Mittwoch, 2. April 2014

നമ്മുടെ കുടംപുളിക്ക് അമേരിക്കയില്‍ താരപദവി!

(www.rashtradeepika.com)

Image Browse
 ന്യൂയോര്‍ക്ക്: ആവശ്യത്തില്‍ കൂടുതല്‍ വണ്ണവും ശരീരഭാരവുമുള്ളവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വാര്‍ത്തയുടെ ഉറവിടം വിദേശത്തുനിന്നാണെങ്കിലും സന്തോഷത്തിന്റെ ഉറവിടം നമ്മുടെ നാട്ടിലുണ്ട്. അതെ, നാട്ടിന്‍പുറത്തെ കുടംപുളി തന്നെ.ഗാര്‍സീനിയ കംപോഗിയ എന്നു വിളിക്കുന്ന കുടംപുളിക്കു പിന്നാലെയാണ് ഇപ്പോള്‍ ആരോഗ്യ വിദഗ്ധരും സിനിമാതാരങ്ങളുമൊക്കെ.

അമിതവണ്ണം, കൊഴുപ്പ് എന്നിവയെ അതിവേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലും പ്രചാരണവുമാണു കുടംപുളിയെ താരമാക്കിയിരിക്കുന്നത്. അമേരിക്കയില്‍ ഏറെ അംഗീകാരവും പേരുമുള്ള ഡോ. ഓസ് കുടംപുളിയുടെ മഹാത്മ്യത്തെക്കുറിച്ചു തന്റെ ആരോഗ്യപരിപാടികളില്‍ വിവരിക്കുക കൂടി ചെയ്തതോടെ സെലിബ്രിറ്റികള്‍ കുടംപുളിക്കു പിന്നാലെ പരക്കംപായുകയാണ്. ഇന്റര്‍നെറ്റ് വഴിയും കുടംപുളി പുരാണം ശരവേഗത്തില്‍ വ്യാപിക്കുന്നു.   

കേരളത്തില്‍ മീന്‍കറിയിലും മറ്റുമാണു കുടംപുളി ചേര്‍ത്ത് ഉപയോഗിക്കുന്നത്. എന്നാല്‍, വിദേശികള്‍ കുടംപുളി കറിയില്‍ ചേര്‍ത്തല്ല കഴിക്കുന്നത്. കുടംപുളി ചേര്‍ക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ ഒന്നുംതന്നെ അവര്‍ക്ക് ഇല്ലതാനും. അതുകൊണ്ടു കുടംപുളിയിലെ ഗുണകരമായ സത്ത് വേര്‍തിരിച്ചെടുത്തു ക്യാപ്‌സൂളുകളാക്കി മാറ്റി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. കുടംപുളി ക്യാപ്‌സൂള്‍ ഉത്പാദനരംഗത്തേക്കു നിരവധി വമ്പന്‍മാര്‍ കടന്നുവന്നുകഴിഞ്ഞു.

കുടംപുളിയില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണു ഹൈഡ്രോസിട്രിക് ആസിഡ് (എച്ച്‌സിഎ).  ശരീരഭാരം കുറയ്ക്കുന്നതിന്റെ വേഗം ഇരട്ടിയോ മൂന്നിരട്ടിയോ ആക്കാന്‍ ഈ ഘടകത്തിനു കഴിയുമെന്നാണ് ഈ രംഗത്തു പഠനം നടത്തിയവര്‍ അവകാശപ്പെട്ടിരിക്കുന്നത്. ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും ചെയ്യുന്ന ഒരാള്‍ക്ക് എച്ച്‌സിഎ (കുടംപുളി സത്ത്) ഉപയോഗിക്കുന്നതിലൂടെ ഒരു മാസംകൊണ്ടു നാലു പൗണ്ട് (രണ്ടു കിലോയോളം) വരെ ഭാരം കുറയുമത്രേ.

ഹൈഡ്രോസിട്രിക് ആസിഡ് (എച്ച്‌സിഎ) ശരീരത്തില്‍ കൊഴുപ്പ് രൂപപ്പെടുന്നതിനെ തടയുമെന്നു പഠനം പറയുന്നു. സാധാരണയായി നമ്മുടെ ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ്‌സ്, ഷുഗര്‍ തുടങ്ങിയവ മുഴുവനായി ഉപയോഗിക്കപ്പെടുന്നില്ല. ശരീരത്തില്‍ ശേഖരിക്കപ്പെടുന്ന ഇവ വൈകാതെ കൊഴുപ്പായി മാറ്റപ്പെടുന്നു. എന്നാല്‍, എച്ച്‌സിഎ പുറപ്പെടുവിക്കുന്ന ഒരു എന്‍സൈം ഇങ്ങനെ കൊഴുപ്പു രൂപപ്പെടുന്നതിനെ തടയുന്നു.

അതുപോലെ ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍), ട്രൈഗ്ലിസറൈഡ്‌സ് എന്നിവയുടെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ തലച്ചോറിലെ സെറോറ്റോനിണിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്നതിലൂടെ ഉന്മേഷം കൂട്ടാനും കുടംപുളി ഉപകാരപ്പെടുമെന്നു പഠനം നടത്തിയവര്‍ പറയുന്നു. അമിതവിശപ്പ് അനുഭവപ്പെടുന്നവര്‍ക്കും കുടംപുളി സഹായകമാണ്. യുഎസ്എയിലെ പ്രശസ്തയായ ഒരു ഡയറ്റ് കോളമിസ്റ്റ് മില്ലര്‍, കുടംപുളിയെ ഒരു സൂപ്പര്‍ ഭക്ഷണമായാണു വിശേഷിപ്പിച്ചത്.

കുടംപുളിയെ ശരീരഭാരം കുറയ്ക്കാന്‍ ഇന്നുവരെ കണ്ടെത്തിയ പ്രകൃതിദത്ത ഔഷധങ്ങളിലെ അദ്ഭുതമെന്നാണു ഡോ. ഓസ് കുടംപുളിയെ വിശേഷിപ്പിച്ചിരിക്കുന്നത്. കുടംപുളി സത്ത് ഉപയോഗിച്ച് ശരീരഭാരം കുറച്ചവരുടെ അനുഭവകഥകള്‍ ഇന്റര്‍നെറ്റില്‍ ദിനംപ്രതി പെരുകുന്നു. വമ്പന്‍ കമ്പനികള്‍ സെലിബ്രിറ്റികളും സാധാരണക്കാരും ഉള്‍പ്പെടെയുള്ളവരുടെ അനുഭവസാക്ഷ്യങ്ങള്‍ക്കു പ്രചാരം നല്കുന്നുമുണ്ട്.   

ഇന്തോനേഷ്യയാണു കുടംപുളിയുടെ ജന്മദേശമെന്നു കരുതുന്നു. ഇന്ത്യയിലും വടക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയിലും വളരുന്ന വൃക്ഷത്തിന്റെ പഴമാണു കുടംപുളി (ഗാര്‍സീനിയ കംപോഗ്യ, തമരിന്‍ഡ്). തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ചില ഭക്ഷ്യവിഭവങ്ങളില്‍ ഇത് അവിഭാജ്യ ഘടകമാണ്. പ്രധാനമായും കറികളിലും ചട്‌നികളിലുമാണു കുടംപുളി ചേര്‍ക്കുന്നത്. മീന്‍ കറിവയ്ക്കാനും സൂക്ഷിക്കാനും ഇതുപയോഗിക്കുന്നു. മലേഷ്യയിലെ ചില ഗ്രാമങ്ങളില്‍ ശരീരഭാരം കുറയ്ക്കുന്നതിനു കുടംപുളി ഉപയോഗിച്ചു തയാറാക്കുന്ന ഒരിനം സൂപ്പ് ഭക്ഷണത്തിനു മുമ്പു കഴിക്കാറുണ്ട്.  

നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പലരും കുടംപുളി മരങ്ങള്‍ വെട്ടി മാറ്റിക്കൊണ്ടിരിക്കുകയാണ്. വിദേശത്തെ എരിവും പുളിയുമുള്ള കുടംപുളി വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒന്നു പറയാം, പറമ്പിലെ കുടംപുളി ഉടന്‍ വെട്ടിമാറ്റാന്‍ വരട്ടെ... കുടംപുളി മാത്രമല്ല, കേരളത്തിലും മറ്റും പലരും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ളവയ്ക്കും സുരക്ഷിത എണ്ണ എന്ന നിലയില്‍ വിദേശത്തു പ്രിയമേറിവരികയാണ്.



Keine Kommentare:

Kommentar veröffentlichen