Donnerstag, 4. August 2016

പ്രമേഹബാധിതരുടെ ഭക്ഷണം: ഇലക്കറികള്‍ ഉത്തമം
വണ്ണം കൂടിയാലും കുറഞ്ഞാലും...

പ്രമേഹബാധിതരായ വണ്ണമുളളവര്‍ വണ്ണം കുറയ്‌ക്കണം. വണ്ണം കുറവുളളവര്‍ അതു കൂട്ടേണ്‌ടതുണ്‌ട്‌. നോര്‍മല്‍ വണ്ണം ഉളളവര്‍ അതു നിലനിര്‍ത്തേണ്‌ടതുണ്‌ട്‌. ചിലതരം പ്രമേഹമുളളവര്‍ തീരെ മെലിഞ്ഞുപോകും.. അവര്‍ വണ്ണംകൂട്ടി നോര്‍മല്‍ ശരീരഭാരത്തിലേക്ക്‌ എത്തേണ്‌ടതുണ്‌ട്‌. വണ്ണം കൂടുതലുളളവര്‍ അതു കുറയ്‌ക്കേണ്‌ടതുണ്‌ട്‌. വണ്ണം കുറയ്‌ക്കുമ്പോള്‍ത്തന്നെ ഇന്‍സുലിന്റെ അളവും മരുന്നിന്റെ ഡോസേജും കുറയ്‌ക്കാനാകും.

ഇന്‍സുലിനു ശേഷം ആഹാരം കഴിക്കണം

ചപ്പാത്തി 2-3 എണ്ണം കഴിക്കാം. ഇഡ്ഡലി വണ്ണം കൂടുതലുളള പ്രമേഹബാധിതര്‍ക്ക്‌ രണെ്‌ടണ്ണവും വണ്ണം കുറവുളള പ്രമേഹബാധിതര്‍ക്കു മൂന്നെണ്ണവും കഴിക്കാം. ഇന്‍സുലിന്‍ എടുക്കുന്ന രോഗിയാണെങ്കില്‍ അതിന്റെ ഡോസേജ്‌ അനുസരിച്ചു ഭക്ഷണം കഴിക്കണം. ഇന്‍സുലിന്‍ എടുത്തശേഷം ഭക്ഷണം കഴിച്ചില്ലെങ്കില്‍ തലചുറ്റല്‍ അനുഭവപ്പെടാനിടയുണ്‌ട്‌. കണ്‍സള്‍ട്ടിംഗ്‌ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച്‌ ആഹാരക്രമം സ്വീകരിക്കാവുന്നതാണ്‌.

ഉലുവയും പാവയ്‌ക്കയും ഗുണപ്രദം

ഉലുവ പ്രമേഹനിയന്ത്രണത്തിനു ഫലപ്രദമാണെന്ന്‌ ശാസ്‌ത്രീയ പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഇന്‍സുലിന്‍ ചെടിക്ക്‌ പ്രമേഹം നിയന്ത്രിക്കുന്നതിനുളള ശേഷിയെക്കുറിച്ച്‌ ശാസ്‌ത്രീയ പഠനങ്ങള്‍ നിലവിലില്ല. പാവയ്‌ക്കയില്‍ വെജിറ്റബിള്‍ ഇന്‍സുലിന്‍ ഉണ്‌ട്‌. ഉലുവയിലുളള നാരുകള്‍ മിസലേജിയസ്‌ ഫൈബറാണ്‌. അതില്‍ ട്രിഗനോലിന്‍ എന്ന ആല്‍ക്കലോയിഡുണ്‌ട്‌. ഇതെല്ലാം രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്‌ക്കാന്‍ സഹായകം.

പരസ്യങ്ങളില്‍ കഴമ്പില്ല

മുരിങ്ങയിലെ ഉള്‍പ്പെടെ എല്ലാത്തരം ഇലകളും പ്രമേഹരോഗികള്‍ക്കു ഗുണകരം. അവയില്‍ നാരുകള്‍ ധാരാളം. അതേസമയം നാരുകള്‍ കുറഞ്ഞ സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങളുടെ ഉപയോഗം കുറയ്‌ക്കണം.

ഓര്‍ക്കുക... പ്രമേഹരോഗികള്‍ക്കു ഗുണകരമായത്‌ എന്ന പരസ്യഘോഷങ്ങളോടെ വിപണില്‍ ലഭ്യമാകുന്ന പൊടികള്‍ക്കു പിന്നാലെ പോയാല്‍ കീശ കാലിയാകുന്നതു മാത്രം മിച്ചം.

പ്രമേഹബാധിതര്‍ പായസം കഴിച്ചാല്‍...

വല്ലപ്പോഴും ഒരാഗ്രഹത്തിന്‌ പായസം കുടിച്ചാല്‍ അന്നു രാത്രി കഴിക്കുന്ന അന്നജത്തിന്റെ അളവു കുറച്ച്‌ ഒരു ദിവസം ശരീരത്തില്‍ അധികമായി അന്നജം എത്തുന്നതു തടയാം. രാത്രിഭക്ഷണത്തില്‍നിന്നു കിട്ടേണ്‌ട അന്നജം കൂടി പായസത്തിലൂടെ ഉച്ചയ്‌ക്കു തന്നെ കിട്ടുന്നുണ്‌ട്‌. അതിനാല്‍ രാത്രിഭക്ഷണം സൂപ്പില്‍ ഒതുക്കണം. ഉളളി, ബീന്‍സ്‌, കാരറ്റ്‌്‌, കാബേജ്‌, കുരുമുളകു പൊടി, ഉപ്പ്‌ എന്നിവവ ചേര്‍ത്തു തയാറാക്കുന്ന സൂപ്പ്‌ ആവാം. സൂപ്പു കുടിക്കുന്നതോടെ വയറു നിറയും. അല്ലെങ്കില്‍ ഓട്‌്‌സില്‍ പച്ചക്കറികല്‍ ചേര്‍ത്തു തയാറാക്കുന്ന കുറുക്കും കഴിക്കാം.

വിവരങ്ങള്‍: ഡോ. അനിതമോഹന്‍
ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ്‌ & ഡയറ്റ്‌ കണ്‍സള്‍ട്ടന്റ്‌.

തയാറാക്കിയത്‌: ടി.ജി.ബൈജുനാഥ്‌

(Deepika.com)