക്കറികൾ, സാലഡ് എന്നിവയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഗോതമ്പ് പൊടി ഒരു കപ്പ് കൂവരക് പൊടി ഇങ്ങനെ മിക്സ് ചെയ്ത് ഉപയോഗിച്ചാൽ നാരിന്റെ അളവ് കൂട്ടാം. ഡയബറ്റിസ് ഉള്ളവർ രാത്രിയിൽ കഞ്ഞി (അരി, ഗോതമ്പ്) ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.
അമിതമായ മാംസാഹാരം ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടാം. ബീഫ്, മട്ടൺ, പോർക്ക്, മുട്ടയുടെ മഞ്ഞ, എണ്ണയിൽ വറുത്ത വിഭവങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. ചെറിയ മത്സ്യങ്ങൾ പാടനീക്കിയ പാൽ, മുട്ടവെള്ള, തൊലിനീക്കിയ കോഴിയിറച്ചി എന്നിവയാണ് പ്രമേഹരോഗികൾക്ക് നല്ലത്.

പഴങ്ങൾ മധുരമുള്ളവയാണെങ്കിലും പ്രമേഹമുള്ളവർ അത് പൂർണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. മധുരം കുറഞ്ഞ പഴങ്ങളായ ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക, പപ്പായ (അധികം പഴുക്കാത്തത്), പാളയം തോടൻ പഴം എന്നിവയിൽഏതെങ്കിലും ഒരെണ്ണം ദിവസവും ഉപയോഗിക്കാവുന്നതാണ്. പ്രധാന ഭക്ഷണത്തോടൊപ്പമോ അതിനു ശേഷമോ പഴങ്ങൾ കഴിക്കാതിരിക്കുക. കാരണം ശരീരത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കും. പഴങ്ങൾ ജ്യൂസാക്കുന്നതിനേക്കാൾ അത് മുഴുവനായി കഴിക്കുന്നതാണ് നല്ലത്.അപ്പോൾ നാരിന്റെ അംശം നഷ്ടപ്പെടില്ല.
പ്രോട്ടീൻ ശരീരത്തിന്റെ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ദിവസവുമുള്ള ഭക്ഷണക്രമത്തിൽ പയർ, കടല, സോയാബീൻസ്, മുതിര, വൻപയർ, ഇവയിൽ ഏതെങ്കിലും ഒരെണ്ണം ഉൾപ്പെടുത്തുക. വായുവിന്റെ പ്രശ്നമുള്ളവർ പയറുവർഗ്ഗങ്ങൾ മുളപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം.

നിത്യേനയുള്ള ഉപയോഗത്തിനായി പലതരം സസ്യഎണ്ണകൾ ഉപയോഗിക്കാവുന്നതാണ്. (ഒലിവ് എണ്ണ, തവിട് എണ്ണ, സൂര്യകാന്തി എണ്ണ). അപകടകരമായ പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്ന വെണ്ണ, ഡാൾഡ,പാംഓയിൽ എന്നിവ കഴിവതും ഒഴിവാക്കുക. കപ്പലണ്ടി, കശുവണ്ടി,ബദാം, പിസ്ത എന്നിവയിൽ ഏറ്റവും നല്ലത് ബദാം ആണ്. കാരണം ഇതിൽ അപൂരിത കൊഴുപ്പിന്റെ അളവ് കൂടുതലാണ്. കൂടാതെ നാരുകളും ഉണ്ട്.

പ്രമേഹമുള്ളവരിൽ കണ്ടുവരുന്ന ഒരു അവസ്ഥയാ ഹൈപ്പോഗ്ളൈസീമിയ. ( ഷുഗ‌ർ നില നോർമലിൽ നിന്നും താഴേക്ക് പോകുന്ന അവസ്ഥ) മരുന്നു കഴിക്കുന്നവരിൽ തെറ്റായ ആഹാരരീതികൊണ്ട് ഇത് സംഭവിക്കാം. അതിനാൽ ഒരു പ്രമേഹ രോഗിയും വിശന്നിരിക്കരുത്. മൂന്നുതവണ ആഹാരം കഴിക്കുന്നതിനേക്കാൾ ഇടവിട്ട് ചെറിയ അളവിലുള്ള ഭക്ഷണരീതിയാണ് നല്ലത്. ഇത് ശരീരത്തിൽ പെട്ടെന്ന് ഗ്ളൂക്കോസിന്റെ നില ഉയർത്താൻ നോക്കും.

നാം ഭക്ഷണത്തോടൊപ്പം പ്രാധാന്യം നൽകേണ്ട മറ്റൊന്നാണ് വ്യായാമം. ദിവസവും 30-45 മിനിട്ട് വ്യായാമം ചെയ്യുക വ്യായാമം വഴി ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുകയും പേശികൾ ഗ്ലൂക്കോസ് ഉപയോഗിക്കുക വഴി പ്രമേഹം നിയന്ത്രിതമാക്കുകയും ചെയ്യും. കൂടാതെ, അമിതവണ്ണം കുറയ്ക്കാനും വ്യായാമം ഉപകരിക്കും.

നിങ്ങൾക്കറിയാൻ
*ഗ്രീൻ ടീ പോലെയുള്ള നിരോക്സീകാരികൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
* മദ്യപാനം, പുകവലി മുതലായ ദുശ്ശീലങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക.
* പഞ്ചസാരയ്ക്ക് പകരം ശർക്കര, മുതലായവ മധുരത്തിനായി ഉപയോഗിക്കുന്നത് ദോഷകരമാണ്.
* ഉലുവ,പാവയ്ക്ക മുതലായവ ഭക്ഷണത്തിന് മുൻപ് കഴിക്കുന്നത് രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായകമാവും.
* കൃത്യസമയത്ത്, ക്യത്യമായ അളവിൽ ആഹാരം കഴിക്കുക. ഒരുനേരം ഒഴിവാക്കി അടുത്ത തവണ കൂടുതൽ കഴിച്ചാൽ ഗ്ളൂക്കോസ് പെട്ടെന്ന് കൂടും.
* കാർബോ ഹൈഡ്രേറ്റിന്റെ ഉറവിടമായ ചോറ് വളരെ കുറയ്ക്കുക. മൂന്നു നേരത്തെ ഭക്ഷണത്തിനോടൊപ്പം ഇടവിട്ടുള്ള ഭക്ഷണവും, ഉപവാസം എടുക്കുന്നതും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്നതും നല്ലതല്ല.
* ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
ഉദാ: ആപ്പിൾ, പേരയ്ക്ക, ഓറഞ്ച്, പപ്പായ, പാളയൻ തോടൻ പഴം, പയറുപരിപ്പ് വർഗ്ഗങ്ങൾ, തവിടുനീക്കം ചെയ്യാത്ത ഗോതമ്പുപൊടി, റാഗി, ഓട്സ്.
* കിഴങ്ങുവർഗ്ഗങ്ങളുടെ ഉപയോഗം കഴിവതും ഒഴിവാക്കുക.

കടപ്പാട്‌: Kerala Kaumudi

Donnerstag, 23. Mai 2013

ഡോ. ചാള്‍സ് ലവീഞ്ഞ് -സ്ഥാപകനും മാര്‍ഗദര്‍ശിയും

ഡോ. ചാള്‍സ് ലവീഞ്ഞ് -സ്ഥാപകനും മാര്‍ഗദര്‍ശിയും

പ്രഫ. കെ.ടി. സെബാസ്റ്യന്‍

ഫ്രഞ്ച് മിഷനറിയും ഈശോസഭാംഗവുമായിരുന്ന ചാള്‍സ് ലവീഞ്ഞ് പുതുതായി രൂപം കൊടുത്ത കോട്ടയം വികാരിയാത്തിന്റെ - പിന്നീട് ചങ്ങനാശേരി രൂപതയായി രൂപം പ്രാപിച്ച - മേലധ്യക്ഷസ്ഥാനം ഏറ്റെടുത്തത് മാര്‍ തോമ്മായുടെ പിന്‍ഗാമി എന്ന നിലയിലായിരുന്നു. 1888 ല്‍ ചങ്ങനാശ്ശേരി പള്ളിയില്‍ അദ്ദേഹം വിളിച്ചുകൂട്ടിയ പ്രദേശിക സൂനഹദോസിന്റെ ആദ്യ തീരുമാനം മാര്‍ തോമാ ശ്ളീഹായുടെ ഓര്‍മ്മത്തിരുനാളായ ദുക്റാന ഒരു കടമുള്ള ദിവസമായി ഉയര്‍ത്തിക്കൊണ്ടുള്ളതായിരുന്നു.

അര്‍ത്ഥവത്തായ മറ്റൊരു സംഭവം കൂടി അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മലങ്കരയിലെ അദ്ദേഹത്തിന്റെ സേവനം അധികനാള്‍ ഉണ്ടായിരിക്കുകയില്ലെന്നുള്ള ഒരു തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. 1895-കന്നിമാസത്തിലൊരു ദിവസം ചങ്ങനാശ്ശേരി കത്തീഡ്രല്‍ ദൈവാലയത്തില്‍ വന്ന് അവിടെ ഉണ്ടായിരുന്ന തോമ്മാ ശ്ളീഹായുടെ പ്രതിമയില്‍ തന്റെ മുടിയും കാപ്പയും ധരിപ്പിക്കുകയും ചെയ്തു. അതൊരു വിടവാങ്ങലായിരിക്കുമെന്ന് അദ്ദേഹത്തിനുപോലും അറിഞ്ഞുകൂടായിരുന്നു. താന്‍ ഏറ്റെടുത്ത മാര്‍ തോമ്മാ പൈതൃകം അദ്ദേഹത്തിന് അത്രമേല്‍ വിലപ്പെട്ടതായിരുന്നു.

ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവന. സഭയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് വിദ്യാഭ്യാസം അനുപേക്ഷണീയമാണെന്നുള്ള കാര്യത്തില്‍ അദ്ദേഹം ബോധവാനായിരുന്നു.

വികാരിയത്തിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനായി കോട്ടയത്തേക്ക് വരുന്നതിനു മുമ്പ് അദ്ദേഹം തൃശിനാപ്പള്ളി ജെസ്യൂട്ട് കോളജിലെ പ്രഫസറുമായി ബന്ധപ്പെടുകയും പുതിയ വികാരിയാത്തിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഈശോ സഭാ വൈദികരായിരുന്ന കാര്‍ട്ടി, ബട്ട്രാം, ഒണേരെ തുടങ്ങിയവര്‍ ചങ്ങനാശേരി രൂപതയുടെ പ്രത്യേകിച്ചും എസ്.ബി കോളേജിന്റെ സ്ഥാപനത്തിലും പുരോഗതിയിലും ഏറെ തല്പരരായിരുന്നു. ഈ ജെസ്യൂട്ട് ബന്ധം നമ്മുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരമായിരുന്നു.

വികാരിയാത്തിന്റെ ഔദ്യോഗികമായ ആസ്ഥാനം കോട്ടയം ആയിരുന്നുവെങ്കിലും ലവീഞ്ഞ് പിതാവിന് അവിടുത്തെ താമസ വും അനുഭവങ്ങളും നീതികരിക്കത്തതായിരുന്നില്ല. കോട്ടയത്ത് അക്കാലത്ത് വളരെ കുറച്ച് കത്തോലിക്കാ കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കത്തീഡ്രലാകാന്‍ യോജിച്ച ഒരു ദേവാലയവും അവിടെയില്ലായിരുന്നു. ഈ അവസരത്തിലാണ് ചങ്ങനാശേരിയിലെ അതിമനോഹരമായ വലിയപള്ളിയിലേക്ക് വികാരിയായിരുന്ന മോണ്‍ സിറിയക്ക് കണ്ടങ്കരി അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടു വന്നത്. പള്ളി കണ്ട മാത്രയില്‍ തന്നെ ലവീഞ്ഞ് മെത്രാനില്‍ നിന്നുണ്ടായ പ്രതികരണം ഇതായിരുന്നു. ഠവശ വെമഹഹ യല ാ്യ ഇമവേലറൃമഹ ചങ്ങനാശേരി ഒരു കത്തോലിക്കാ കേന്ദ്രമാണെന്നുള്ള അറിവും അദ്ദേഹത്തെ ഏറെ സന്തുഷ്ടനാക്കി. കൂടാതെ അരമനപണിയുവാനുള്ള സ്ഥലം വാങ്ങി കൊടുക്കുകയും മനോഹരമായ അരമനയുടെ പണിക്ക് സഹായം ചെയ്തുകൊടുക്കുകയും ചെയ്തത് മോണ്‍. സിറിയക്ക് കണ്ടങ്കേരിയായിരുന്നു. ഈ നൂതന സാഹചര്യത്തില്‍ ലവീഞ്ഞ് മെത്രാന്‍ തന്റെ ആസ്ഥാനം ചങ്ങനാശ്ശേരിയിലേയ്ക്ക് മാറ്റുകയും 1890-ല്‍ മാര്‍പാപ്പയില്‍നിന്നും ഇതിനുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു.

വികാരിയാത്തില്‍ പ്രൈമറി, സെക്കന്‍ഡറി വിദ്യാലയങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അദ്ദേഹം ഏര്‍പ്പാടാക്കി. ഈക്കാര്യത്തില്‍ ചങ്ങനാശേരിക്കാര്‍ - കത്തോലിക്കാ അകത്തോലിക്കാ വ്യത്യാസം കൂടാതെ - അദ്ദേഹത്തോട് ഏറ്റം അധികം കടപ്പെട്ടിരിക്കുന്നു. സെന്റ് ബെര്‍ക്കുമാന്‍സ് ഹൈസ്കൂളിന്റെ സ്ഥാപനത്തിന്റെ പേരിലാണ് അദ്ദേഹം മുഖ്യമായും അറിയപ്പെടുന്നത്.

1891 സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി സുറിയാനി കത്തോലിക്കരുടെ ആദ്യത്തെ ഹൈസ്കൂളായിരുന്നു. ഈ സ്കൂള്‍ തുടങ്ങുമ്പോള്‍ ലവീഞ്ഞ് പിതാവിന്റെ ഉദ്ദേശം ഈ പേരിലുള്ള ഒരു കോളേജായിരുന്നു. 1895 ല്‍ മറ്റൊരു ഈശോ സഭ വിശുദ്ധന്റെ പേരില്‍ അദ്ദേഹം എടത്വായില്‍ സ്ഥാപിച്ച സെന്റ് അലോഷ്യസ് സ്കൂള്‍ (പിന്നീട് കോളേജ്) കുട്ടനാടന്‍ പ്രദേശക്കാര്‍ക്ക് വലിയ ഒരു അനുഗ്രഹമായി. ലവീഞ്ഞ് പിതാവിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലംകൈയായി പ്രവര്‍ത്തിച്ചത് കത്തീഡ്രല്‍ വികാരിയായിരുന്ന മോണ്‍. സിറിയക്ക് കണ്ടങ്കേരി ആണ്. അദ്ദേഹം മുന്‍കൈ എടുത്ത് സ്ഥാപിച്ചതാണ് സുറിയാനി കത്തോലിക്കരുടെ ആദ്യത്തെ ഗേള്‍സ് ഹൈസ്കൂള്‍ ആയി ഇന്നും പ്രശോഭിക്കുന്ന സെന്റ് ജോസഫ് ഗേള്‍സ് സ്കൂള്‍. വിദ്യാലയ നിര്‍മ്മാണത്തിനും മഠത്തിനും ആവശ്യമായ സ്ഥലവും സൌകര്യങ്ങളും ചെയ്തു കൊടുത്തത് കത്തീഡ്രല്‍ ഇടവകക്കാരാണ്.

ജനങ്ങളുടെ ആദ്ധ്യാത്മികവളര്‍ച്ചയില്‍ സന്യാസിനീ സമൂഹങ്ങള്‍ക്കുള്ള പങ്ക് നന്നായി ബോധ്യപ്പെട്ടിരുന്ന ലവീഞ്ഞ് പിതാവാണ് വികാരിയാത്തിലെ കര്‍മലീത്താ മഠവും വിസിറ്റേഷന്‍ സന്യാസിനീ സമൂഹവും സ്ഥാപിച്ചത്. അദ്ദേഹം സ്ഥാപിച്ച ഫ്രാന്‍സിസ്കന്‍ ക്ളാരസഭയും പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ സെന്റ് ജെര്‍മൈന്‍സ് അനാഥാലയവും പ്രത്യേകം സ്മരണീയമാണ്. വി. അല്‍ഫോന്‍സാമ്മയുടെ പഠനകാലം ചെലവഴിച്ചത് ലവീഞ്ഞ് മെത്രാന്‍ പണിയിച്ചുകൊടുത്ത മന്ദിരത്തിലായിരുന്നു.

രൂപതയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകിച്ചും സെന്റ് ബെര്‍ക്കുമാന്‍സ് കോളജ് എന്ന തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനുവേണ്ടി സാമ്പത്തിക സഹായം തേടുന്നതിനായി 1895 ല്‍ സെക്രട്ടറി ഫാ. ളൂയിസ് പഴയപറമ്പിലിനൊപ്പം അദ്ദേഹം യൂറോപ്പിലേക്ക് പുറപ്പെട്ടു. റോമില്‍ ചെന്നപ്പോഴാണ് അറിയുന്നത് തനിക്കെതിരേ അവിടെ ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്െടന്ന്. ചങ്ങനാശേരി വികാരിയാത്തിന്റെ ഭരണസാരഥ്യത്തില്‍ നിന്നും അദ്ദേഹത്തെ വിടുതല്‍ ചെയ്തിരിക്കുന്നതായി അറിഞ്ഞ അദ്ദേഹം വ്രണിതഹൃദയനായെങ്കിലും സംയമനം പാലിച്ചു.

അദ്ദേഹത്തെ സിലോണിലെ (ശ്രീലങ്ക) ട്രിങ്കോമാലി രൂപതയിലേക്ക് സ്ഥലം മാറ്റി, പക്ഷേ അധികനാള്‍ കഴിയും മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതുകൊണ്ട് ഫ്രാന്‍സിലുള്ള ജന്മദേശത്തേക്കു മടങ്ങിപ്പോയി.

Montag, 20. Mai 2013

Vegetables & Medicinal plants for good health



ഉള്ളിയുടെ ഗുണം
ഭക്ഷണത്തിനു രുചി നല്‍കു ന്നതു മാത്രമല്ല ഉള്ളിയുടെ ഗുണം. പല രോഗങ്ങള്‍ക്കും മരുന്നായും ഉള്ളി ഉപയോഗിക്കാം. വെളുത്തുള്ളി, സവാള, ചുവന്നുള്ളി തുടങ്ങി എല്ലാതരം ഉള്ളികളും ഔഷധഗുണമുള്ളവയാണ്‌. പല ആയുര്‍വേദ മരുന്നുകളിലും വെളുത്തുള്ളി ഒരു ഘടകമാണ്‌. വാതം, ക്ഷയം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ക്കുള്ള ഔഷധക്കൂട്ടില്‍ വെളുത്തുള്ളി ഉപയോഗിക്കുന്നു.

വാതരോഗത്തിനുള്ള ചികിത്സയായ ഇലക്കിഴിയിലും ധാന്യക്കിഴിയിലും വെളുത്തുള്ളി ചേര്‍ക്കാറുണ്ട്‌. ഞരമ്പുകള്‍ക്കും നാഡികള്‍ക്കും ശക്‌തിയേകാനും കാന്‍സറിനെ പ്രതിരോധിക്കുവാനും ചുവന്നുള്ളിക്കു കഴിവുണ്ട്‌.

വിറ്റമിന്‍ ബിയും കാത്സ്യവും ധാരാളമായും വിറ്റമിന്‍ എയും വിറ്റമിന്‍ സിയും വിറ്റമിന്‍ ഡിയും ചെറിയ തോതിലും ചുവന്നുള്ളിയില്‍ അടങ്ങിയിരിക്കുന്നു. ചുവന്നുള്ളി ചതച്ചെടുത്ത നീര്‌ അര ഔണ്‍സ്‌ വീതം നാലു നേരം കഴിച്ചാല്‍ രണ്ടു ദിവസം കൊണ്ട്‌ ജലദോഷം മാറും.

സവാളയ്ക്കു കാന്‍സറിനെ പ്രതിരോ ധിക്കാനുള്ള കഴിവുണ്ടെന്നു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രോഗികള്‍ കിടക്കുന്ന മുറിയില്‍ സവാള നേര്‍മയായി അരിഞ്ഞു രണ്ടു മൂന്നിടത്തു വച്ചാല്‍ ആ മുറിയിലെ ബാക്ടീരിയകള്‍ നശിക്കും. ഉള്ളിനീര്‌ തളിച്ചാല്‍ ഈച്ചശല്യം ഒഴിവാക്കാം. മുറികള്‍ തുടയ്ക്കുമ്പോള്‍ വെള്ളത്തില്‍ അല്‍പം ഉള്ളിനീര്‌ ചേര്‍ക്കുന്നത്‌ അണുക്കള്‍ നശിക്കാന്‍ സഹായിക്കും.

 ഔഷധഗുണങ്ങളുള്ള വെള്ളരി
ആയുര്‍വേദപ്രകാരം വെളളരി ഏറെ ഔഷധഗുണമുളളതും, ശരീരക്ഷീണം മാറ്റുന്നതുമായ പച്ചക്കറിയാണ്‌. കാര്‍ബോഹൈട്രേറ്റ്‌, പെട്ടാസ്യം, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്‌ഫറസ്‌, സോഡിയം കാത്സ്യം എന്നിവ ഇതില്‍ ധാരളമുണ്ട്‌. പ്രോട്ടീന്‍, ഇരുമ്പ്‌ എന്നിവയുമുണ്ട്‌.
വെള്ളരി ചതച്ചു പിഴിഞ്ഞ നീര്‌ ഒരു ഗ്ലാസ്‌ എടുത്ത്‌ അതില്‍ രണ്ടു ടീസ്‌പൂണ്‍ നാരങ്ങാനീര്‌ ചേര്‍ത്തു ദിവസേന കഴിച്ചാല്‍ മൂത്രതടസം മാറും. ചര്‍മ്മത്തിന്റെ സൗന്ദര്യത്തിന് വെള്ളരി ഒരു ഔഷധമാണ്. ശരീരം തണുപ്പിക്കാനും വെള്ളരി നല്ലതാണ്‌. അധികം മൂക്കാത്ത വെള്ളരി നിത്യവും പച്ചയ്‌ക്കു കഴിക്കുന്നത്‌ നല്ലതാണ്‌. പ്രത്യേകിച്ചും പ്രമേഹരോഗികള്‍ക്കുണ്ടാകുന്ന പരവേശം ശമിപ്പിക്കും. വയറിളക്കം, ഛര്‍ദ്ദി എന്നിവ മൂലം നിര്‍ജലീകരണം ഉണ്ടായാല്‍ വെള്ളരിയുടെ ഇലയും തണ്ടും പിഴിഞ്ഞ്‌ എടുത്ത നീരും സമം കരിക്കിന്‍ വെള്ളവും ചേര്‍ത്ത്‌ രണ്ട്‌ ഔണ്‍സ്‌ വീതം പലവട്ടം കഴിക്കുക.
വെള്ളരിക്കുരു പാലില്‍ അരച്ചിട്ടു നാഭിയിലിട്ടാല്‍ മൂത്രതടസം മാറും. മൂത്രച്ചൂടിനു വെള്ളരിക്ക അരച്ചു പച്ചവെള്ളത്തില്‍ കലര്‍ത്തി ശര്‍ക്കരയും ചേര്‍ത്തു കഴിച്ചാല്‍ നല്ല ആശ്വാസം കിട്ടും. വെള്ളരിക്ക ചെറു കഷണങ്ങളാക്കി മുറിച്ച്‌ ഉപ്പും കുരുമുളകുപൊടിയും വിതറി വേനല്‍കാലങ്ങളില്‍ ഉപയോഗിച്ചാല്‍ ദാഹം ശമിക്കുന്നതോടൊപ്പം മൂത്രദോഷവും മാറും.

വെണ്ടക്ക ഒരു ഔഷധം (Lady's finger)


മുന്‍കാല ജീവിതാവസ്ഥകള്‍ക്ക് വന്ന മാറ്റം നമ്മുടെ ഭക്ഷണരീതിയില്‍ വരുത്തിയ വ്യതിയാനം അത്ര ചെറുതല്ല. എല്ലാ വീടുകളുടെയും അടുക്കളത്തോട്ടത്തില്‍ നിന്നും ഒരു ദിവസമെങ്കിലും ഭക്ഷണമേശയില്‍ എത്തിയിരുന്ന കാലം, പല രോഗങ്ങള്‍ക്കുമുള്ള ഔഷധം സ്വന്തം വീട്ടുമുറ്റത്തുനിന്നും കിട്ടിയിരുന്ന കാലം ഇപ്പോള്‍ വായിച്ചും പറഞ്ഞും മാത്രമുള്ള ഓര്‍മ്മകളാകുന്നു. ഓരോ കുടുംബവും ഓരോ വൈദ്യശാലയായിരുന്ന ആ കാലത്തേക്ക് തിരികെ പോകാന്‍ പറ്റിയില്ലെങ്കിലും പരിമിതമായ നമ്മുടെ ചുറ്റുവട്ടത്തും ടെറസിലുമൊക്കെ അത്യാവശ്യം പച്ചക്കറികള്‍ വളര്‍ത്തി വിഷവിപണിയെ കുറച്ചെങ്കിലും നേരിടാന്‍ നമുക്ക് പറ്റിയേക്കും.
പച്ചക്കറികള്‍ നല്‍കുന്ന രുചിക്കൂട്ടുകള്‍പ്പുറത്തേക്ക് ഔഷധഗുണങ്ങളുടെ ഒരു വലിയ ലോകമുണ്ട്. ഭക്ഷണമായി നമ്മള്‍ കഴിക്കുന്ന പല പച്ചക്കറികളുടെയും ഔഷധഗുണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പംക്തിയാണിത്.
സാമ്പാറിലും, തീയലിലും
തോരനായും ഉപ്പേരിയായുമൊക്കെ നമ്മള്‍ ഉപയോഗിക്കുന്ന വെണ്ടയ്ക്ക വഴുവഴുപ്പന്‍ സ്വഭാവമുള്ള ഒരു പച്ചക്കറിമാത്രമല്ല പ്രോട്ടീനും, ഇരുമ്പും കാല്‍സ്യവും വൈറ്റമിന്‍സും അടങ്ങിയ ആഹാരമാണ്. ഫോളിക് ആസിഡിന്റെയും ഫ്‌ളുനോയിഡുകളുടെയും കലവറയായ വെണ്ടക്കായില്‍ മാംഗനീസും മഗനീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരപുഷ്ടി ആവശ്യമുള്ളവര്‍ വെറുംവയറ്റില്‍ എല്ലാദിവസവും രാവിലെ ഓരോ വെണ്ടയ്ക്ക പാകം ചെയ്യാതെ കഴിക്കുക. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും നന്നായി പ്രയോജനപ്പെടും. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ ഏറ്റവും ആദ്യം ഉള്‍പ്പെടുത്തേണ്ട വിഭവമാണ് വെണ്ടക്ക. കാരണം ഷുഗറിന്റെ ആഗീരണ നിരക്കു കുറച്ച് രക്തത്തിലെ പഞ്ചസാര നിരക്കിനെ സ്ഥിരമായി നിലനിര്‍ത്താന്‍ വെണ്ടക്ക് സഹായിക്കുന്നു. ദഹവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് വെണ്ടക്ക ഒരു ഔഷധമാണ്. ആസിഡുകളെ നിര്‍വീര്യമാക്കുന്നതിനുള്ള കഴിവുള്ളതിനാല്‍ അള്‍സര്‍ രോഗികള്‍ സ്ഥിരമായി വെണ്ടക്ക കഴിക്കേണ്ടതാണ്.
വെണ്ടക്കയിലെ ബീറ്റകരോട്ടിന്‍ തിമിരത്തിന്റെ സാധ്യത കുറയ്ക്കും. ആയതിനാല്‍ വെണ്ടക്ക സൂപ്പ് കൊച്ചുകുട്ടികളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമായാല്‍ കാഴ്ചശക്തിക്ക് നല്ലതാണ്. നാരുകളുടെ ഒരു വലിയ കലവറയായ വെണ്ടക്ക ഉദരസുഖം നല്‍കുകയും കുടല്‍ സംബന്ധമായ രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു. നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ വെണ്ടക്ക കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. വെറും വഴുവഴുപ്പനായി നമ്മള്‍ തള്ളിക്കളയുന്ന വെണ്ടക്ക അത്ര സാധാരണക്കാരനല്ല. എന്നുമാത്രമല്ല നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കേണ്ട പച്ചക്കറിയുമാണ്.
* ഇളം വെണ്ടക്കയിട്ട് വേവിച്ച വെള്ളത്തില്‍ ്ആവി കൊണ്ടാല്‍ ജലദോഷവും ഒച്ചയടപ്പും ചുമയും കുറയും
* പതിവായി വെണ്ടക്ക അരച്ച് മുഖത്തു പുരട്ടിയാല്‍ മുഖക്കുരുവും കറുത്തപാടുകളും മാറും
* ഇളം വെണ്ടക്ക പച്ചയ്ക്ക് സ്ഥിരമായി കഴിച്ചാല്‍ രക്തത്തിലെ ഷുഗറും കൊളസ്‌ട്രോളും കുറയും.


ഗ്രീന്‍ ലൈഫ് വിത്ത്   ഗ്രീ൯ 

ഇന്ന് പലര്‍ക്കും ചായയ്ക്കും കാപ്പിയ്ക്കും പകരം ഗ്രീന്‍ ടീ ആണ് ഉപയോഗിക്കുന്നത്. ഗ്രീന്‍ ടീയുടെ ഗുണം അറിഞ്ഞാണോ നമ്മള്‍ പലും ഇതുപയോഗിക്കുന്നത് എന്ന് സംശയമുണ്ട്. ആന്റി ഓക്‌സിഡന്റ്‌സിന്റെ ഒരു വലയി കലവറയാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ എടുത്തു പറയേണ്ട മൂന്നു ഘടകങ്ങള്‍ കഫീന്‍, കാറ്റെച്ചിന്‍, തിയാന്‍ എന്നിവയാണ്. ഇതിലെ ആദ്യത്തെ രണ്ടു ഘടകങ്ങള്‍ (കഫീന്‍, കാറ്റെച്ചിന്‍) ഭാരനഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രീന്‍ടീയിലെ കഫീന്‍ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ഉപാചയപ്രവര്‍ത്തനത്തോട് സമാനമായ തെര്‍മോജനസിസ് ഉദ്പാദിപ്പിക്കുകയും കൊഴുപ്പ് അലിഞ്ഞ് പോകുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കാറ്റെച്ചിന്‍ അമിതവണ്ണത്തിന് ഒരു പരിഹാരമാണ്. ആഹാരത്തിലെ കൊഴുപ്പ് ശരീരത്തില്‍ നിന്നും പുറത്ത് പോകാന്‍ കാറ്റെച്ചിന്‍ സഹായിക്കുന്നു. ഇക്കാരണങ്ങള്‍ക്കൊപ്പം തന്നെ ഗ്രീന്‍ടീയില്‍ പലരും പാലും മധുരവും ചേര്‍ക്കാറില്ല എന്നത് ഏറെ പ്രധാപ്പെട്ട കാര്യമാണ്. പാലിന്റെ കൊഴുപ്പും മധുരവും നല്‍കുന്ന കലോറി ഒഴിവാകുന്നതോടെ ആരോഗ്യകരമായ ഒരു പാനീയമായി ഗ്രീന്‍ ടീ മാറും. തിയാന്‍ എന്ന ഘടകം ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. സ്‌ട്രെസ് കുറയ്ക്കാന്‍ തിയാന്‍ കാരണമാകുന്നു. ഇത്തരത്തിലുള്ള ഗുണഗണങ്ങള്‍ ഏറെയുള്ള ഗ്രീന്‍ ടീ ഇന്ന് നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമായികഴിഞ്ഞു. കഴിതും ചായയും പാലും ഒഴിവാക്കി ഗ്രീന്‍ ടീ ശീലമാക്കുന്നതാണ് നന്ന്.