Donnerstag, 4. April 2013

Manorama Online | Home | Editorial |

 എണ്ണയെക്കാള്‍ വിലയുണ്ട്‌ ഈ വെള്ളത്തിന്‌
ജേക്കബ്‌ പുന്നൂസ്‌

'വെള്ളം, വെള്ളം, സര്‍വത്ര; തുള്ളി കുടിപ്പാനില്ലത്രേ. പത്തും ഇരുപതും രൂപ മുടക്കി ഒരു കുപ്പി വെള്ളം വാങ്ങുന്ന മലയാളിയെ കാണുമ്പോള്‍ പഴയ കോളറിഡ്ജ്‌ കവിത അറിയാതെ ഒാ‍ര്‍ത്തുപോകും. കവി വര്‍ണിച്ചത്‌ നാവികരുടെ ദുരനുഭവമാണ്‌. നടുക്കടലിലും മരുഭൂമിയിലും വെള്ളത്തിനു വലിയ വില സ്വാഭാവികം. കുവൈത്തില്‍ ഒരു ലീറ്റര്‍ വെള്ളത്തിനു വില 50 രൂപ; എന്നാല്‍ പെട്രോളിനു 10 രൂപ മാത്രം. തികച്ചും ന്യായം.

മലയാളി കേരളത്തില്‍ കുപ്പിവെള്ളം വിലയ്ക്കുവാങ്ങുന്നത്‌ രണ്ടു പതിറ്റാണ്ടു മുന്‍പുപോലും അചിന്ത്യമായിരുന്നു. പണ്ടു വിദേശത്തുനിന്നു വരുന്ന ബന്ധുക്കള്‍ മക്കള്‍ക്കു ശുദ്ധജലം കൂടെ കൊണ്ടുനടന്നിരുന്നു. 'നാട്ടിലെ വെള്ളം നല്ലതല്ല എന്നവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ നാടന്‍ കുട്ടികള്‍ക്കൊന്നും പെട്ടെന്നതു മനസ്സിലായില്ല. തോട്ടില്‍ കുളിച്ചും കിണറ്റുവെള്ളം കുടിച്ചും വളര്‍ന്ന ഞങ്ങള്‍ക്കൊന്നും കാര്യമായ ഒരസുഖവും വന്നിട്ടില്ല. ഇന്നു സ്ഥിതിയാകെ മാറി. സഞ്ചാരവേളകളിലും കല്യാണങ്ങള്‍ക്കും സീല്‍ പൊട്ടിക്കാത്ത കുപ്പിവെള്ളമാണു നമുക്കിഷ്ടം.

നാറാണത്തുഭ്രാന്തനെ വെല്ലുന്ന രീതിയിലാണു മലയാളി വെള്ളം കൈകാര്യം ചെയ്യുന്നത്‌. കേരളത്തില്‍ വീടിന്റെ മുകളില്‍ ഒരുവര്‍ഷം വീഴുന്ന മഴവെള്ളം മുഴുവന്‍ ഒഴുകിപ്പോകാതെ സംരക്ഷിച്ചാല്‍ മൂന്നുനിലകള്‍ മൊത്തം മുങ്ങും. അത്രയും വെള്ളം പാഴാക്കിയിട്ടാണു പൈപ്പുവെള്ളത്തിനായി നാം നെട്ടോട്ടമോടുന്നത്‌. കുടിക്കാന്‍ മാത്രമല്ല, നനയ്ക്കാനും കഴുകാനും ഫ്ലഷ്‌ ചെയ്യാനും 'ജപ്പാന്‍ കുടിവെള്ളം നമുക്കു നിര്‍ബന്ധം. മഴവെള്ളം മുഴുവന്‍ വഴിയിലേക്കൊഴുക്കുന്നു. എന്നിട്ടു പത്തും നാല്‍പതും കിലോമീറ്റര്‍ പൈപ്പിലൂടെ പമ്പുചെയ്‌തു വെള്ളം കൊണ്ടുവരുന്നു. കിട്ടിയതെല്ലാം നശിപ്പിച്ച മുടിയനായ പുത്രനെപ്പോലെ മലയാളി വെള്ളമില്ലാത്ത പൈപ്പിന്റെ മൂട്ടില്‍ കുത്തിയിരിക്കുന്ന കാഴ്ച എത്ര ദയനീയം!

100 ലക്ഷം കോടി ലീറ്റര്‍ മഴവെള്ളമാണു നമുക്കൊരു വര്‍ഷം ലഭിക്കുന്നത്‌. ശുദ്ധജലത്തിന്‌ അതിന്റെ ആയിരത്തിലൊരംശം പോലും വേണ്ട. പക്ഷേ, കിണര്‍ കുഴിക്കാനും കുളം സംരക്ഷിക്കാനും നമുക്കു താല്‍പര്യമില്ല; മഴവെള്ളം പറമ്പില്‍ താഴ്ത്തുകയുമില്ല. പോരെങ്കില്‍ വെള്ളംമൂലം 'വൃത്തികേടാകാതിരിക്കാന്‍ മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റ്‌ ചെയ്യുന്നു. മഴവെള്ളം വഴിയിലേക്കോ അയല്‍ പറമ്പിലേക്കോ ഒഴുക്കുന്നതാണ്‌ ഇന്നത്തെ മിടുക്ക്‌. തന്റെ പറമ്പിലേക്ക്‌ അയല്‍ക്കാരന്‍ വെള്ളം ഒഴുക്കുന്നതിനെതിരായി പൊലീസ്‌ പരാതികള്‍ ധാരാളം.

ജലദോഷമരുന്നു പരസ്യം കണ്ടു മഴ അത്യപകടകരമെന്നു ധരിക്കുന്ന അമ്മമാരാണിന്ന്‌ അധികം. മുറ്റത്തു മഴ തിമര്‍ത്തുപെയ്യുമ്പോഴും കുളിമുറിയിലെ 'ഷവറില്‍ കുളിക്കാനാണിന്നു നമുക്കിഷ്ടം. പ്രകൃതിയുടെ 'ഷവര്‍ ആര്‍ക്കുവേണം? തോര്‍ത്തുടുത്തു തോരുന്നതു വരെ മഴയത്തോടിച്ചാടി നടന്ന കാലം ഇനിയും ഒരു കുട്ടിക്കും ഒാ‍ര്‍മിക്കാന്‍ കഴിയില്ല. മുറ്റത്തെ മഴവെള്ളച്ചാലില്‍ പാലം പണിഞ്ഞും തോണി ഒഴുക്കിയും കളിക്കുന്ന ഉണ്ണിക്കുട്ടന്മാര്‍, കവിതയില്‍നിന്നു മാത്രമല്ല, മലയാളി മനസ്സില്‍നിന്നുപോലും മാഞ്ഞുപോയി.

കാടാറുമാസം നാടാറുമാസം എന്നപോലെ കേരളത്തില്‍ ആറാറുമാസം കൂടുമ്പോള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും മാറിമാറി വരുന്നു. ഈ ദൂഷിതവലയത്തില്‍നിന്നു രക്ഷപ്പെടാന്‍ തീര്‍ച്ചയായും നമുക്കു സാധിക്കും. ശുദ്ധജലത്തിനായി സമരം ചെയ്യാനും പൈപ്പുപൊട്ടലിനെതിരെ പ്രതിഷേധിക്കാനും നമുക്ക്‌ അവകാശമുണ്ട്‌; പക്ഷേ, കിട്ടുന്ന വെള്ളം സംരക്ഷിക്കാനും നമുക്കു മനസ്സുണ്ടാവേണ്ടിയിരിക്കുന്നു.

സ്വന്തം വളപ്പിലെ വെള്ളം പെട്ടെന്നു വെളിയിലേക്കൊലിച്ചുപോകില്ല എന്നുറപ്പുവരുത്തി പരിഹരിക്കാവുന്ന ശുദ്ധജലപ്രശ്നമേ കേരളത്തിലുള്ളൂ. ചെറിയ കിണറുകളും കുളങ്ങളും തടയണകളും ധാരാളമായി പറമ്പുകളില്‍ നിഷ്പ്രയാസം ഉണ്ടാക്കാം. കേരളത്തില്‍ വലിയരീതിയില്‍ മഴവെള്ളസംഭരണം നടക്കുന്നത്‌ തൃശൂരിലെ കേരള പൊലീസ്‌ അക്കാദമിയിലാണ്‌. ആ പ്രദേശത്തു തൊണ്ണൂറുകളില്‍ അതിരൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. അതിന്‌ അക്കാദമിയിലെ പടുകൂറ്റന്‍ സംഭരണികള്‍ വലിയൊരളവുവരെ പരിഹാരമായി. അടുത്തകാലത്തു വനംവകുപ്പും പല സ്ഥലത്തും ചെറിയ തടയണകള്‍ കെട്ടി കാട്ടാനകള്‍ക്കു വെള്ളം ഉറപ്പുവരുത്തുന്നതില്‍ വിജയിച്ചു.

വിണ്ണില്‍നിന്നും വീണുകിട്ടുന്ന വെള്ളം, അറബിമണ്ണിലെ എണ്ണയെക്കാള്‍ വിശിഷ്ടമാണെന്നു നാം തിരിച്ചറിയണം. ലീറ്ററിന്‌ ഒരുരൂപ നിരക്കില്‍ കണക്കാക്കിയാല്‍ പോലും നൂറുലക്ഷം കോടി രൂപയുടെ മഴവെള്ളമാണു നമുക്കു ലഭിക്കുന്നത്‌! കേരളത്തിന്റെ മൊത്തം വാര്‍ഷിക ആഭ്യന്തരവരുമാനം ഏതാണ്ടു മൂന്നുലക്ഷം കോടിരൂപ മാത്രം. അതായതു നാം വെറുതെ കളയുന്ന വെള്ളത്തിന്റെ സാങ്കല്‍പിക വിലയുടെ മൂന്നു ശതമാനം.

മിടുക്കുണ്ടെങ്കില്‍ ഒരുപക്ഷേ, ഗള്‍ഫിലേക്കു വെള്ളം കയറ്റി അയയ്ക്കാന്‍പോലും നമുക്കു സാധിക്കും. എണ്ണക്കപ്പലെല്ലാം കാലിയായിട്ടല്ലേ തിരിച്ചുപോകുന്നത്‌? പക്ഷേ, മഴവെള്ളം പാഴാക്കിയും പൈപ്പുപൊട്ടലിനെ ശപിച്ചും കിണറും കുളങ്ങളും മൂടിയും നാം ജീവിച്ചാല്‍, അരിയും പച്ചക്കറിയും കരിക്കുംപോലെ, ഒരുനാള്‍ പച്ചവെള്ളംപോലും നാം ഇറക്കുമതിചെയ്യില്ലെന്ന്‌ ആരുകണ്ടു? നാറാണത്തേക്കോ നമ്മുടെ പോക്ക്‌?

Keine Kommentare:

Kommentar veröffentlichen