Freitag, 31. Mai 2013

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍

1. കര്‍പ്പൂരതുളസി.
യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റി-ഓക്സിഡന്റുകളുടെ മറ്റൊരു കലവറയാണ്‌ കര്‍പ്പൂരതുളസി. ഇതിനും അള്‍ഷിമേഴ്സ്‌ രോഗത്തെ ചെറുക്കാനുള്ള ശേഷിയുണ്ടെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. മസ്തിഷ്ക കോശങ്ങളെ ദോഷകരമായി ബാധിക്കുന്ന ബീറ്റ- അമിലോയ്ഡിനെ പ്രതിരോധിക്കാനും കര്‍പ്പൂരതുളസിയിലടങ്ങയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക്‌ കഴിയും. മസ്തിഷ്ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കാനും ബുദ്ധിശക്തി കൂട്ടാനും ഇതിനു കഴിവുണ്ട്‌.
2. റോസ്മെറി
കൂര്‍ത്ത ഇലകളുള്ള ഒരിനം സുഗന്ധച്ചെടിയാണ്‌ റോസ്മെറി. മസ്തിഷ്ക കോശങ്ങളെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ആന്റി-ഓക്സിഡന്റുകളെ ഉദ്പാദിപ്പിക്കാന്‍ കഴിയുന്ന കാര്‍നിക്‌ ആസിഡ്‌ അടങ്ങിയ ഔഷധച്ചെടി കൂടിയാണ്‌ റോസ്മെറി. രക്തത്തിലെ പഞ്ചസ്സാരയുടെ അളവ്‌ കുറയ്ക്കാനുള്ള കഴിവുമുണ്ട്‌. റോസ്മെറിയുടെ സുഗന്ധം വിദ്യാര്‍ത്ഥികളുടെ നാഡിമിഡിപ്പ്‌ കുറച്ച്‌ ഉത്കണ്ഠ ഒഴിവാക്കുമെന്ന്‌ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്‌. ഇവയുടെ സുഗന്ധത്തിന്‌ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
3. മഞ്ഞള്‍
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന രാസ വസ്തുവിന്‌ മസ്തിഷ്കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്‌. കുര്‍ക്കുമിന്‍ നല്ലൊരു ആന്റി ഓക്സിഡന്റു കൂടിയാണ്‌. അല്‍ഷിമേഴ്സ്‌ രോഗത്തിന്‌ കാരണമാകുന്ന ബിറ്റാ-അമിലോയ്ഡ്‌ എന്ന പദാര്‍ത്ഥം അടിഞ്ഞു കൂടുന്നത്‌ തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാനും കുര്‍ക്കുമിനു കഴിവുണ്ടെന്നാണ്‌ വിദഗ്ദ പഠനം.
4. കറുവപ്പട്ട
പ്രമേഹ രോഗികളുടെ സുഹൃത്താണ്‌ കറുവപ്പട്ട. ശരീരത്തിലെ ഇന്‍സുലിന്‍ ക്രമീകരിച്ച്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്ക്കാന്‍ കറുവപ്പട്ടയ്ക്ക്‌ ശേഷിയുണ്ട്‌. അതുപോലെ തന്നെ ശരീരത്തിലെ ചീത്ത കൊളസ്റ്റ്രോളിന്റെയും ട്രൈഗ്ലിസറൈഡ്സിന്റെയും അളവ്‌ കുറയ്ക്കാനും കറുവപ്പട്ടയ്ക്ക്‌ കഴിവുണ്ട്‌. നല്ലൊരു അന്റി ഓക്സിഡന്റ്‌ ദാതാവു കൂടിയാണ്‌ ഇത്‌.
5. വെളുത്തുള്ളി
കൂട്ടത്തില്‍ രാജാവ്‌ എന്നു വേണമെങ്കില്‍ പറയാം. അത്രയേറെ ഗുണങ്ങളാണ്‌ വെളുത്തുള്ളിയ്ക്കുള്ളത്‌. അള്‍ഷിമേഴ്സ്‌ രോഗത്തെ ചെറുക്കാനുള്ള കഴിവ്‌ വെളുത്തുള്ളിക്ക്‌ ഉണ്ടെന്നാണ്‌ ഏറ്റവും പുതിയ കണ്ടെത്തല്‍. ശരീരത്തിന്‌ ആവശ്യമായ ആന്റി ഓക്സിഡന്റുകളെ ഉത്പാദിപ്പിക്കാനുള്ള കഴിവ്‌ ഇതിനുണ്ട്‌. നെഞ്ചെരിപ്പില്‍ തടയും. കൊളസ്ട്രോള്‍ അളവ്‌ കുറയ്ക്കും. രക്തിത്തിലെ പ്ലേറ്റ്ലെറ്റ്‌ കട്ടപിടിക്കുന്നതും രക്തധമനികളില്‍ മാലിന്യങ്ങള്‍ അടിയുന്നതുംതടയും. രക്തസമ്മര്‍ദ്ദം കുറയ്ക്കും. ഹൃദയാഘാതം മൂലം മസ്തിഷ്ക കോശങ്ങള്‍ക്ക്‌ മുറിവുണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കും. ബീറ്റ-അമിലോയ്ഡ്‌ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനെ ചെറുക്കും. കോശമരണത്തില്‍ നിന്ന്‌ ന്യൂറോണുകളെ സംരക്ഷിക്കും.
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന പദാര്‍ത്ഥം സള്‍ഫിനിക്‌ ആസിഡ്‌ എന്ന ആന്റി-ഓക്സിഡന്റ്‌ ഉദ്പാദിപ്പിക്കും. കോശങ്ങള്‍ക്ക്‌ ഉണ്ടാകുന്ന തകരാറുകള്‍ ആന്റി ഓക്സിഡന്റ്കള്‍ പരിഹരിക്കും. ഇത്‌ യുവത്വം നില നിര്‍ത്താന്‍ സഹായിക്കും. മസ്തിഷ്കത്തിന്റെ ഉണര്‍വ്വിനും വികാസത്തിനും ഏറ്റവും ഉത്തമമാണ്‌ വെളുത്തുള്ളി.
6. ഗ്രാമ്പു.
ഹൃദ്രോഗികള്‍ക്ക്‌ ഏറെ പ്രയോജനപ്പെടുന്നസുഗന്ധ വ്യഞ്ജനമാണ്‌ ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഗ്രാമ്പൂവില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ എന്ന സംയുക്തം രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കട്ടപിടിക്കുന്നത്‌ ഒഴിവാക്കൂം. ഗ്രാമ്പുവിനെ നിത്യ ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ രക്തം കട്ടപിടിച്ച്‌ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാം. ഇതിനു പുറമെ പ്രകൃതിദത്ത ആന്റി-ഓക്സിഡന്റുകളുടെ വലിയൊരു കലവറ കൂടിയാണ്‌ ഗ്രാമ്പൂ. മറ്റ്‌ ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന വിഷാംശം മൂലം ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം ഒരു പരിധി വരെ കുറയ്ക്കാനും ഗ്രാമ്പുവിന്‌ കഴിയുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഗ്രാമ്പുവിട്ട്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്‌.

കടപ്പാട്‌: മാത്രുഭൂമി ആരോഗ്യം

Keine Kommentare:

Kommentar veröffentlichen