Montag, 20. Mai 2013

Vegetables & Medicinal plants for good health



ഉള്ളിയുടെ ഗുണം
ഭക്ഷണത്തിനു രുചി നല്‍കു ന്നതു മാത്രമല്ല ഉള്ളിയുടെ ഗുണം. പല രോഗങ്ങള്‍ക്കും മരുന്നായും ഉള്ളി ഉപയോഗിക്കാം. വെളുത്തുള്ളി, സവാള, ചുവന്നുള്ളി തുടങ്ങി എല്ലാതരം ഉള്ളികളും ഔഷധഗുണമുള്ളവയാണ്‌. പല ആയുര്‍വേദ മരുന്നുകളിലും വെളുത്തുള്ളി ഒരു ഘടകമാണ്‌. വാതം, ക്ഷയം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ക്കുള്ള ഔഷധക്കൂട്ടില്‍ വെളുത്തുള്ളി ഉപയോഗിക്കുന്നു.

വാതരോഗത്തിനുള്ള ചികിത്സയായ ഇലക്കിഴിയിലും ധാന്യക്കിഴിയിലും വെളുത്തുള്ളി ചേര്‍ക്കാറുണ്ട്‌. ഞരമ്പുകള്‍ക്കും നാഡികള്‍ക്കും ശക്‌തിയേകാനും കാന്‍സറിനെ പ്രതിരോധിക്കുവാനും ചുവന്നുള്ളിക്കു കഴിവുണ്ട്‌.

വിറ്റമിന്‍ ബിയും കാത്സ്യവും ധാരാളമായും വിറ്റമിന്‍ എയും വിറ്റമിന്‍ സിയും വിറ്റമിന്‍ ഡിയും ചെറിയ തോതിലും ചുവന്നുള്ളിയില്‍ അടങ്ങിയിരിക്കുന്നു. ചുവന്നുള്ളി ചതച്ചെടുത്ത നീര്‌ അര ഔണ്‍സ്‌ വീതം നാലു നേരം കഴിച്ചാല്‍ രണ്ടു ദിവസം കൊണ്ട്‌ ജലദോഷം മാറും.

സവാളയ്ക്കു കാന്‍സറിനെ പ്രതിരോ ധിക്കാനുള്ള കഴിവുണ്ടെന്നു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രോഗികള്‍ കിടക്കുന്ന മുറിയില്‍ സവാള നേര്‍മയായി അരിഞ്ഞു രണ്ടു മൂന്നിടത്തു വച്ചാല്‍ ആ മുറിയിലെ ബാക്ടീരിയകള്‍ നശിക്കും. ഉള്ളിനീര്‌ തളിച്ചാല്‍ ഈച്ചശല്യം ഒഴിവാക്കാം. മുറികള്‍ തുടയ്ക്കുമ്പോള്‍ വെള്ളത്തില്‍ അല്‍പം ഉള്ളിനീര്‌ ചേര്‍ക്കുന്നത്‌ അണുക്കള്‍ നശിക്കാന്‍ സഹായിക്കും.

 ഔഷധഗുണങ്ങളുള്ള വെള്ളരി
ആയുര്‍വേദപ്രകാരം വെളളരി ഏറെ ഔഷധഗുണമുളളതും, ശരീരക്ഷീണം മാറ്റുന്നതുമായ പച്ചക്കറിയാണ്‌. കാര്‍ബോഹൈട്രേറ്റ്‌, പെട്ടാസ്യം, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്‌ഫറസ്‌, സോഡിയം കാത്സ്യം എന്നിവ ഇതില്‍ ധാരളമുണ്ട്‌. പ്രോട്ടീന്‍, ഇരുമ്പ്‌ എന്നിവയുമുണ്ട്‌.
വെള്ളരി ചതച്ചു പിഴിഞ്ഞ നീര്‌ ഒരു ഗ്ലാസ്‌ എടുത്ത്‌ അതില്‍ രണ്ടു ടീസ്‌പൂണ്‍ നാരങ്ങാനീര്‌ ചേര്‍ത്തു ദിവസേന കഴിച്ചാല്‍ മൂത്രതടസം മാറും. ചര്‍മ്മത്തിന്റെ സൗന്ദര്യത്തിന് വെള്ളരി ഒരു ഔഷധമാണ്. ശരീരം തണുപ്പിക്കാനും വെള്ളരി നല്ലതാണ്‌. അധികം മൂക്കാത്ത വെള്ളരി നിത്യവും പച്ചയ്‌ക്കു കഴിക്കുന്നത്‌ നല്ലതാണ്‌. പ്രത്യേകിച്ചും പ്രമേഹരോഗികള്‍ക്കുണ്ടാകുന്ന പരവേശം ശമിപ്പിക്കും. വയറിളക്കം, ഛര്‍ദ്ദി എന്നിവ മൂലം നിര്‍ജലീകരണം ഉണ്ടായാല്‍ വെള്ളരിയുടെ ഇലയും തണ്ടും പിഴിഞ്ഞ്‌ എടുത്ത നീരും സമം കരിക്കിന്‍ വെള്ളവും ചേര്‍ത്ത്‌ രണ്ട്‌ ഔണ്‍സ്‌ വീതം പലവട്ടം കഴിക്കുക.
വെള്ളരിക്കുരു പാലില്‍ അരച്ചിട്ടു നാഭിയിലിട്ടാല്‍ മൂത്രതടസം മാറും. മൂത്രച്ചൂടിനു വെള്ളരിക്ക അരച്ചു പച്ചവെള്ളത്തില്‍ കലര്‍ത്തി ശര്‍ക്കരയും ചേര്‍ത്തു കഴിച്ചാല്‍ നല്ല ആശ്വാസം കിട്ടും. വെള്ളരിക്ക ചെറു കഷണങ്ങളാക്കി മുറിച്ച്‌ ഉപ്പും കുരുമുളകുപൊടിയും വിതറി വേനല്‍കാലങ്ങളില്‍ ഉപയോഗിച്ചാല്‍ ദാഹം ശമിക്കുന്നതോടൊപ്പം മൂത്രദോഷവും മാറും.

വെണ്ടക്ക ഒരു ഔഷധം (Lady's finger)


മുന്‍കാല ജീവിതാവസ്ഥകള്‍ക്ക് വന്ന മാറ്റം നമ്മുടെ ഭക്ഷണരീതിയില്‍ വരുത്തിയ വ്യതിയാനം അത്ര ചെറുതല്ല. എല്ലാ വീടുകളുടെയും അടുക്കളത്തോട്ടത്തില്‍ നിന്നും ഒരു ദിവസമെങ്കിലും ഭക്ഷണമേശയില്‍ എത്തിയിരുന്ന കാലം, പല രോഗങ്ങള്‍ക്കുമുള്ള ഔഷധം സ്വന്തം വീട്ടുമുറ്റത്തുനിന്നും കിട്ടിയിരുന്ന കാലം ഇപ്പോള്‍ വായിച്ചും പറഞ്ഞും മാത്രമുള്ള ഓര്‍മ്മകളാകുന്നു. ഓരോ കുടുംബവും ഓരോ വൈദ്യശാലയായിരുന്ന ആ കാലത്തേക്ക് തിരികെ പോകാന്‍ പറ്റിയില്ലെങ്കിലും പരിമിതമായ നമ്മുടെ ചുറ്റുവട്ടത്തും ടെറസിലുമൊക്കെ അത്യാവശ്യം പച്ചക്കറികള്‍ വളര്‍ത്തി വിഷവിപണിയെ കുറച്ചെങ്കിലും നേരിടാന്‍ നമുക്ക് പറ്റിയേക്കും.
പച്ചക്കറികള്‍ നല്‍കുന്ന രുചിക്കൂട്ടുകള്‍പ്പുറത്തേക്ക് ഔഷധഗുണങ്ങളുടെ ഒരു വലിയ ലോകമുണ്ട്. ഭക്ഷണമായി നമ്മള്‍ കഴിക്കുന്ന പല പച്ചക്കറികളുടെയും ഔഷധഗുണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പംക്തിയാണിത്.
സാമ്പാറിലും, തീയലിലും
തോരനായും ഉപ്പേരിയായുമൊക്കെ നമ്മള്‍ ഉപയോഗിക്കുന്ന വെണ്ടയ്ക്ക വഴുവഴുപ്പന്‍ സ്വഭാവമുള്ള ഒരു പച്ചക്കറിമാത്രമല്ല പ്രോട്ടീനും, ഇരുമ്പും കാല്‍സ്യവും വൈറ്റമിന്‍സും അടങ്ങിയ ആഹാരമാണ്. ഫോളിക് ആസിഡിന്റെയും ഫ്‌ളുനോയിഡുകളുടെയും കലവറയായ വെണ്ടക്കായില്‍ മാംഗനീസും മഗനീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരപുഷ്ടി ആവശ്യമുള്ളവര്‍ വെറുംവയറ്റില്‍ എല്ലാദിവസവും രാവിലെ ഓരോ വെണ്ടയ്ക്ക പാകം ചെയ്യാതെ കഴിക്കുക. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും നന്നായി പ്രയോജനപ്പെടും. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ ഏറ്റവും ആദ്യം ഉള്‍പ്പെടുത്തേണ്ട വിഭവമാണ് വെണ്ടക്ക. കാരണം ഷുഗറിന്റെ ആഗീരണ നിരക്കു കുറച്ച് രക്തത്തിലെ പഞ്ചസാര നിരക്കിനെ സ്ഥിരമായി നിലനിര്‍ത്താന്‍ വെണ്ടക്ക് സഹായിക്കുന്നു. ദഹനവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് വെണ്ടക്ക ഒരു ഔഷധമാണ്. ആസിഡുകളെ നിര്‍വീര്യമാക്കുന്നതിനുള്ള കഴിവുള്ളതിനാല്‍ അള്‍സര്‍ രോഗികള്‍ സ്ഥിരമായി വെണ്ടക്ക കഴിക്കേണ്ടതാണ്.
വെണ്ടക്കയിലെ ബീറ്റകരോട്ടിന്‍ തിമിരത്തിന്റെ സാധ്യത കുറയ്ക്കും. ആയതിനാല്‍ വെണ്ടക്ക സൂപ്പ് കൊച്ചുകുട്ടികളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമായാല്‍ കാഴ്ചശക്തിക്ക് നല്ലതാണ്. നാരുകളുടെ ഒരു വലിയ കലവറയായ വെണ്ടക്ക ഉദരസുഖം നല്‍കുകയും കുടല്‍ സംബന്ധമായ രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു. നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ വെണ്ടക്ക കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. വെറും വഴുവഴുപ്പനായി നമ്മള്‍ തള്ളിക്കളയുന്ന വെണ്ടക്ക അത്ര സാധാരണക്കാരനല്ല. എന്നുമാത്രമല്ല നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കേണ്ട പച്ചക്കറിയുമാണ്.
* ഇളം വെണ്ടക്കയിട്ട് വേവിച്ച വെള്ളത്തില്‍ ്ആവി കൊണ്ടാല്‍ ജലദോഷവും ഒച്ചയടപ്പും ചുമയും കുറയും
* പതിവായി വെണ്ടക്ക അരച്ച് മുഖത്തു പുരട്ടിയാല്‍ മുഖക്കുരുവും കറുത്തപാടുകളും മാറും
* ഇളം വെണ്ടക്ക പച്ചയ്ക്ക് സ്ഥിരമായി കഴിച്ചാല്‍ രക്തത്തിലെ ഷുഗറും കൊളസ്‌ട്രോളും കുറയും.


ഗ്രീന്‍ ലൈഫ് വിത്ത്   ഗ്രീ൯  ടീ

ഇന്ന് പലര്‍ക്കും ചായയ്ക്കും കാപ്പിയ്ക്കും പകരം ഗ്രീന്‍ ടീ ആണ് ഉപയോഗിക്കുന്നത്. ഗ്രീന്‍ ടീയുടെ ഗുണം അറിഞ്ഞാണോ നമ്മള്‍ പലും ഇതുപയോഗിക്കുന്നത് എന്ന് സംശയമുണ്ട്. ആന്റി ഓക്‌സിഡന്റ്‌സിന്റെ ഒരു വലയി കലവറയാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ എടുത്തു പറയേണ്ട മൂന്നു ഘടകങ്ങള്‍ കഫീന്‍, കാറ്റെച്ചിന്‍, തിയാന്‍ എന്നിവയാണ്. ഇതിലെ ആദ്യത്തെ രണ്ടു ഘടകങ്ങള്‍ (കഫീന്‍, കാറ്റെച്ചിന്‍) ഭാരനഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രീന്‍ടീയിലെ കഫീന്‍ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ഉപാചയപ്രവര്‍ത്തനത്തോട് സമാനമായ തെര്‍മോജനസിസ് ഉദ്പാദിപ്പിക്കുകയും കൊഴുപ്പ് അലിഞ്ഞ് പോകുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കാറ്റെച്ചിന്‍ അമിതവണ്ണത്തിന് ഒരു പരിഹാരമാണ്. ആഹാരത്തിലെ കൊഴുപ്പ് ശരീരത്തില്‍ നിന്നും പുറത്ത് പോകാന്‍ കാറ്റെച്ചിന്‍ സഹായിക്കുന്നു. ഇക്കാരണങ്ങള്‍ക്കൊപ്പം തന്നെ ഗ്രീന്‍ടീയില്‍ പലരും പാലും മധുരവും ചേര്‍ക്കാറില്ല എന്നത് ഏറെ പ്രധാപ്പെട്ട കാര്യമാണ്. പാലിന്റെ കൊഴുപ്പും മധുരവും നല്‍കുന്ന കലോറി ഒഴിവാകുന്നതോടെ ആരോഗ്യകരമായ ഒരു പാനീയമായി ഗ്രീന്‍ ടീ മാറും. തിയാന്‍ എന്ന ഘടകം ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. സ്‌ട്രെസ് കുറയ്ക്കാന്‍ തിയാന്‍ കാരണമാകുന്നു. ഇത്തരത്തിലുള്ള ഗുണഗണങ്ങള്‍ ഏറെയുള്ള ഗ്രീന്‍ ടീ ഇന്ന് നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമായികഴിഞ്ഞു. കഴിതും ചായയും പാലും ഒഴിവാക്കി ഗ്രീന്‍ ടീ ശീലമാക്കുന്നതാണ് നന്ന്.


Donnerstag, 25. April 2013

Manorama Online | Health |

Manorama Online | Health |



ഉദരഭാരം കുറയ്ക്കാന്‍ ഭുജംഗാസനം
ഭുജംഗം എന്നാല്‍ പാമ്പ്‌ എന്നാണ ര്‍ഥം. നട്ടെല്ലിന്‌ വഴക്കവും ആരോഗ്യവും ശക്‌തിയും ലഭിക്കുന്നു. അടിവയറിന്‌ കൂടുതല്‍ സമ്മര്‍ദം ഏല്‍ക്കുന്ന ആസനമാണിത്‌. സ്‌ത്രീകള്‍ക്ക്‌ അത്യുത്തമമായ ആസനങ്ങളില്‍ ഒന്നാണ്‌. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍, നടുവേദന, കഴുത്ത്‌ വേദന, പ്രമേഹം, ആസ്‌തമ, വൃക്കരോഗങ്ങള്‍, ഉദരരോഗങ്ങള്‍ എന്നിവയ്ക്ക്‌ വളരെ പ്രയോജനകരമാണ്‌ ഭുജംഗാസനം. ഇരുന്നും നിന്നും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ചെയ്യുക. അള്‍സര്‍, ഹെര്‍ണിയ, കുടല്‍രോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്‌ ഇവയുള്ളവര്‍ യോഗ വിദഗ്ധോപദേശങ്ങള്‍ക്കു ശേഷം മാത്രം പരീക്ഷിക്കുക.

ടൈപ്പ്‌ 1
1. കാലുകള്‍ ചേര്‍ത്ത്‌, കൈകള്‍ ശിരസിനു മുകളില്‍ നിവര്‍ത്തി നിലത്തു വച്ച്‌, താടി നിലത്ത്‌ സ്പര്‍ശിച്ച്‌ കമിഴ്‌ന്ന്‌ കിടക്കുക. (സ്റ്റാര്‍ട്ടിങ്‌ പൊസിഷന്‍).
2. രണ്ടു കൈപ്പത്തികളും വാരിയെല്ലുകളുടെ വശങ്ങളില്‍ ശരീരത്തോടു ചേര്‍ത്ത്‌ നിലത്തു വയ്ക്കുക.
3. കൈകള്‍ക്കു ബലം കൊടുക്കാതെ ഉദരത്തിന്റെ ബലത്തില്‍ ശ്വാസം എടുത്തുകൊണ്ട്‌ ശിരസും ശരീരവും ഉയര്‍ത്തുക. സാധാരണ ശ്വാസഗതിയില്‍ അല്‍പ സമയം ഇതേ സ്ഥിതിയില്‍ തുടരുക.
4. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട്‌ ശിരസും ശരീരവും താഴ്ത്തി, കാലുകള്‍ അകത്തി കാല്‍പാദങ്ങള്‍ രണ്ടു വശങ്ങളിലേക്കും തിരിച്ച്‌ കൈകള്‍ മുന്നില്‍ തോളിനു സമാന്തരമായി കോര്‍ത്തുവച്ച്‌ താടിയോ നെറ്റിയോ കൈകളില്‍ വച്ച്‌ സാധാരണ ശ്വാസഗതിയില്‍ ശരീരം അയച്ച്‌ വിശ്രമിക്കുക.

ടൈപ്പ്‌ 2
1. കാലുകള്‍ ചേര്‍ത്ത്‌, കൈകള്‍ ശിരസിനു മുകളില്‍ നിവര്‍ത്തി നിലത്തു വച്ച്‌ താടി നിലത്തു സ്പര്‍ശിച്ച്‌ കമിഴ്‌ന്ന്‌ കിടക്കുക.
2. രണ്ടു കൈകളും ശരീരത്തിന്‌ പിന്നിലേക്കു കൊണ്ടുവന്ന്‌ വലതുകൈത്തണ്ടയില്‍ ഇടതുകൈകൊണ്ടു പിടിക്കുക.
3. ശ്വാസം എടുത്തുകൊണ്ട്‌ ശിരസും ശരീരവും ഉയര്‍ത്തി കൈകള്‍ താഴേക്കു നന്നായി വലിച്ചുകൊണ്ട്‌ തോളുകള്‍ പിന്നിലേക്കു കൊണ്ടുവന്ന്‌ നെഞ്ച്‌ വികസിപ്പിക്കുക. സാധാരണ ശ്വാസഗതിയില്‍ അല്‍പസമയം നില്‍ക്കുക.
4. ശ്വാസം വിട്ടുകൊണ്ട്‌ താഴ്‌ന്ന്‌, കൈകള്‍ അഴിച്ച്‌ മുന്നില്‍ തോളിന്‌ സമാന്തരമായി കോര്‍ത്തുവച്ച്‌ താടിയോ, നെറ്റിയോ കൈകളില്‍ വച്ച്‌ കാലുകള്‍ അകത്തി കാല്‍പാദങ്ങള്‍ രണ്ടു വശങ്ങളിലേക്കു തിരിച്ച്‌ ശരീരം അയച്ച്‌ സാധാരണ ശ്വാസഗതിയില്‍ വിശ്രമിക്കുക.

ടൈപ്പ്‌ 3
1. കാലുകള്‍ ചേര്‍ത്ത്‌, കൈകള്‍ ശിരസിനു മുകളില്‍ നിവര്‍ത്തി നിലത്തു വച്ച്‌ താടി നിലത്ത്‌ സ്പര്‍ശിച്ച്‌ കമിഴ്‌ന്നു കിടക്കുക.
2. രണ്ടു കൈപ്പത്തികളും വാരിയെല്ലുകളുടെ വശങ്ങളില്‍ ശരീരത്തോടു ചേര്‍ത്ത്‌ നിലത്തു വയ്ക്കുക.
3. ശ്വാസം എടുത്തുകൊണ്ട്‌ ശിരസും ശരീരവും കൈകളില്‍ ഊന്നി കൈമുട്ടുകള്‍ നിവര്‍ത്തി ഉയര്‍ത്തി പിന്നിലേക്ക്‌ വളയുക. സാധാരണ ശ്വാസഗതിയില്‍ അല്‍പസമയം ഇതേ സ്ഥിതിയില്‍ നില്‍ക്കുക.
4. ശ്വാസം വിട്ട്‌ താഴ്‌ന്ന്‌ കാലുകള്‍ അകത്തി കാല്‍പ്പത്തികള്‍ ഇരുവശങ്ങളിലേക്കും തിരിച്ച്‌ കൈകള്‍ തോളിനു സമാന്തരമായി കോര്‍ത്ത്‌ നെറ്റിയോ താടിയോ കൈകളില്‍ വച്ച്‌ സാധാരണ ശ്വാസഗതിയില്‍ ശരീരം അയച്ച്‌ വിശ്രമിക്കുക.

വ്യായാമം ചെയ്യേണ്ട ക്രമം
1. വജ്രാസനത്തില്‍ ഇരുന്ന്‌ സര്‍വേശ്വരനെ പ്രാര്‍ഥിച്ച്‌, യോഗ ആരംഭിക്കുക.
2. ശശാങ്കാസനശ്വസനം, വ്യാഘ്രശ്വസനം, കണങ്കാല്‍ വലിച്ചുള്ള ശ്വസനം ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം - 9 തവണ
3. ജോഗിങ്‌ (പിന്നോട്ട്‌) - 20-25 തവണ
4. ജോഗിങ്‌ (മുന്നോട്ട്‌) - 10-15 തവണ
5. മുഖധൗതി - 3-4 തവണ
6. അരക്കെട്ട്‌ വശങ്ങളിലേക്ക്‌ വളയ്ക്കല്‍ - 10 തവണ
7. അരക്കെട്ട്‌ തിരിക്കല്‍ - 10 തവണ
8. കാല്‍പത്തിയിലും ഉപ്പൂറ്റിയിലും ഇരുന്നുള്ള വ്യായാമം - 10 തവണ
9. അരക്കെട്ട്‌ മുന്നോട്ടും പിന്നോട്ടും വളയല്‍ - 10 തവണ
10. കുനിഞ്ഞ്‌ അരക്കെട്ട്‌ തിരിക്കല്‍ - 10 തവണ
11. അര്‍ഥപതംഗം - 10 തവണ
12. പൂര്‍ണപതംഗം - 10 തവണ
13. പുഷ്‌ അപ്‌ - 10 തവണ
14. പവന മുക്‌താസന ക്രിയ 1 - 10 തവണ
15. പവന മുക്‌താസന ക്രിയ 2 - 10 തവണ
16. പവന മുക്‌താസന ക്രിയ 3 - 10 തവണ
17. ഉത്താനപാദം - 10 തവണ
18. പാദചലനം (സൈക്ലിങ്‌) - 10 തവണ
19. ജഠരപരിവര്‍ത്തന്‍ - 10 തവണ
20. അര്‍ധകടി ചക്രാസനം ഓരോ വശത്തേക്കും - 10 തവണ
21. ഉത്കടാസനം - 10 തവണ
22. അര്‍ധ ചക്രസാനം - 10 തവണ
23. പാദഹസ്‌താസനം - 10 തവണ
24. പാര്‍ശ്വോത്താസനം - 5 തവണ
25. വീരഭദ്രാസനം - 5 തവണ
26. ഉത്ഥിത പാര്‍ശ്വകോണാസനം - 5 തവണ
27. പശ്ചിമോത്താസനം - 5 തവണ
28. ഉഷ്ട്രാസനം - 5 തവണ
29. വക്രാസനം - 5 തവണ
30. ശവാസനം, പൂര്‍ണവിശ്രാന്തി - 5 മിനിറ്റ്‌
ഓരോ പരിശീലനത്തിനുശേഷവും 10-15 സെക്കന്‍ഡ്‌ ശരീരം അയച്ചു വിശ്രമിക്കുക.

മേല്‍പറഞ്ഞവയില്‍ 1,2,3,4,5,14,15,16,17,21,24,27,30 എന്നിവയും സൂര്യനമസ്കാരവും (കുറഞ്ഞതു മൂന്നു തവണ) ദിവസവും ചെയ്യണം. 6,7,8,9,10,11,12,13,18,19,22,23,24,26,28,30 ഇവയില്‍ മൂന്നോ നാലോ എണ്ണം ഓരോ ദിവസവും മാറി മാറി ശീലിക്കുക.

ചുറുചുറുക്കുണ്ടോ എന്നറിയാന്‍
നിങ്ങള്‍ക്ക്‌ ചുറുചുറുക്ക്‌ കുറവാണോയെന്ന്‌ സംശയമുണ്ടോ. ചുറുചുറുക്ക്‌ നിര്‍ണയിക്കുന്നത്‌ എങ്ങനെയെന്ന്‌ മാനസികരോഗ വിദഗ്ധര്‍ വ്യക്‌തമാക്കുന്നു. ശാരീരികവും മാനസികവുമായ ചുറുചുറുക്ക്‌ എന്നാല്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഒരു കാര്യം എത്ര വേഗതയിലും കൃത്യതയിലും കാര്യക്ഷമമായി ചെയ്‌തു തീര്‍ക്കാന്‍ കഴിയുന്നു എന്നതാണ്‌. കാര്യക്ഷമമായി ജോലി ചെയ്യുന്നതിനും ഫുട്ബോള്‍, ക്രിക്കറ്റ്‌ അങ്ങനെ മിക്ക കളികളിലും ചുറുചുറുക്കിന്‌ വന്‍ പ്രാധാന്യമുണ്ട്‌.

ചുറുചുറുക്കുണ്ടോ എന്ന്‌ കണ്ടെത്താന്‍ ലളിതമായ വഴിയിതാ:
ഒമ്പത്‌ അടി അകലത്തിലും 18 അടി അകലത്തിലുമായി രണ്ടു പോയിന്റുകള്‍ അടയാളപ്പെടുത്തുക. ഇതില്‍ അകലെയുള്ള പോയിന്റില്‍ രണ്ടു ചെറിയ ബോളുകള്‍ വയ്ക്കുക.

സ്റ്റോപ്‌ വാച്ച്‌ സ്റ്റാര്‍ട്ട്‌ ചെയ്‌ത ശേഷം ഒന്നാം പോയിന്റില്‍ നിന്ന്‌ രണ്ടാമത്തെ പോയിന്റിലേക്ക്‌ ഓടുക. അവിടെ നിന്ന്‌ ഒരു ബോള്‍ എടുത്തു കൊണ്ടു വന്ന്‌ ഒന്നാമത്തെ പോയിന്റില്‍ വയ്ക്കുക. ഇത്‌ ഒരു തവണ കൂടി ആവര്‍ത്തിച്ചിട്ട്‌ സ്റ്റോപ്‌ വാച്ച്‌ നിര്‍ത്തുക.

നിങ്ങള്‍ 10 സെക്കന്‍ഡിനുള്ളില്‍ ഇത്‌ പൂര്‍ത്തിയാക്കിയെങ്കില്‍ ആവശ്യത്തിന്‌ ചുറുചുറുക്കുണ്ടെന്ന്‌ കരുതാം. ഒന്‍പതു സെക്കന്‍ഡിനുള്ളിലാണ്‌ ഇത്‌ തീര്‍ത്തതെങ്കില്‍ കൂടുതല്‍ ചുറുചുറുക്കുണ്ടെന്ന്‌ ഉറപ്പിക്കാം.

യോഗസാധക്‌ കെ. ശങ്കര്‍ നമ്പൂതിരി, സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠം, കോട്ടയം



Donnerstag, 18. April 2013

Manorama Online | Home |

Manorama Online | Home |

പാടുന്ന പൈങ്കിളിക്ക്‌ ജന്‍മശതാബ്ദി
ജി. പ്രമോദ്‌
പൈങ്കിളിസാഹിത്യത്തിന്റെ പച്ചത്തുരുത്തിലെ പാടുന്ന പൈങ്കിളി മുട്ടത്തുവര്‍ക്കിക്ക്‌ ജന്‍മശതാബ്ദി. മലയാള നോവല്‍സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ്‌ മുട്ടത്തുവര്‍ക്കി . തന്റെ നോവലുകളിലൂടെയും കഥകളിലൂടെയും കാവ്യമാധുര്യമുള്ളൊരു കഥാപ്രപഞ്ചം സൃഷ്ടിച്ച്‌ അരനൂറ്റാണ്ടോളം കാലം അതിന്റെ നായകനായി വാണ എഴുത്തുകാരന്‍. നോവലും കഥയും നാടകവും വിവര്‍ത്തനവുമായി ഇരുന്നോറോളം കൃതികള്‍. പ്രേക്ഷകലക്ഷങ്ങളെ സൃഷ്ടിച്ച മൂപ്പത്തിയഞ്ചോളം സിനിമകളുടെ കഥകള്‍ സൃഷ്ടിച്ചത്‌ വര്‍ക്കിയുടെ നോവലുകളില്‍ നിന്നാണ്‌. മലയാളത്തിലെ ജനപ്രിയസാഹിത്യത്തിനു പൈങ്കിളിസാഹിത്യമെന്ന്‌ പേരുനേടിക്കൊടുത്ത്‌, ആ സാഹിത്യശാഖയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അഭിമാനിച്ച എഴുത്തുകാരന്‍. വിശേഷണങ്ങള്‍ നീളുകയാണ്‌. കാരണം , എഴുതുന്നതു മുട്ടത്തുവര്‍ക്കിയെക്കുറിച്ചാണ്‌. ഇണപ്രാവുകളും പാടാത്ത പൈങ്കിളിയും മറിയക്കുട്ടിയുമൊക്കെ സൃഷ്ടിച്ച്‌ സാക്ഷരകേരളത്തെ വായിച്ചാസ്വദിക്കുന്നവരുടെ വായനാകേരളമാക്കി മാറ്റിയ എഴുത്തുകാരനെക്കുറിച്ച്‌.

" ശരിയാണ്‌. പൈങ്കിളി തന്നെയാണ്‌. തുഞ്ചന്‍പറമ്പിലെ തത്തയുടെ പാരമ്പര്യമാണ്‌ എന്നെ നയിക്കുന്നത്‌. പൈങ്കിളികള്‍ കെട്ടിപ്പൊക്കിയ എന്റെ സാമ്രാജ്യത്തില്‍ കാലന്‍കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ല. നിങ്ങളുടെ സ്ഥാനമെന്തെന്ന്‌ നിങ്ങള്‍തന്നെ നിശ്ചയിച്ചുകൊള്ളുക. തന്റെ കൃതികളെ പൈങ്കിളികളെന്നാക്ഷേപിച്ചവരോട്‌ ഇങ്ങനെ മറുപടി പറഞ്ഞുകൊണ്ടാണ്‌ വര്‍ക്കി എഴുതിയത്‌. സങ്കീര്‍ണമായ ജീവിതസമസ്യകളെ ആവിഷ്കരിക്കുന്നതിനു പകരം സുതാര്യവും ലളിതവും കാല്‍പനികവുമായ ശൈലിയില്‍ പുഴകളും നെല്‍വയലുകളും മലയോരങ്ങളും നിറഞ്ഞ മധ്യതിരുവിതാംകൂറിലെ ഗ്രാമീണഭംഗികളെയും നാടന്‍പ്രേമങ്ങളെയും അദ്ദേഹം വായനക്കാരുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. കര്‍ഷകത്തൊഴിലാളിയുടെയും കുടിയേറ്റകര്‍ഷകന്റെയും വള്ളമൂന്നുകാരന്റെയും പ്രേമസായൂജ്യങ്ങളും ഭഗ്നപ്രണയങ്ങളും സാധാരണക്കാരന്റെ ഭാഷയില്‍ അദ്ദേഹം എഴുതി. 75 നോവലുകള്‍, 17 കഥാസമാഹാരങ്ങള്‍, 12 നാടകങ്ങള്‍, 14 വിവര്‍ത്തനങ്ങള്‍, അഞ്ച്‌ ജീവചരിത്രങ്ങള്‍, രണ്ട്‌ കവിതാസമാഹാരങ്ങള്‍... ഒരു എഴുത്തുകാരന്‍ തന്നെ എഴുതിയതാണോ എന്നു സന്ദേഹിക്കുംവിധം സമൃദ്ധമാണ്‌ വര്‍ക്കിയുടെ രചനാലോകം.

ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയില്‍ മത്തായി- അന്നമ്മ ദമ്പതികളുടെ ഒമ്പതുമക്കളില്‍ നാലമനായി 1913 ഏപ്രില്‍ 18 നു ജനിച്ച മുട്ടത്തുവര്‍ക്കിയുടെ പ്രാഥമിക വിദ്യാഭ്യാസം വടക്കേക്കര സര്‍ക്കാര്‍ സ്കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്കൂള്‍ എന്നിവടങ്ങളിലായിരുന്നു. എസ്‌ ബി കോളജില്‍നിന്നു സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദം നേടിയ വര്‍ക്കി നിയമപഠനത്തിനു തിരുവനന്തപുരത്ത്‌ പോയെങ്കിലും പഠനം പാതിവഴിയില്‍ നിര്‍ത്തി നാട്ടിലെത്തി തടിഫാക്ടറിയില്‍ ക്ലര്‍ക്കും എസ്‌ ബി ഹൈസ്കൂളില്‍ അധ്യാപകനായും ജോലിചെയ്‌തതിനുശേഷം പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. എം.പി.പോളുമായുള്ള സൗഹൃദമാണ്‌ വര്‍ക്കിയെ സാഹിത്യത്തിലേക്കു തിരിച്ചുവിട്ടത്‌. പോളിന്റെ ചെറുകഥാമാസികയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിച്ച വര്‍ക്കി മാസികയുടെ സഹപത്രാധിപര്‍ കൂടിയായിരുന്നു. 26 വര്‍ഷം ദീപികയുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടാണ്‌ സാധാരണമലയാളിയുടെ വായനാഭിരുചിയെ പരിപോഷിപ്പിച്ച പുസ്‌തകങ്ങളിലൂടെ വര്‍ക്കി മലയാളത്തിലെ മഹാത്ഭുതമായത്‌. 1953- ല്‍ രചിച്ച ഇണപ്രാവുകളിലൂടെയാണദ്ദേഹം ജനപ്രിയ നോവലിനു ഹരിശ്രീ കുറിച്ചത്‌. നാട്ടിന്‍പുറത്തിന്റെ നിറവും മണവും കലര്‍ന്ന ശുദ്ധപ്രണയകഥയായിരുന്നു ഈ നോവല്‍. രണ്ടാമത്തെ നോവലായ പാടാത്ത പൈങ്കിളി സാമൂഹികപരിവര്‍ത്തനം ലക്ഷ്യമിട്ടെഴുതിയ കാല്‍പനിക പ്രേമകഥയാണ്‌.

മലയാളത്തിലെ മികച്ചനോവലുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന നോവലുകള്‍ വേറെയും വര്‍ക്കി എഴുതിയിട്ടുണ്ട്‌. മറിയക്കുട്ടി, തെക്കന്‍കാറ്റ്‌, വഴിതെറ്റിവന്ന മാലാഖ, കരകാണാക്കടല്‍ എന്നിവ . അക്കരപ്പച്ച, മയിലാടുംകുന്ന്‌, ഫിഡില്‍, പട്ടുതൂവാല, നാത്തൂന്‍, വെളുത്ത കത്രീന തുടങ്ങിയവ അദ്ദഹത്തിന്റെ മികച്ചനോവലുകളുടെ അടുത്തുനില്‍ക്കുന്ന രചനകളാണ്‌. ആറാം പ്രമാണം, ഹോട്ടല്‍, റോസമ്മയുടെ വീട്‌, നിലാവുള്ള രാത്രി തുടങ്ങിയവയാണ്‌ ജനപ്രിയസാഹിത്യത്തിനു മലയാളത്തില്‍ വിലാസമുണ്ടാക്കിക്കൊടുത്ത വര്‍ക്കിയുടെ രചനകള്‍.

വഴിതെറ്റിവന്ന മാലാഖയുടെ മുഖവുരയില്‍ അദ്ദേഹം എഴുതി: കല്ലുവെട്ടുകാരും കാളപൂട്ടുകാരും കൈതപ്പൂക്കളും കാക്കത്തമ്പുരാട്ടികളുമുള്ള നാട്ടിന്‍പുറത്തിന്റെ നിസര്‍ഗസൗന്ദര്യത്തിന്‌ എന്നില്‍ വളരെയേറെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. മായം ചേരാത്ത മനുഷ്യത്വത്തിന്റെ മേഖലയില്‍നിന്നുകൊണ്ട്‌ പാവങ്ങളുടെയും ഇടത്തരക്കാരുടെയും ഹൃദയത്തുടിപ്പുകളെ പകര്‍ത്താനാണു ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌
മധ്യതിരുവിതാംകൂറിലെ സുറിയാനികത്തോലിക്കരുടെ സാമൂഹ്യജീവിതം, ആചാരങ്ങള്‍, അനാചാരങ്ങള്‍, പള്ളി, പട്ടക്കാരന്‍, കന്യാസ്‌ത്രീ, കുടുംബബന്ധങ്ങള്‍ എന്നിവയൊക്കെ സാഹിത്യത്തിലവതരിപ്പിച്ചത്‌ വര്‍ക്കിയാണ്‌. കെട്ടുപിണയാതെ , കൂടിക്കുഴയാതെ , വായനക്കാരന്റെ ബുദ്ധിയേയും ഓര്‍മശക്‌തിയേയും ക്ലേശിപ്പിക്കാതെ , അവനെ പിടിച്ചിരുത്തി വായിപ്പിക്കുന്ന സ്വച്ഛസുഭഗവും പ്രസന്നമധുരവുമായ കഥാഖ്യാനരീതിയായിരുന്നു വര്‍ക്കിയുടേത്‌.

സംഭാഷണരചനയില്‍ മധ്യതിരുവിതാംകൂറിലെ ഗ്രാമീണശൈലി ഇത്രത്തോളം സ്വാഭാവികമായി പകര്‍ത്തിയ കഥാകൃത്തുക്കള്‍ വേറെയില്ല. വൈകാരികമുഹൂര്‍ത്തങ്ങളില്‍ ആ നാടന്‍ ഭാഷയ്ക്കു കവിതയുടെ ചിറക്‌ മുളയ്ക്കുന്നു. " നാളെ തിങ്കളാഴ്ച എന്റെ കല്യാണമാണ്‌. അങ്ങു വരുമോ? എന്റെ പ്രിയപ്പെട്ട പാട്ടുകാരാ- നാളെ ? വളരെക്കാലം കേരളീയ യുവജനതയുടെ നാവില്‍ തുളുമ്പിനിന്നതാണ്‌ പാടാത്തപൈങ്കിളിയിലെ ഈ സംഭാഷണം.

ജനപ്രിയനോവല്‍ സാഹിത്യത്തില്‍ ആദ്യനും അജയ്യനുമായി നിലനില്‍ക്കുന്ന വര്‍ക്കിയെ പിന്തള്ളാന്‍ അദ്ദേഹത്തിന്റെ അനുകര്‍ത്താക്കള്‍ക്കുപോലും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ നോവലുകളുടെ പേജുകള്‍ മൊത്തം കണക്കുകൂട്ടിയാല്‍ ഇരുപത്തയ്യായിരത്തോളം വരും. വര്‍ക്കിയുടെ കാഴ്ചപ്പാടില്‍ ഏറ്റവും ഉന്നതമായ മാനുഷികഭാവം സ്നേഹമാണ്‌. പ്രേമം അതിന്റെ സമാകര്‍ഷകമായ അംശവും.

വര്‍ക്കിയുടെ 'ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന നോവല്‍ കേരളത്തിലെ സ്കൂളുകളില്‍ ഉപപാഠപുസ്‌തകമായിരുന്നു. ഇന്നും ബാലസാഹിത്യരചനയിലെ വഴികാട്ടിയും മാസ്റ്റര്‍പീസുമാണ്‌ ഈ പുസ്‌തകം. വിവിധ ഇന്ത്യന്‍ഭാഷകളിലേക്കും റഷ്യന്‍ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതി ഇന്നും മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ബാലസാഹിത്യകൃതികളിലൊന്നാണ്‌. 1989 മേയ്‌ 28 ന്‌ വര്‍ക്കി അന്തരിച്ചു.

29.04.2013 
 മുട്ടത്തുവര്‍ക്കി മനുഷ്യനെ ഉള്ളുനിറഞ്ഞ് സ്നേഹിച്ച സാഹിത്യകാരന്‍: പദ്മശ്രീ മധു

ചങ്ങനാശേരി: ജനപ്രിയ സാഹിത്യനായകന്‍ മുട്ടത്തുവര്‍ക്കിയുടെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് അദ്ദേഹം ജനിച്ചുവളര്‍ന്ന ചെത്തിപ്പുഴ മുട്ടത്തുപറമ്പില്‍ ദീപം തെളിഞ്ഞു. പ്രശസ്ത ചലച്ചിത്ര നടനും മുട്ടത്തു വര്‍ക്കിയുടെ സിനിമകളിലെ നായകനുമായിരുന്ന പദ്മശ്രീ മധു ഉദ്ഘാടനം നിര്‍വഹിച്ചു. സാധാരണ മനുഷ്യനെയും പ്രകൃതിയേയും ഉള്ളുനിറഞ്ഞു സ്നേഹിച്ച മഹാനായ സാഹിത്യകാരനായിരുന്നു മുട്ടത്തുവര്‍ക്കിയെന്ന് മധു അഭിപ്രായപ്പെട്ടു. ഞാന്‍ എന്ന ഭാവമില്ലാതെ സാധാരണക്കാരന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ സ്നേഹിച്ച് കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച അനുഗ്രഹീത സാഹിത്യ നായകനായിരുന്നു മുട്ടത്തുവര്‍ക്കിയെന്നും മധു കൂട്ടിച്ചേര്‍ത്തു.

മുട്ടത്തുവര്‍ക്കി കൃതികളിലെ കഥാപാത്രമാകാന്‍ കഴിഞ്ഞ തനിക്ക് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ദീപം തെളിയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും മധു ചൂണ്ടിക്കാട്ടി. സി.എഫ്. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സാധാരണക്കാരായ വായനക്കാരെ കീഴടക്കിയ ജനപ്രിയ സാഹിത്യകാരനായിരുന്നു മുട്ടത്തുവര്‍ക്കിയെന്ന് എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ പത്മശ്രീ മധുവിനെ സി.എഫ്. തോമസ് പൊന്നാടയണിയിച്ച് ആദരിച്ചു.

ജില്ലാ പഞ്ചായത്തംഗം സുധാ കുര്യന്‍, മാടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ലാലി, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ ജയിംസ്, ബന്യാമിന്‍, ഡോ. സന്തോഷ് ജെകെവി, പ്രഫ. ടി.എം. സെബാസ്റ്യന്‍, പ്രഫ. സെബാസ്റ്യന്‍ കെ. ആന്റണി, രവി ഡിസി, ഡോ. ജെയിംസ് മണിമല, കെ.എ. ലത്തീഫ്, എ.ജെ. സ്കറിയ, മിനി വിജയകുമാര്‍, ഡെയ്സമ്മ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. മുട്ടത്തുവര്‍ക്കി കൃതികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. ജോണ്‍ മലാക്കിയെ സമ്മേളനത്തില്‍ ആദരിച്ചു. മുട്ടത്തുവര്‍ക്കി കൃതികളായ ഡോക്ടര്‍ ഷിവാഗോ തര്‍ജമ, ഒരുകുടയും കുഞ്ഞുപെങ്ങളും, ഇണപ്രാവുകള്‍, പട്ടുതൂവാല, ആറാംപ്രമാണം, ജഗജില്ലി, ഫിഡില്‍ എന്നീ നേവലുകളുടെ പുനര്‍പ്രകാശനവും ചടങ്ങില്‍ നടന്നു. പത്മശ്രീ മധു, ജോസഫ് കട്ടക്കയം, ഡോ. ജിജി കൂട്ടുമ്മേല്‍, സണ്ണി തോമസ്, ജസ്റ്റിന്‍ ബ്രൂസ്, ഡോ. പത്മകുമാര്‍, ശാരദക്കുട്ടി എന്നിവരാണ് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചത്.

സമ്മേളനാനന്തരം മുട്ടത്തുവര്‍ക്കി സിനിമകളിലെ തെരഞ്ഞെടുക്കപ്പെട്ട ഗാനങ്ങള്‍ അരുണ്‍ സക്കറിയായും സിബി പാലാത്രയും ചേര്‍ന്ന് ആലാപിച്ചതും ശ്രദ്ധേയമായി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നു നൂറുകണക്കിനാളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

 (Deepika.com)

Donnerstag, 4. April 2013

Manorama Online | Home | Editorial |

 എണ്ണയെക്കാള്‍ വിലയുണ്ട്‌ ഈ വെള്ളത്തിന്‌
ജേക്കബ്‌ പുന്നൂസ്‌

'വെള്ളം, വെള്ളം, സര്‍വത്ര; തുള്ളി കുടിപ്പാനില്ലത്രേ. പത്തും ഇരുപതും രൂപ മുടക്കി ഒരു കുപ്പി വെള്ളം വാങ്ങുന്ന മലയാളിയെ കാണുമ്പോള്‍ പഴയ കോളറിഡ്ജ്‌ കവിത അറിയാതെ ഒാ‍ര്‍ത്തുപോകും. കവി വര്‍ണിച്ചത്‌ നാവികരുടെ ദുരനുഭവമാണ്‌. നടുക്കടലിലും മരുഭൂമിയിലും വെള്ളത്തിനു വലിയ വില സ്വാഭാവികം. കുവൈത്തില്‍ ഒരു ലീറ്റര്‍ വെള്ളത്തിനു വില 50 രൂപ; എന്നാല്‍ പെട്രോളിനു 10 രൂപ മാത്രം. തികച്ചും ന്യായം.

മലയാളി കേരളത്തില്‍ കുപ്പിവെള്ളം വിലയ്ക്കുവാങ്ങുന്നത്‌ രണ്ടു പതിറ്റാണ്ടു മുന്‍പുപോലും അചിന്ത്യമായിരുന്നു. പണ്ടു വിദേശത്തുനിന്നു വരുന്ന ബന്ധുക്കള്‍ മക്കള്‍ക്കു ശുദ്ധജലം കൂടെ കൊണ്ടുനടന്നിരുന്നു. 'നാട്ടിലെ വെള്ളം നല്ലതല്ല എന്നവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ നാടന്‍ കുട്ടികള്‍ക്കൊന്നും പെട്ടെന്നതു മനസ്സിലായില്ല. തോട്ടില്‍ കുളിച്ചും കിണറ്റുവെള്ളം കുടിച്ചും വളര്‍ന്ന ഞങ്ങള്‍ക്കൊന്നും കാര്യമായ ഒരസുഖവും വന്നിട്ടില്ല. ഇന്നു സ്ഥിതിയാകെ മാറി. സഞ്ചാരവേളകളിലും കല്യാണങ്ങള്‍ക്കും സീല്‍ പൊട്ടിക്കാത്ത കുപ്പിവെള്ളമാണു നമുക്കിഷ്ടം.

നാറാണത്തുഭ്രാന്തനെ വെല്ലുന്ന രീതിയിലാണു മലയാളി വെള്ളം കൈകാര്യം ചെയ്യുന്നത്‌. കേരളത്തില്‍ വീടിന്റെ മുകളില്‍ ഒരുവര്‍ഷം വീഴുന്ന മഴവെള്ളം മുഴുവന്‍ ഒഴുകിപ്പോകാതെ സംരക്ഷിച്ചാല്‍ മൂന്നുനിലകള്‍ മൊത്തം മുങ്ങും. അത്രയും വെള്ളം പാഴാക്കിയിട്ടാണു പൈപ്പുവെള്ളത്തിനായി നാം നെട്ടോട്ടമോടുന്നത്‌. കുടിക്കാന്‍ മാത്രമല്ല, നനയ്ക്കാനും കഴുകാനും ഫ്ലഷ്‌ ചെയ്യാനും 'ജപ്പാന്‍ കുടിവെള്ളം നമുക്കു നിര്‍ബന്ധം. മഴവെള്ളം മുഴുവന്‍ വഴിയിലേക്കൊഴുക്കുന്നു. എന്നിട്ടു പത്തും നാല്‍പതും കിലോമീറ്റര്‍ പൈപ്പിലൂടെ പമ്പുചെയ്‌തു വെള്ളം കൊണ്ടുവരുന്നു. കിട്ടിയതെല്ലാം നശിപ്പിച്ച മുടിയനായ പുത്രനെപ്പോലെ മലയാളി വെള്ളമില്ലാത്ത പൈപ്പിന്റെ മൂട്ടില്‍ കുത്തിയിരിക്കുന്ന കാഴ്ച എത്ര ദയനീയം!

100 ലക്ഷം കോടി ലീറ്റര്‍ മഴവെള്ളമാണു നമുക്കൊരു വര്‍ഷം ലഭിക്കുന്നത്‌. ശുദ്ധജലത്തിന്‌ അതിന്റെ ആയിരത്തിലൊരംശം പോലും വേണ്ട. പക്ഷേ, കിണര്‍ കുഴിക്കാനും കുളം സംരക്ഷിക്കാനും നമുക്കു താല്‍പര്യമില്ല; മഴവെള്ളം പറമ്പില്‍ താഴ്ത്തുകയുമില്ല. പോരെങ്കില്‍ വെള്ളംമൂലം 'വൃത്തികേടാകാതിരിക്കാന്‍ മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റ്‌ ചെയ്യുന്നു. മഴവെള്ളം വഴിയിലേക്കോ അയല്‍ പറമ്പിലേക്കോ ഒഴുക്കുന്നതാണ്‌ ഇന്നത്തെ മിടുക്ക്‌. തന്റെ പറമ്പിലേക്ക്‌ അയല്‍ക്കാരന്‍ വെള്ളം ഒഴുക്കുന്നതിനെതിരായി പൊലീസ്‌ പരാതികള്‍ ധാരാളം.

ജലദോഷമരുന്നു പരസ്യം കണ്ടു മഴ അത്യപകടകരമെന്നു ധരിക്കുന്ന അമ്മമാരാണിന്ന്‌ അധികം. മുറ്റത്തു മഴ തിമര്‍ത്തുപെയ്യുമ്പോഴും കുളിമുറിയിലെ 'ഷവറില്‍ കുളിക്കാനാണിന്നു നമുക്കിഷ്ടം. പ്രകൃതിയുടെ 'ഷവര്‍ ആര്‍ക്കുവേണം? തോര്‍ത്തുടുത്തു തോരുന്നതു വരെ മഴയത്തോടിച്ചാടി നടന്ന കാലം ഇനിയും ഒരു കുട്ടിക്കും ഒാ‍ര്‍മിക്കാന്‍ കഴിയില്ല. മുറ്റത്തെ മഴവെള്ളച്ചാലില്‍ പാലം പണിഞ്ഞും തോണി ഒഴുക്കിയും കളിക്കുന്ന ഉണ്ണിക്കുട്ടന്മാര്‍, കവിതയില്‍നിന്നു മാത്രമല്ല, മലയാളി മനസ്സില്‍നിന്നുപോലും മാഞ്ഞുപോയി.

കാടാറുമാസം നാടാറുമാസം എന്നപോലെ കേരളത്തില്‍ ആറാറുമാസം കൂടുമ്പോള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും മാറിമാറി വരുന്നു. ഈ ദൂഷിതവലയത്തില്‍നിന്നു രക്ഷപ്പെടാന്‍ തീര്‍ച്ചയായും നമുക്കു സാധിക്കും. ശുദ്ധജലത്തിനായി സമരം ചെയ്യാനും പൈപ്പുപൊട്ടലിനെതിരെ പ്രതിഷേധിക്കാനും നമുക്ക്‌ അവകാശമുണ്ട്‌; പക്ഷേ, കിട്ടുന്ന വെള്ളം സംരക്ഷിക്കാനും നമുക്കു മനസ്സുണ്ടാവേണ്ടിയിരിക്കുന്നു.

സ്വന്തം വളപ്പിലെ വെള്ളം പെട്ടെന്നു വെളിയിലേക്കൊലിച്ചുപോകില്ല എന്നുറപ്പുവരുത്തി പരിഹരിക്കാവുന്ന ശുദ്ധജലപ്രശ്നമേ കേരളത്തിലുള്ളൂ. ചെറിയ കിണറുകളും കുളങ്ങളും തടയണകളും ധാരാളമായി പറമ്പുകളില്‍ നിഷ്പ്രയാസം ഉണ്ടാക്കാം. കേരളത്തില്‍ വലിയരീതിയില്‍ മഴവെള്ളസംഭരണം നടക്കുന്നത്‌ തൃശൂരിലെ കേരള പൊലീസ്‌ അക്കാദമിയിലാണ്‌. ആ പ്രദേശത്തു തൊണ്ണൂറുകളില്‍ അതിരൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. അതിന്‌ അക്കാദമിയിലെ പടുകൂറ്റന്‍ സംഭരണികള്‍ വലിയൊരളവുവരെ പരിഹാരമായി. അടുത്തകാലത്തു വനംവകുപ്പും പല സ്ഥലത്തും ചെറിയ തടയണകള്‍ കെട്ടി കാട്ടാനകള്‍ക്കു വെള്ളം ഉറപ്പുവരുത്തുന്നതില്‍ വിജയിച്ചു.

വിണ്ണില്‍നിന്നും വീണുകിട്ടുന്ന വെള്ളം, അറബിമണ്ണിലെ എണ്ണയെക്കാള്‍ വിശിഷ്ടമാണെന്നു നാം തിരിച്ചറിയണം. ലീറ്ററിന്‌ ഒരുരൂപ നിരക്കില്‍ കണക്കാക്കിയാല്‍ പോലും നൂറുലക്ഷം കോടി രൂപയുടെ മഴവെള്ളമാണു നമുക്കു ലഭിക്കുന്നത്‌! കേരളത്തിന്റെ മൊത്തം വാര്‍ഷിക ആഭ്യന്തരവരുമാനം ഏതാണ്ടു മൂന്നുലക്ഷം കോടിരൂപ മാത്രം. അതായതു നാം വെറുതെ കളയുന്ന വെള്ളത്തിന്റെ സാങ്കല്‍പിക വിലയുടെ മൂന്നു ശതമാനം.

മിടുക്കുണ്ടെങ്കില്‍ ഒരുപക്ഷേ, ഗള്‍ഫിലേക്കു വെള്ളം കയറ്റി അയയ്ക്കാന്‍പോലും നമുക്കു സാധിക്കും. എണ്ണക്കപ്പലെല്ലാം കാലിയായിട്ടല്ലേ തിരിച്ചുപോകുന്നത്‌? പക്ഷേ, മഴവെള്ളം പാഴാക്കിയും പൈപ്പുപൊട്ടലിനെ ശപിച്ചും കിണറും കുളങ്ങളും മൂടിയും നാം ജീവിച്ചാല്‍, അരിയും പച്ചക്കറിയും കരിക്കുംപോലെ, ഒരുനാള്‍ പച്ചവെള്ളംപോലും നാം ഇറക്കുമതിചെയ്യില്ലെന്ന്‌ ആരുകണ്ടു? നാറാണത്തേക്കോ നമ്മുടെ പോക്ക്‌?

Mittwoch, 27. März 2013

പച്ചക്കറിയിലെ കീടനാശിനി

പച്ചക്കറിയിലെ കീടനാശിനി നീക്കാൻ അടുക്കള വിദ്യയുമായി സർവകലാശാല

മണ്ണുത്തി ∙ പച്ചക്കറികളിലെ കീടനാശിനി അവശിഷ്ടം നീക്കാൻ ചെലവു കുറഞ്ഞ മാർഗവുമായി കാർഷിക സർവകലാശാല. സർവകലാശാലയുടെ വെള്ളായണിയിലെ കീടനാശിനി അവശിഷ്ട പരിശോധനശാലയിൽ നാലു വർഷമായി നടക്കുന്ന ഗവേഷണങ്ങളുടെ വെളിച്ചത്തിലാണ് അടുക്കളയിലെ നിത്യോപയോഗ വസ്തുക്കൾ ഉപയോഗിച്ചു കീടനാശിനി അവശിഷ്ടം നീക്കാമെന്നു കണ്ടെത്തി ഭക്ഷ്യസുരക്ഷാ പാക്കേജായി അവതരിപ്പിക്കുന്നത്.

വിനാഗിരി, വാളൻപുളി, കറിയുപ്പ്, മഞ്ഞൾപ്പൊടി, ചെറുനാരങ്ങ എന്നിവ ഉപയോഗിച്ചുള്ള ലായനികളാണു പച്ചക്കറികളിലെ കീടനാശിനി അവശിഷ്ടം നീക്കാൻ ഉപയോഗിക്കുക. 60% വരെ അവശിഷ്ടം ഈ മാർഗത്തിലൂടെ നീക്കാം. 50 മുതൽ 99 % വരെ കീടനാശിനി അവശിഷ്ടം നീക്കാവുന്ന വെജ്ജി വാഷ് എന്ന ഉൽപന്നം കാർഷിക സർവകലാശാല നേരത്തെ വികസിപ്പിച്ചിട്ടുണ്ട്. സാംപിളുകളുടെ പരിശോധനയിൽ പുതിനയില (62%), പയർ (45), മഞ്ഞകാപ്സിക്കം (42), മല്ലിയില (28), ചുവന്ന കാപ്സിക്കം (25), ബജി മുളക് (20), ബീറ്റ് റൂട്ട് (18), കാബേജ് (18), കറിവേപ്പില (17), കോളിഫ്ലവർ (16), പച്ചമുളക് (16) എന്നിങ്ങനെ മുപ്പതിലധികം പച്ചക്കറികളിൽ വിഷാംശം കണ്ടെത്തി.

കറിവേപ്പില, പുതിനയില, പച്ചമുളക്, സാമ്പാർ മുളക്, കാപ്പസിക്കം, വഴുതന, സലാഡ്, വെള്ളരി, തക്കാളി, ബീൻസ്, അമരക്ക, നെല്ലിക്ക, കോവക്ക, പാവക്ക, വെണ്ടക്ക തുടങ്ങിയ ഇനങ്ങൾ വിനാഗിരി ലായനിയിലോ (10 മില്ലി/ ലീറ്റർ വെള്ളം), വാളൻ പുളി ലായനിയിലോ (10 ഗ്രാം വാളൻ പുളി/ലീറ്റർ വെള്ളത്തിൽ പിഴിഞ്ഞ്) അരിച്ച ലായനിയിൽ പത്തു മിനിറ്റ് മുക്കിവച്ചശേഷം ശുദ്ധജലത്തിൽ രണ്ടു തവണ കഴുകുക. മല്ലിത്തണ്ട് വിനാഗിരി ലായനിയിലോ ഉപ്പ് ലായനിയിലോ (10 ഗ്രാം/ലീറ്റർ വെള്ളം) 10 മിനിറ്റ് മുക്കിവച്ചശേഷം വെള്ളത്തിൽ രണ്ടു തവണ കഴുകുക.

ചീരത്തണ്ടിനു വിനാഗിരി ലായനിയോ വാളൻപുളി ലായനിയോ ഉപയോഗിക്കാം. കോളിഫ്ലവറിന്റെ അടിയിലെ ഇലയും തണ്ടും വേർപെടുത്തി ഇതളുകൾ അടർത്തിയെടുത്ത ലായനിയിലോ ഉപ്പ് ലായനിയിലോ മുക്കിവച്ചശേഷം രണ്ടു തവണ കഴുകിയാൽ 60% വരെ വിഷാംശം കളയാം. വിവിധ ഗവേഷണങ്ങൾക്കുശേഷമാണു ഭക്ഷ്യസുരക്ഷാ പാക്കേജ് വികസിപ്പിച്ചതെന്നു വൈസ് ചാൻസലർ ഡോ. പി.രാജേന്ദ്രൻ പറഞ്ഞു.
Friday 03 March 2017