Dienstag, 27. Mai 2014

മോദിയുടെ കഥ

tamZnbpsS IY


ചരിത്രം കഥപോലെയാണെന്നു പറയാമെങ്കിലും കെട്ടുകഥയല്ല. പക്ഷേ, കെട്ടുകഥകളേക്കാള്‍ ഉദ്വേഗഭരിതമായ ചരിത്രഗതികളാല്‍ നെയ്തെടുക്കപ്പെട്ട ചില ചരിത്രങ്ങളുണ്ട്‌. അത്തരമൊന്നാണു നരേന്ദ്ര മോദിയുടെ കഥ. ആ കഥ പറയാനും കേള്‍ക്കാനും ഇന്നത്തേക്കാള്‍ ഉചിതമായ മറ്റൊരു ദിവസം ഉണ്ടാകില്ല. ഇന്ന്‌ അദ്ദേഹം ഇന്ത്യയുടെ 14--ാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്‌.

കഥ തുടങ്ങുന്നത്‌ 64 വര്‍ഷം മുമ്പാണ്‌. 1950-ല്‍ ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡനഗറില്‍ ദാമോദര്‍ദാസ്‌ മൂല്‍ച്ചന്ദ്‌ മോദിയുടെയും ഹീരാ ബെന്നിന്റെയും ആറു മക്കളില്‍ മൂന്നാമനായി ജനനം. കേട്ടുമടുത്താലും ചരിത്രം മാറ്റിപ്പറയാനാവില്ലല്ലോ. അതുകൊണ്ട്‌ വഡനഗര്‍ റെയില്‍വേ സ്റ്റേഷനിലെ ചായക്കടയുടെ കാര്യം പറയാതെ വയ്യ. അവിടെയാണ്‌ ആറാം വയസില്‍ മോദി അച്ഛന്റെ ചായക്കടയില്‍ സഹായിയായി എത്തിയത്‌.

വഡനഗര്‍ സ്റ്റേഷന്‍ തീരെച്ചെറുതാണ്‌. അവിടെ ചായക്കട നടത്തിയാലും തിരുവനന്തപുരത്തു കട നടത്തുന്നവരുടെ വരുമാനമൊന്നും കിട്ടില്ല. കടന്നുപോകുന്ന ട്രെയിനുകളെല്ലാം അവിടെ നിര്‍ത്തില്ല. നിര്‍ത്തുന്നവയുടെ കൂവല്‍ കേള്‍ക്കുമ്പോഴേ കെറ്റിലുമായി റെഡിയായി നിന്നാലേ വല്ലതും വില്ക്കാനാകൂ. കടയിലും തീവണ്ടികളില്‍ കയറിയും പയ്യന്‍ ചായ വിറ്റു. കിട്ടിയ പണം അച്ഛന്റെ കൈയില്‍ക്കൊടുത്ത്‌ കുടുംബത്തിനു സഹായമാകുകയും ചെയ്തു.

അതൊക്കെ ശരിതന്നെ. ചായ വിറ്റു പണമുണ്ടാക്കുക മാത്രമായിരുന്നില്ല അയാളുടെ ജോലി. തപിനദിയില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ കൂട്ടുകാരെയും കൂട്ടി ഭക്ഷണവിതരണത്തിനുപോകുo. അതിലും ആവേശകരമായി മറ്റൊരു കാര്യം ചെയ്തത്‌. 1965ലെ ഇന്ത്യ- പാക്‌ യുദ്ധകാലത്താണ്‌. അതിര്‍ത്തിയിലേക്കു പോകുകയും മടങ്ങുകയും ചെയ്യുന്ന ട്രെയിനുകളില്‍ നിറയെ പട്ടാളക്കാരാണ്‌. മോദി ചായയുമായി ഓടുകയായിരുന്നു, പട്ടാളക്കാര്‍ക്കു കൊടുക്കാന്. കാശൊന്നും പ്രശ്നമല്ല. രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യാന്‍ പോകുന്നവര്‍ നമ്മുടെ സ്വന്തം ആളുകളാണ്‌. അവര്‍ക്കു ചായ കൊടുക്കുമ്പോള്‍ നേരിട്ടു യുദ്ധത്തില്‍ പങ്കെടുക്കുന്ന സുഖമ്. അതേ, മോദി വഡനഗറിലെ വെറും ചായക്കടക്കാരനായിരുന്നില്ല. വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ അയാള്‍ ആ കൊച്ചു തീവണ്ടിയാപ്പീസില്‍ എത്തിയെന്നേയുള്ളു.

റെയില്‍വേ സ്റ്റേഷനില്‍ അച്ഛനൊപ്പവും ബസ്‌ ടെര്‍മിനലിനടുത്തു സഹോദരനൊപ്പവും ചായക്കട നടത്തിയ മോദി പിന്നീട്‌ വടനഗറിലെ ബസ്സ്റ്റോപ്പില്‍ സഹോദരനോടൊപ്പം ചെറിയൊരു തട്ടുകടയിട്ടു. ചായയും ലഘുഭക്ഷണങ്ങളും മാത്രം. ഇതിനിടെ വീട്ടിലെ മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലിരുന്നു പഠിച്ചു. നാട്ടിന്‍പുറത്തെ പ്രധാന വിനോദമായ പട്ടംപറപ്പിക്കലില്‍ മത്സര ബുദ്ധിയോടെ പങ്കെടുത്തു. ഇടയ്ക്കു നാടകം കളിക്കാന്‍ പോയി. പുരാണ, ചരിത്രനാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

പട്ടാളമനസ്‌

പിന്നത്തെ ആഗ്രഹം പട്ടാളത്തില്‍ ചേരണമെന്നായിരുന്നു. പക്ഷേ, വീട്ടുകാര്‍ സമ്മതിച്ചേക്കില്ല. പിന്നെ ജാംനഗറിലെ സൈനിക സ്കൂളില്‍ ചേരാനായി ശ്രമo. ചെറുതെങ്കിലും ഫീസിന്റെയും മറ്റു ചെലവിന്റെയും കാര്യം  വന്നപ്പോള്‍ അതും പാളി. വഡനഗറിലെ കുമാര്‍ശാല സ്കൂളില്‍ മോദി അറിയപ്പെട്ടിരുന്നത്‌ എന്.ഡി. എന്ന ചുരുക്കപ്പേരിലായിരുന്നു. സ്പോര്ട്സിലും നീന്തലിലും നാടകത്തിലുമൊക്കെ മോദി സജീവമായിരുന്നു. ലൈബ്രറിയില്‍നിന്നെടുത്ത ധാരാളം പുസ്തകങ്ങള്‍ വായിച്ചു. പരീക്ഷയില്‍ മാര്‍ക്കുവാങ്ങുന്നതില്‍ മാത്രമായിരുന്നില്ല ശ്രദ്ധ. അക്കാര്യത്തില്‍ ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നു. പക്ഷേ, അയാളെ ഒരു കാര്യം ഏല്പിച്ചാല്‍ അതു നടന്നിരിക്കുo. അക്കാര്യത്തില്‍ അധ്യാപകര്‍ക്കും സംശയമില്ല. ഉജ്വല പ്രഭാഷണങ്ങള്‍ നടത്തുന്നതിലുപരി, ഡിബേറ്റുകളൊക്കെ സംഘടിപ്പിക്കുന്നതിലാണ്‌ അയാള്‍ മിടുക്കു തെളിയിച്ചത്‌.

മോദി പഠിക്കുന്ന കുമാര്‍ശാല സ്കൂളിലെ കബഡി ടീമിന്‌ ഒരിക്കല്‍ നേരിടേണ്ടിവന്നതു ചാമ്പ്യന്‍മാരെയാണ്‌. കനു ബാവ്സാറാണ്‌ അധ്യാപകന്. എന്തായാലും അവരോടു ജയിക്കാനാവില്ലെന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയമൊന്നുമില്ല. പക്ഷേ, ടീമിലുള്ള എന്.ഡി കളം ഏറ്റെടുത്തു. ആക്രമണരീതി പ്ളാന്‍ ചെയ്തു. കൂട്ടുകാരെ അതിനായി ഒരുക്കി. എതിര്‍ടീമിന്റെ അമിതമായ ആത്മവിശ്വാസത്തിന്റെമേല്‍ മോദിയുടെ തന്ത്രങ്ങള്‍ വിള്ളല്‍വീഴ്ത്തി. ചാമ്പ്യന്മാര്‍ വീണു. മോദിയും സംഘവും അവരുടെ ഗുരുക്കന്മാരെപ്പോലും അമ്പരപ്പിച്ചുകൊണ്ട്‌ അട്ടിമറി വിജയം നേടി.

ഇക്കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിന്റെ കാര്യം പറയുമ്പോള്‍ പലരും ഓര്‍മിക്കുന്നത്‌ ഇത്തരം കാര്യങ്ങളാണ്‌. അതേ, മോദി വെറുമൊരു വിദ്യാര്‍ഥിയായിരുന്നില്ല. അയാള്‍ പഠിച്ചതു തന്നേക്കാള്‍ കരുത്തരായവരെ വീഴ്ത്താനുള്ള തന്ത്രങ്ങളായിരുന്നു.

ആര്‍എസ്‌എസില്‍ വേരിറക്കുന്നു

മോദിയെ മോദിയാക്കിയത്‌ ആര്‍എസ്‌എസ്‌ ആണെന്നാണു പലരും പറയാറുള്ളത്‌. ഇന്നത്തെ മോദിയെ ആര്‍എസ്‌എസ്‌ സൃഷ്ടിച്ചതാണോ അതോ വളര്‍ത്തിയെടുക്കുക മാത്രമായിരുന്നോ എന്നുള്ള കാര്യമൊക്കെ ചരിത്രവിശാരദന്മാര്‍ക്കു വിട്ടുകൊടുക്കാo. പക്ഷേ, ഒരു കാര്യം പറയാനാകും; എട്ടാം വയസില്‍ വഡനഗറിലെ ആര്‍എസ്‌എസ്‌ ശാഖയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ മോദിയുടെ വേരുകളും ശാഖകളുമൊക്കെ കരുത്താര്‍ജിച്ചത്‌ ആ പ്രസ്ഥാനത്തിന്റെ പരിചരണത്തില്‍ തന്നെയാണ്‌.

സ്കൂളില്‍നിന്നു വിട്ടാലുടന്‍ മിക്ക ദിവസങ്ങളിലും മോദി ആര്‍എസ്‌എസ്‌ ശാഖയിലേക്കു പോയി. ആര്‍എസ്‌എസ്‌ മോദിക്ക്‌ ആവേശമായിരുന്നു. അതിന്റെ പ്രത്യയശാസ്ത്രങ്ങള്‍ മോദിയെ രൂപപ്പെടുത്തി. അന്നത്തെ ആചാരമനുസരിച്ച്‌ വിവാഹം ചെയ്ത യശോദാ ബെന്‍ എന്ന സ്ത്രീയെപ്പോലും അയാള്‍ മറന്നു. 1967-ല്, അതായതു പതിനേഴാമത്തെ വയസില്, മോദി വീടുവിട്ട്‌ ഓടിപ്പോയി. ഹിമാലയത്തിലും പുണ്യസ്ഥലങ്ങളിലുമൊക്കെയായി ചുറ്റിക്കറങ്ങുകയായിരുന്നു ഇക്കാലത്തെന്ന്‌ പറയപ്പെടുന്നു. ഇത്തരം മുങ്ങലുകള്‍ മോദിയുടെ ജീവിതത്തില്‍ ചെറുപ്പകാലത്തും യൌവനകാലത്തുമൊക്കെ നടന്നിട്ടുണ്ട്‌. ചായക്കടയും ആര്‍എസ്‌എസ്‌ പ്രവര്‍ത്തനവുമൊക്കെ ഇട്ടെറിഞ്ഞ്‌ ഒരൊറ്റ പോക്ക്‌. ചിലപ്പോള്‍ ഒന്നുരണ്ടുമാസം കഴിയും തിരികെ ചായക്കടയിലെത്താന്. യാത്രകളൊക്കെ എവിടേക്കെന്നോ എന്തിനെന്നോ ഉള്ളതിന്റെ യഥാര്‍ഥ വിവരങ്ങള്‍ അദ്ദേഹത്തിനു മാത്രമേ കൃത്യമായി പറയാനാകൂ.

നാല്പത്തഞ്ചാം വയസില്‍ ഗീര്‍വനത്തിനടുത്തുള്ള ക്ഷേത്രത്തില്‍ പോയി തനിച്ചുകഴിഞ്ഞു. ഒരു മാസത്തിലേറെ ആ കാട്ടുപ്രദേശത്തായിരുന്നെന്നാണ്‌ അദ്ദേഹത്തിന്റെ അടുത്ത ആളുകള്‍ പറയുന്നത്‌. ഏകാന്തതയെ താന്‍ അത്രയ്ക്ക്‌ ഇഷ്ടപ്പെടുന്നു എന്നു മാത്രമേ മോദിക്ക്‌ ഇതേക്കുറിച്ചു പറയാനുള്ളൂ.

1970-ല്‍ ആര്‍എസ്‌എസ്‌ പ്രചാരകനായ മോദി 1971-ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിനുശേഷമാണു പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുകയും നാഗ്പൂരിലെ ഹെഡ്ഗേവാര്‍ ഭവനിലെത്തുകയും ചെയ്തത്‌. അവിടെ അയാള്‍ നേതാവായിരുന്നില്ല. അര്‍പ്പണമനോഭാവമുള്ള ദാസനായിരുന്നു. അടുക്കളയിലും ഓഫീസ്‌ മുറികളിലുമായി പാഞ്ഞുനടന്നു. ചായയും പ്രാതലും അത്താഴവുമൊരുക്കി നേതാക്കന്മാര്ക്ക്‌ യഥാസമയം കൊടുത്തു. ഓഫീസും പരിസരവും തൂത്തുവാരി വൃത്തിയാക്കി. ഹെഡ്ഗേവാര്‍ ഭവനിലെ എട്ടു-പത്തു മുറികളിലെല്ലാം മോദിവക അടുക്കിപ്പെറുക്കല്.

അയാള്‍ നേതാവല്ലായിരുന്നു. പക്ഷേ, നേതാക്കന്മാര്ക്ക്‌ അയാളില്ലാതെ ഒന്നും പറ്റില്ലെന്നായി. മോദി ഒരു ചൂലും പിടിച്ച്‌ നിലത്തിരിക്കുന്ന ചിത്രം ഇന്റര്‍നെറ്റിലു ണ്ടെങ്കിലും അധികമാരും കണ്ടിട്ടു ണ്ടെന്നു തോന്നുന്നില്ല. അതു മോദിയുടെ ചരിത്രത്തിന്റെയും ആര്‍എസ്‌എസ്‌ ബന്ധത്തിന്റെയും നേര്‍ക്കാഴ്ചയാണ്‌. ഈ ബന്ധത്തില്‍ കൂടുതല്‍ വളര്‍ന്നത്‌ ആര്‍എസ്‌എസ്‌ ആണോ മോദിയാണോ എന്നതു വേറെ  കാര്യം. നാഗ്പൂരില്‍വച്ച്‌ നേടിയ ആര്‍എസ്‌എസ്‌ പരിശീലനം അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ തുടക്കമായി. ഹെഡ്ഗേവാര്‍ ഭവനില്‍ തൂപ്പുകാരനെപ്പോലെ കഴിഞ്ഞ മോദി സംഘപരിവാറിന്റെ അധികാരസ്ഥാനങ്ങളിലേക്കു പടിപടിയായി കയറിത്തുടങ്ങിയതു പലരും ശ്രദ്ധിച്ചില്ല. എബിവിപിയുടെ നേത്ര്^സ്ഥാനത്ത്‌ എത്തിയതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പത്രങ്ങളുടെ പ്രാദേശിക പേജുകളിലെ ഒറ്റക്കോളത്തിലൊതുങ്ങി.

രാഷ്ട്രീയത്തിലെ കളി

പക്ഷേ, 1986-ല്‍ അഹമ്മദാബാദ്‌ മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നടന്ന മത്സരത്തില്‍ ബിജെപി അട്ടിമറി വിജയം നേടിയപ്പോള്‍ യവനികയ്ക്കു പിന്നില്‍ നിന്ന മോദിയെ പലരും ചൂണ്ടിക്കാട്ടി. രണ്ടുകൊല്ലത്തിനകം മോദി സംസ്ഥാന ഓര്‍ഗനൈസിമ്ഗ്‌ സെക്രട്ടറിയായതോടെ ചിത്രം മാറി. പൊതുസമ്മേളനങ്ങളിലും മുന്‍നിരനേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളിലും മോദി പിന്‍നിരയിലിരുന്നു. പലരും അദ്ദേഹത്തെ കണ്ടില്ല. പക്ഷേ, ആ പിന്‍നിരക്കാരനറിയാതെ ബിജെപിയുടെ സംസ്ഥാനഘടകത്തില്‍ ഒരിലയും അനങ്ങിയില്ല.

സംഘപരിവാറിലെ പ്രമുഖര്‍ മോദിയുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനങ്ങളെടുക്കു ന്നതിലേക്കു കാര്യങ്ങള്‍ മാറി. ഗുജറാത്തിലെ ബിജെപിയുടെ അമരത്തുണ്ടായിരുന്ന കേശുഭായി പട്ടേല്, ശങ്കര്‍സിമ്ഗ്‌ വഗേല, കാന്‍ഷിറാം റാണ തുടങ്ങിയവര്‍ മോദിയെ മുന്നിലെത്തിക്കാ തിരിക്കാന്‍ കാര്യമായി ശ്രദ്ധിച്ചുകൊണ്ടുമിരുന്നു. പക്ഷേ, പിന്‍നിരക്കാരന്‍ വെറുതേ ഇരിക്കുകയായിരുന്നില്ല. സ്വതസിദ്ധമായ കൌശലങ്ങും തന്ത്രങ്ങളും ഉപയോഗിച്ചു ഗൃഹപാഠങ്ങള്‍ ചെയ്യുകയായിരുന്നു.

1990-ല്‍ എല്.കെ. അഡ്വാനി രഥയാത്ര നടത്തിയതോടെ മോദി ഒരുപടി മുന്നോട്ടു കയറിനിന്നു. പാര്‍ട്ടിയില്‍ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തായിരുന്ന അഡ്വാനി, മോദിക്കു സകലവിധ പ്രോത്സാഹനവും നല്കി. ആ രഥത്തില്‍ കയറി ഒരുപാടു ദൂരം മുന്നോട്ടുപോയ മോദി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അഡ്വാനിയോട്‌ ഇത്തിരി പിന്നോട്ടു മാറിനില്ക്കാന്‍ പറഞ്ഞതു വേറെ കാര്യo. കേശുഭായി പട്ടേല്‍ മുഖ്യമന്ത്രിയായപ്പോഴും മോദി പിന്നോട്ടു പോയില്ല. സൂപ്പര്‍ മുഖ്യമന്ത്രിയായി കാര്യങ്ങള്‍ നിയന്ത്രിച്ചു, സംഘപരിവാറിന്റെ ആശീര്‍വാദത്തോടെ.

ഗുജറാത്ത്‌ ബിജെപിയിലെ സ്ഥിരം നായകന്മാര്‍ കാര്യങ്ങള്‍ മനസിലാക്കി വന്നപ്പോഴേക്കും സമയം വൈകിപ്പോയി. പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ അദ്ദേഹം ഗുജറാത്തിനെ കൈപ്പിടിയിലൊതുക്കി.

2001-ല്‍ മോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായി. എതിരാളികള്‍ക്കു പിന്നെ കൂടുതല്‍ വിഷമിക്കേണ്ടി വന്നില്ല. മോദി ആര്‍ക്കും ഒരവസരവും കൊടുത്തില്ലെന്നു പറഞ്ഞാല്‍ മതി. മുഖ്യമന്ത്രിക്കസേ രയില്‍നിന്ന്‌ പിന്നെ അദ്ദേഹം മാറിയത്‌, ഒരാഴ്ച മുമ്പാണ്‌. പ്രധാനമന്ത്രിയായതു കൊണ്ടുമാത്രമ്. ബിജെപി തെരഞ്ഞെടുപ്പില്‍ ജയിച്ചാലും പ്രധാനമന്ത്രി ആരാകുമെന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടാകുമെന്നാണു പത്രങ്ങള്‍ പ്രവചിച്ചത്‌. ഒന്നും സംഭവിച്ചില്ല. തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന മേയ്‌ 16-ന്റെ മധ്യാഹ്നത്തോടെ എതിരാളികള്‍ നിശബ്ദരായിപ്പോയി. പ്രധാനമന്ത്രി ആരാകണമെന്നതിനെക്കുറിച്ചു ചര്‍ച്ചപോലും നടന്നില്ല. എന്നു മാത്രമല്ല, ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രി ആരാകണo, കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍ ആരൊക്കെ എന്നതിനെക്കുറിച്ചും ആര്‍ക്കും അഭിപ്രായം പോലുമില്ല. മോദി ഉറങ്ങാന്‍ കിടന്നപ്പോള്‍ മനസില്‍ കുറിച്ചിട്ടവര്‍ രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്നു, അത്രതന്നെ.

ഗുജറാത്ത്‌ കലാപം

മോദി മുഖ്യമന്ത്രിയായതിന്റെ തൊട്ടടുത്ത വര്‍ഷമാണു ഗോധ്രയില്‍ ട്രെയിന്‍ തീവയ്പും തുടര്‍ന്നു ഗുജറാത്ത്‌ കൂട്ടക്കൊലകളും ഉണ്ടായത്‌. ലോകം നടുങ്ങിയ സംഭവത്തെത്തുടര്‍ന്നു മോദി ഒറ്റപ്പെട്ട നിലയിലായി. മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും അന്വേഷണ കമ്മീഷനുകളും കോടതിപോലും പലപ്പോഴും മോദിയെ പ്രതിക്കൂട്ടിലാക്കി. പക്ഷേ, ഏതു പ്രതിസന്ധിയെയും മുതലെടുക്കാനുള്ള മോദിയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ ഒന്നും വിലപ്പോവില്ലെന്ന്‌ അദ്ദേഹംതന്നെ തെളിയിച്ചു, മോദി പ്രധാനമന്ത്രിയായി.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തനായ പ്രധാനമന്ത്രി ഇന്ന്‌ അധികാരമേല്‍ക്കുകയാണ്‌. ഇത്ര ആകാംക്ഷയോടെ ജനം കാത്തിരിക്കുന്ന ഒരു ഭരണം വേറെ ഉണ്ടായിട്ടില്ല. പൊതു സിവില്‍ കോഡും രാമജന്മഭൂമി പ്രശ്നവും കാഷ്മീര്‍ വിഷയവും ഉള്‍പ്പെടെയുള്ള എവറസ്റ്റുകളാണു മോദിക്കു കീഴടക്കാനുള്ളത്‌. മാസങ്ങളോളം ഹിമാലയ യാത്ര നടത്തുകയും ഗുജറാത്തിലെ ബിജെപിയെ പൊളിച്ചടുക്കി പുതുരൂപത്തിലാക്കുകയും ചെയ്ത മോദി എന്തു ചെയ്യുമെന്നതു ബിജെപിക്കാര്‍ക്കു മാത്രമല്ല അറിയാനുള്ളത്‌. അദ്ദേഹത്തെ വിജയിപ്പിച്ചതിന്റെ രണ്ടിരട്ടിയോളം വരുന്ന രാജ്യത്തെ മറ്റു പൌരന്മാര്‍ക്കുകൂടിയാണ്‌.

ജോസ്‌ ആന്‍ഡ്രൂസ്‌

(Deepika)