Mittwoch, 31. Dezember 2014


ജര്‍മന്‍ വീസകള്‍ കേരളത്തിലെ ഫസിലിറ്റേഷന്‍ ഓഫീസുകള്‍ വഴി
ഫ്രാങ്ക്‌ഫര്‍ട്ട്‌-കൊച്ചി: കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച ജര്‍മന്‍ വീസാ ഫസിലിറ്റേഷന്‍ ഓഫീസുകള്‍ വഴി ജര്‍മന്‍ വീസകള്‍ക്ക്‌ അപേക്ഷിക്കാന്‍ ബംഗളൂരുവിലെ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ യോണ്‍ റോഡേ അഭ്യര്‍ഥിച്ചു.

കൊച്ചിയില്‍ എംജി റോഡിലും തിരുവനന്തപുരത്ത്‌ ടെക്‌നോ പാര്‍ക്കിലുമാണ്‌ ഈ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്‌. സംസ്ഥാനത്തുനിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഈ ഓഫീസുകള്‍ വഴി സൗകര്യപ്രദമായി വീസ അപേക്ഷാ സൗകര്യം ഉപയോഗിക്കാം.

ജര്‍മന്‍ വീസകള്‍ക്ക്‌ ബംഗളുരൂവിലെ കോണ്‍സലേറ്റിനെ ആശ്രയിക്കേണ്‌ടതില്ല. ഓണ്‍ലൈന്‍ വഴി വീസ അപേക്ഷിക്കുന്നവര്‍ക്ക്‌ അഭിമുഖം അടക്കം എല്ലാ നടപടിക്രമങ്ങളും കേരളത്തിലെ വീസ സെന്ററുകളില്‍ നടത്തും. ജര്‍മന്‍ വീസക്ക്‌ അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ വന്‍ വര്‍ധനവ്‌്‌ ഉണ്‌ടായിട്ടുണ്‌ട്‌. കഴിഞ്ഞ വര്‍ഷം 30,000 പേരാണ്‌ ബംഗളൂരുവിലെ സെന്ററില്‍നിന്നു വീസക്ക്‌ അപേക്ഷിച്ചത്‌. ഇതില്‍ പത്തു ശതമാനം മലയാളികളാണ്‌. വൈദഗ്‌ധ്യമുള്ള തൊഴിലാളികളുടെ കുറവ്‌ ജര്‍മനി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌. തൊഴില്‍ വൈദഗ്‌ധ്യത്തോടൊപ്പം ജര്‍മന്‍ ഭാഷയില്‍ പ്രാവീണ്യമുള്ളവരെ ജര്‍മനി തേടുന്നു. ഇന്ത്യക്കാര്‍ക്ക്‌, പ്രത്യേകിച്ചു കേരളത്തിലുള്ളവര്‍ക്ക്‌ ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മന്‍ വീസാ സെന്റര്‍ അഡ്രസ്‌: Kochi Second Floor S & T Arcade, Kurisupally Road, Ravipuram, Cochin 682015.

Keine Kommentare:

Kommentar veröffentlichen