Samstag, 30. August 2014

അര്‍ജുന, ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
 

ന്യൂഡല്‍ഹി: അഞ്ചു മലയാളികളടക്കമുള്ള കായിക താരങ്ങള്‍ക്കു രാഷ്ട്‌പതി പ്രണബ്‌ മുഖര്‍ജി അര്‍ജുന പുരസ്‌കാരം നല്‍കി. വെള്ളിയാഴ്‌ച വൈകുന്നേരം രാഷ്ടപതി ഭവനില്‍ നടന്ന ചടങ്ങില്‍ വോളിബോള്‍ താരം ടോം ജോസഫ്‌, ബാസ്‌ക്കറ്റ്‌ ബോള്‍ താരം ഗീതു അന്ന ജോസ്‌, തുഴച്ചില്‍ താരം സജി തോമസ്‌, അത്‌ലറ്റ്‌ ടിന്റു ലൂക്ക, ബാഡ്‌മിന്റണ്‍ താരം വി. ദിജു എന്നിവര്‍ പുരസ്‌കാരം ഏറ്റു വാങ്ങി മലയാളത്തിന്റെ യശസുയര്‍ത്തി.

ക്രിക്കറ്റ്‌ പരമ്പരയ്‌ക്കായി ഇംഗ്‌ളണ്‌ടിലായതിനാല്‍ ആര്‍.അശ്വിന്‍ അര്‍ജുന പുരസ്‌കാരം ഏറ്റു വാങ്ങാനെത്തിയില്ല. ഇവര്‍ക്കു പുറമേ മികച്ച കായിക പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം മലയാളിയായ തുഴച്ചില്‍ പരിശീലകന്‍ ജോസ്‌ ജേക്കബ്‌ ഏറ്റു വാങ്ങി. പുരസ്‌കാര ജേതാക്കളെ പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

അമ്പെയ്‌ത്ത്‌ താരം അഖിലേഷ്‌ വര്‍മ, പാരാലിംപിക്‌സ്‌ താരം എച്ച്‌.എന്‍ ഗിരിഷ, ബോക്‌സിംഗ്‌ താരം ജയ്‌ ഭഗവാന്‍, ഗോള്‍ഫ്‌ താരം അനിര്‍ബാന്‍ ലാഹിരി, കബഡി താരം മമതാ പുജാരി, ഷൂട്ടിംഗ്‌ താരം ഹീന സിദ്ദു, സക്വാഷ്‌ താരം അനക അലങ്കമണി, വെയ്‌റ്റ്‌ലിഫ്‌റ്റിംഗ്‌ താരം രേണുബാല താനു, റെസ്‌്‌ലിംഗ്‌ താരം സുനില്‍ റാണ എന്നിവരാണു അര്‍ജുന ലഭിച്ച മറ്റു കായിക താരങ്ങള്‍. ഇരുപതു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ്‌ ഇത്തവണ ചടങ്ങില്‍ കായിക രംഗത്തെ പരമോന്ന ബഹുമതിയായ രാജീവ്‌ ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്‌ അര്‍ഹരായ കായിക താരങ്ങളില്ലാതെ പോയത്‌.

Keine Kommentare:

Kommentar veröffentlichen