Freitag, 22. Juni 2012


101 ഒറ്റമൂലികള്‍
ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും.
കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക്‌ ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച്‌ അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. അല്‍പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന്‌ തുറന്ന്‌ തൊടിയിലേക്കു നോക്കിയാല്‍ എണ്ണമറ്റ ഔഷധ സസ്യങ്ങളെ കണെ്ടത്താം.
വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്‌. ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ്‌ ഈ കുറിപ്പുകള്‍.
അസുഖങ്ങള്‍ ശമിക്കാന്‍
ചുമ

*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ്ക്ക്‌ ആശ്വാസം ലഭിക്കും.
*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
*വയമ്പ്‌ ചെറുതേനില്‍ ഉരച്ച്‌ ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന്‌ കുറയും.
*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.


പനി
*തുളസി പിഴിഞ്ഞെടുത്ത നീര്‌ തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക്‌ പെട്ടെന്ന്‌ കുറവുണ്ടാകും.
*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത്‌ കഴിച്ചാലും പനിക്ക്‌ ശമനമുണ്ടാകും.
ജലദോഷം
.*തുളസിനീര്‌ അര ഔണ്‍സ്‌ വീതം രണ്ടുനേരം കഴിക്കുക.
*ഗ്രാമ്പൂ പൊടിച്ച്‌ തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന്‌ കുറവുണ്ടാകും.

രക്താതിസമ്മര്‍ദം
*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച്‌ ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.
*തണ്ണിമത്തന്‍ ജ്യോൂസ്‌ ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന്‌ വളരെ കുറവുണ്ടാകും.
*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന്‌ കുറവുണ്ടാകും.

ആസ്തമ
*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച്‌ ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.
*തുളസിയില പിഴിഞ്ഞ നീര്‌ ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.
കഫശല്യം
*ചെറിയ കഷ്ണം ഇഞ്ചി ചുട്ട്‌ തൊലികളഞ്ഞ്‌ കഴിക്കുക.
*തേന്‍, തുളസിനീര്‌, ഇഞ്ചിനീര്‌, ഉള്ളിനീര്‌ എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന്‌ വളരെ ശമനമുണ്ടാകും.
*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന്‌ കുറവുണ്ടാകും.
കൊടിഞ്ഞി
*ജീരകം ചതച്ചിട്ട്‌ പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക്‌ ശമനമുണ്ടാകും.
*മുക്കൂറ്റി സമൂലമെടുത്ത്‌ (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച്‌ കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്‌
*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ്‌ ചതച്ച്‌ ഭക്ഷണത്തോടൊപ്പം കഴിക്കുക.
*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.
*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട്‌ കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്‌.
അമിതവണ്ണം
*തേനും വെള്ളവും സമംചേര്‍ത്ത്‌ അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്‌)
*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
പ്രമേഹം
*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.
*രാത്രി കിടക്കാന്‍ നേരത്ത്‌ വെളുത്തുള്ളി ചതച്ചിട്ട്‌ പാല്‍ കുടിക്കുക.
*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.
കൃമിശല്യം
*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.
*അല്‍പം കായമെടുത്ത്‌ ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.
*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.
ഗാസ്ട്രബിള്‍
*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട്‌ കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.
*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.
*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട്‌ തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
ദഹനക്കേട്‌
*ഒരു ചെറുകഷ്ണം ഇഞ്ചി, രണേ്ടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത്‌ ചവച്ചിറക്കുക.
*ജീരകം കരിങ്ങാലി എന്നിവയിട്ട്‌ തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
പുളിച്ചുതികട്ടല്‍
*കറിവേപ്പില വെള്ളം തൊടാതെ അരച്ച്‌ നെല്ലിക്കയോളം വലുപ്പത്തിലെടുത്ത്‌ കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.
*വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.
ഗര്‍ഭകാല ഛര്‍ദി
* അഞ്ചോ ആറോ ഏലക്കായ്‌ പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.
വേദനയ്ക്ക്‌ വിട
പല്ലുവേദന
*ഇഞ്ചിനീരും തേനും കൂട്ടി പുരട്ടുക.
*ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.
*പേരയുടെ ഇലയിട്ട്‌ തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.
തലവേദന
*മല്ലിയില, പുതിനയില, തുമ്പയില, ഇവയില്‍ ഏതെങ്കിലും അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്കു ശമനമുണ്ടാകും.
*ചന്ദനം പനിനീരില്‍ കുഴച്ച്‌ നെറ്റിയില്‍ കട്ടിയില്‍ പുരട്ടിയാല്‍ തലവേദന കുറയും.
തൊണ്ടവേദന
*തേയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പുചേര്‍ത്തു കവിള്‍കൊള്ളുക.
*ചെറുപയര്‍പൊടി പാലില്‍ ചാലിച്ച്‌ ചെറുനാരങ്ങാനീരുചേര്‍ത്തു പുരട്ടുക.
വയറുവേദന
* ഒരൗണ്‍സ്‌ ഇഞ്ചിനീരില്‍ അര ടീസ്പൂണ്‍ തിപ്പലിപ്പൊടി ചേര്‍ത്തു കഴിക്കുക.
*രണ്ടു സ്പൂണ്‍ ഇഞ്ചിനീരില്‍ അല്‍പം പഞ്ചസാര ചേര്‍ത്തു സേവിക്കുക.
തിളങ്ങും സൗന്ദര്യത്തിന്‌
കണ്ണിനുതാഴെയുള്ള കറുത്തപാടുകള്‍
*കണ്ണിനു ചുവടേ തേന്‍ പുരട്ടി ഒരു മണിബ;ൂ‍റിനുശേഷം കഴുകിക്കളയുക.
*പാലും നേന്ത്രപ്പഴവും കുഴമ്പുരൂപത്തിലാക്കി കണ്ണിനു താഴെ പുരട്ടുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയണം.
*ചെറുനാരങ്ങാനീരും തക്കാളിനീരും സമംചേര്‍ത്ത്‌ കണ്‍തടങ്ങളില്‍ പുരട്ടി പതിനഞ്ചുമിനിറ്റിനുശേഷം കഴുകിക്കളയുക.
മുഖക്കുരു
*തുളസിയില തിരുമ്മി നീരെടുത്ത്‌ മുഖത്തു പുരട്ടിയാല്‍ മുഖക്കുരുവിന്‌ കുറവുണ്ടാകും.
*ചെറുനാരങ്ങാനീര്‌ ചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിക്കുക.
*വേപ്പിലയും മഞ്ഞളും കൂടി അരച്ച്‌ മുഖത്തു പുരട്ടുക.
*തേങ്ങാവെള്ളം കൊണ്ട്‌ മുഖം കഴുകുക.
മുഖത്തെ രോമവളര്‍ച്ച
*പച്ചമഞ്ഞള്‍ അരച്ച്‌ മുഖത്തുപുരട്ടി ഒന്നോ രണേ്ടാ മണിക്കൂര്‍ കഴിഞ്ഞ്‌ കഴുകിക്കളഞ്ഞാല്‍ മുഖത്തെ രോമവളര്‍ച്ച തടയാന്‍ സാധിക്കും.
*ചെറുപയര്‍പൊടി പാലില്‍ ചാലിച്ച്‌ ഒപ്പം ചെറുനാരങ്ങാനീരും ചേര്‍ത്ത്‌ പുരട്ടുക.
*രക്തചന്ദനം അരച്ച്‌ വെള്ളരിക്കാനീരില്‍ പതിവായി പുരട്ടിയാല്‍ മുഖത്തെ രോമവളര്‍ച്ച തടയാം.
മുഖത്തെപാടുകള്‍
*പശുവിന്‍പാല്‍ ചെറുനാരങ്ങാനീര്‌, മഞ്ഞള്‍പ്പൊടി, ഒരുനുള്ള്‌ ഉപ്പ്‌ എന്നിവ യോജിപ്പിച്ച്‌ പതിവായി മുഖത്തുപുരട്ടുക. കടലമാവും ചൂടുവെള്ളവും ഉപയോഗിച്ച്‌ കഴുകിക്കളയുക. രണ്ടാഴ്ചയോളം ഇങ്ങനെ ചെയ്താല്‍ മുഖത്തെ പാടുകള്‍ മാഞ്ഞ്‌ മുഖം സുന്ദരമാകും.
*പച്ചമോര്‌ മുഖത്തു പുരട്ടി ഉണങ്ങിയതിനുശേഷം പച്ചവെള്ളത്തില്‍ കഴുകിക്കളയുക.
താരന്‍
*തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര്‌ ചേര്‍ത്തു തലയില്‍ പുരട്ടുക.
*ആഴ്ചയില്‍ ഒരിക്കല്‍ കടുക്‌ അരച്ച്‌ തലയില്‍ പുരട്ടി അഞ്ചുമിനിറ്റിനുശേഷം നന്നായി കഴുകിക്കളയുക.
*തുളസിയില, വെറ്റില, ചെത്തിപ്പൂവ്‌ എന്നിവ ചതച്ചിട്ട വെളിച്ചെണ്ണ കാച്ചി പുരട്ടുക.
*ഒലിവെണ്ണ ചൂടാക്കി ചെറുചൂടോടെ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച്‌ കുളിക്കുക.
അകാലനര
*മെയിലാഞ്ചി അരച്ച്‌ തണലില്‍ ഉണക്കിയെടുത്തശേഷം വെളിച്ചെണ്ണയില്‍ ചാലിച്ച്‌ പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം.
*ചെറുപയറുപൊടി പതിവായി തലയില്‍ തേച്ചു കുളിക്കുക.
*കറിവേപ്പില ധാരാളം ചേര്‍ത്ത്‌ വെളിച്ചെണ്ണ കാച്ചി തേച്ച്‌ കുളിക്കുന്നത്‌ അകാല നരയ്ക്ക്‌ ഉത്തമ പരിഹാരമാണ്‌.
മുടിക്കു നിറം ലഭിക്കാന്‍
*മെയിലാഞ്ചിയില അരച്ച്‌ വെളിച്ചെണ്ണ ചേര്‍ത്തു കാച്ചി അരിച്ചെടുത്ത്‌ പതിവായി തലയില്‍ പുരട്ടിയാല്‍ മുടിക്ക്‌ നല്ല കറുപ്പുനിറം ലഭിക്കും.
* നെല്ലിക്ക ചതച്ച്‌ തൈരില്‍ കലക്കി തലമുടിയില്‍ തേച്ചുപിടിപ്പിച്ച്‌ അരമണിക്കൂര്‍ കഴിഞ്ഞ്‌ കുളിക്കുക. ഒരുമാസം തുടര്‍ച്ചയായി ചെയ്താല്‍ തലമുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമായിത്തീരും.
മുടികൊഴിച്ചില്‍ അകറ്റാന്‍
*മെയിലാഞ്ചിയില അരച്ചുണക്കി വെളിച്ചെണ്ണ കാച്ചി തേച്ചാല്‍ മുടികൊഴിച്ചില്‍ തടയാന്‍ സാധിക്കും.
*പച്ചക്കര്‍പ്പൂരം പൊടിച്ച്‌, വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടുക.
*ചെമ്പരത്തി വെളിച്ചെണ്ണയിലിട്ട്‌ കാച്ചി നിത്യവും പുരട്ടുക.
ത്വക്‌രോഗങ്ങള്‍
അടിവയറിലെ പാടുകള്‍
*അരച്ചെടുത്ത മഞ്ഞള്‍ വെളിച്ചെണ്ണയില്‍ ചാലിച്ച്‌ ഗര്‍ഭത്തിന്റെ മൂന്നാംമാസം മുതല്‍ ഉദരഭാഗങ്ങളില്‍ പുരട്ടിയശേഷം കുളിക്കുക.
*ഗര്‍ഭത്തിന്റെ മൂന്നാംമാസം മുതല്‍ ഉദരത്തില്‍ ഒലിവെണ്ണ തേച്ചു കുളിക്കുക.
ആണിരോഗം
*ആണിയുള്ള ഭാഗങ്ങളില്‍ എരിക്കിന്‍പാല്‍ ഇറ്റിക്കുന്നത്‌ വളരെ ഫലപ്രദമാണ്‌.
*ഇഞ്ചിനീരും ചുണ്ണാമ്പിന്റെ തെളിനീരും ചേര്‍ത്ത്‌ ആണിയുള്ള ഭാഗത്തു പുരട്ടുക.
ചുണങ്ങ്‌
*ചെറുനാരങ്ങാനീരില്‍ ഉപ്പിട്ട്‌ ചുണങ്ങില്‍ പുരട്ടുക.
*വെറ്റിലനീരില്‍ വെളുത്തുള്ളി അരച്ച്‌ ചുണങ്ങുള്ള ഭാഗത്തു പുരട്ടുക.
*കടുക്‌ അരച്ച്‌ തുടര്‍ച്ചയായി ചുണങ്ങുള്ള ഭാഗത്ത്‌ പുരട്ടുക.
അരിമ്പാറ
*ഒരല്ലി വെളുത്തുള്ളി കനലില്‍ ചുട്ട്‌ അരിമ്പാറയ്ക്കുമേല്‍ വെയ്ക്കുക.
*ചുണ്ണാമ്പും കാരവും സമംചേര്‍ത്ത്‌ കുഴച്ച്‌ അരിമ്പാറയ്ക്കുമുകളിലായി മാത്രം പുരട്ടുക.
* ചുവന്നുള്ളി വട്ടം മുറിച്ച്‌ അരിമ്പാറയില്‍ ഉരസുക.
കുഴിനഖം
*മെയിലാഞ്ചിയും പച്ചമഞ്ഞളും അരച്ച്‌ കുഴിനഖത്തിന്‌ ചുറ്റും വെച്ചുകെട്ടുക.
*ചുണ്ണാമ്പും ശര്‍ക്കരയും കുഴച്ചു പുരട്ടുക.
*ചെറുനാരങ്ങയില്‍ കുഴിയുണ്ടാക്കി വിരല്‍ അതില്‍ കടത്തി വെയ്ക്കു
വിഷബാധയേറ്റാല്‍
*ചെവിയില്‍ ചെറുകീടങ്ങള്‍ പോയാല്‍ ഉപ്പിട്ട്‌ തിളപ്പിച്ചാറിയ വെള്ളം ചെവിയില്‍ ഒഴിക്കുക.
*എട്ടുകാലിവിഷം ഏറ്റാല്‍ മഞ്ഞളും തുളസിയിലയും അരച്ചു കടിയേറ്റഭാഗത്തുപുരട്ടുകയും ഇവ പാലില്‍ അരച്ചുകലക്കി കുടിക്കുകയും ചെയ്യുക.
*പച്ചമഞ്ഞള്‍ ഇടിച്ചുപിഴിഞ്ഞ നീരില്‍ കായം ചാലിച്ചുപുരട്ടിയാല്‍ പഴുതാര വിഷത്തിന്റെ അസ്വസ്ഥതകള്‍ ഇല്ലാതാകും.
*ഭക്ഷ്യവിഷബാധയേറ്റാല്‍ കഞ്ഞിവെള്ളത്തില്‍ ഇഞ്ചിയും കുരമുളകും ചതച്ചിട്ട്‌ തുടരെ കുടിക്കുക. വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച്‌ ഉരുളയാക്കി വിഴുങ്ങുന്നതും ഭക്ഷ്യവിഷബാധകൊണ്ടുള്ള അസ്വസ്ഥതകള്‍ക്ക്‌ പരിഹാരമാണ്‌.
സ്ത്രീകള്‍ക്കു വേണ്ടി മാത്രം
ആര്‍ത്തവപ്രശ്നങ്ങള്‍
*ഉലുവ വറുത്തിട്ട്‌ വെള്ളം തിളപ്പിച്ച്‌ കുടിച്ചാല്‍ ആര്‍ത്തവസമയത്തെ വയറുവേദനയ്ക്ക്‌ കുറവുണ്ടാകും.
*മാങ്ങായണ്ടി ഉണക്കിപ്പൊടിച്ച്‌, അല്‍പം തേനില്‍ ചാലിച്ച്‌ കഴിക്കുന്നത്‌ ആര്‍ത്തവം ക്രമീകരിക്കാന്‍ ഉത്തമമാണ്‌.
വെള്ളപോക്ക്‌
*ഒരു ഗ്ലാസ്‌ കാരറ്റ്നീരില്‍ തേന്‍ ചേര്‍ത്ത്‌ രാവിലെയും വൈകുന്നേരവും 15 ദിവസം തുടര്‍ച്ചയായി കഴിക്കുക.
*നെല്ലിക്കാനീര്‌, തേന്‍, പഞ്ചസാര ഇവചേര്‍ത്തു കദളിപ്പഴം കഴിക്കുക.
മുലപ്പാല്‍ വര്‍ധിക്കാന്‍
*അര ഔണ്‍സ്‌ തേന്‍ ദിവസവും കഴിക്കുക.
*പഴുത്ത പപ്പായ ഭക്ഷണത്തിനുശേഷം കഴിക്കുക.
*തവിടും ശര്‍ക്കരയും ചേര്‍ത്തു കുറുക്കി പതിവായി കഴിക്കുകക.
*തേങ്ങ നല്ലവണ്ണം ചേര്‍ത്ത്‌ മുരിങ്ങയിലത്തോരന്‍ ഉണ്ടാക്കി കഴിക്കുക.
*ഉഴുന്ന്‌ വേവിച്ച്‌ മൂന്നു നേരം കഴിക്കുക.

 വീണ്ടുഠ 101 ഒറ്റമൂലികള്‍*
*ഉളുക്കിന്*- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക
*പുഴുക്കടിക്ക്*- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
*തലമുടി സമൃദ്ധമായി വളരുന്നതിന്*- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
*ചെവി വേദനയ്ക്ക്*- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
*കണ്ണ് വേദനയ്ക്ക്*- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
*മൂത്രതടസ്സത്തിന്*- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക
*വിരശല്യത്തിന്*- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
*ദഹനക്കേടിന്* - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക
*കഫക്കെട്ടിന്* - ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
*ചൂട്കുരുവിന്* - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
*ഉറക്കക്കുറവിന്*-കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ
*വളം കടിക്ക്*- വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
*ചുണങ്ങിന്*- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
*അരുചിക്ക്*- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു
*പല്ലുവേദനയ്ക്ക്*-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
*തലവേദനയ്ക്ക്*- ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
*വായ്നാറ്റം മാറ്റുവാന്‍*- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക
*തുമ്മലിന്*- വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
*ജലദോഷത്തിന്*- തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക
*ടോണ്‍സി ലെറ്റിസിന്*- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
*തീ പൊള്ളലിന്*- ചെറുതേന്‍ പുരട്ടുക
*തലനീരിന്*- കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക
*ശരീര കാന്തിക്ക്*- ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
*കണ്ണിന് ചുറ്റുമുള്ള നിറം മാറാൻ* ‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
*പുളിച്ച് തികട്ടലിന്*- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
*പേന്‍പോകാന്‍*- തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
*പുഴുപ്പല്ല് മറുന്നതിന്*- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
*വിയര്‍പ്പു നാറ്റം മാറുവാന്‍*- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
*ശരീരത്തിന് നിറം കിട്ടാന്‍*- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
*ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്*- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
*മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്*- ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
*ഉഷ്ണത്തിലെ അസുഖത്തിന്*- പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
*ചുമയ്ക്ക്*-പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
*കരിവംഗലം മാററുന്നതിന്*- കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
*മുഖസൌന്ദര്യത്തിന്*- തുളസിയുടെ നീര് നിത്യവും തേയ്ക്കുക
*വായുകോപത്തിന്*- ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക
*അമിതവണ്ണം കുറയ്ക്കാന്‍*-ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക
*ഒച്ചയടപ്പിന്*- ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
*വളംകടിക്ക്*- ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
*സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍*- പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
*താരന്‍ മാറാന്‍*- കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
*മുഖത്തെ എണ്ണമയം മാറന്‍*- തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക
*മെലിഞ്ഞവര്‍ തടിക്കുന്നതിന്*- ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
*കടന്തല്‍ വിഷത്തിന്*- മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
*ഓര്‍മ്മ കുറവിന്*- നിത്യവും ഈന്തപ്പഴം കഴിക്കുക
*മോണപഴുപ്പിന്*- നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
*പഴുതാര കുത്തിയാല്‍*- ചുള്ളമ്പ് പുരട്ടുക
*ക്ഷീണം മാറുന്നതിന്*- ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.
*പ്രഷറിന്*-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
*ചെങ്കണ്ണിന്*- ചെറുതേന്‍ കണ്ണിലെഴുതുക
*കാല്‍ വിള്ളുന്നതിന്*- താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
*ദുര്‍മേദസ്സിന്*-ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
*കൃമിശല്യത്തിന്*- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
*സാധാരണ നീരിന്*- തോട്ടാവാടി അരച്ച് പുരട്ടുക
*ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്*- ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
*കരപ്പന്*- അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
*ശ്വാസംമുട്ടലിന്* അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
*ജലദോഷത്തിന്* - ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക
*ചുമയ്ക്ക്*- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
*ചെവി വേദനയ്ക്ക്*- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
*പുകച്ചിലിന്*- നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക
*ചര്‍ദ്ദിക്ക്*-കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
*അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്*- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക
*മൂത്രചൂടിന്* -പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
*ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക്*- കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക
*മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്*- ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
*അള്‍സറിന്*- ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക
*മലശോദനയ്ക്ക്*- മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
*പരുവിന്*- അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
*മുടിയിലെ കായ് മാറുന്നതിന്*- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
*ദീര്‍ഘകാല യൌവനത്തിന്*- ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
*വൃണങ്ങള്‍ക്ക്*- വേപ്പില അരച്ച് പുരട്ടുക
*പാലുണ്ണിക്ക്*- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
*ആസ്മയ്ക്ക്*- ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക
*പനിക്ക്*- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
*പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍*- ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക
*കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍*- രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക
*മന്തിന്*- കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
*ദഹനക്കേടിന്*- ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക
*മഞ്ഞപ്പിത്തതിന്*-ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
*പ്രമേഹത്തിന്*- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക
*കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍*-വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക
*വാതത്തിന്*- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
*വയറുകടിക്ക്*-ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക
*ചോറിക്ക്*-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക
*രക്തകുറവിന്*- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
*കൊടിഞ്ഞിക്ക്*- പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
*ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്*- പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക
*ഉദരരോഗത്തിന്*- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക
*ചെന്നിക്കുത്തിന്*- നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക
*തൊണ്ടവേദനയ്ക്ക്*-അല്പംവെറ്റില, കുരുമുളക്, പച്ചകര്‍പ്പൂരം എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
*കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്*- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക
*വേനല്‍ കുരുവിന്*- പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
*മുട്ടുവീക്കത്തിന്*-കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക
*ശരീര ശക്തിക്ക്*- ഓഡ്സ് നീര് കഴിക്കുക
*ആമ വാതത്തിന്*- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
*നരവരാതിരിക്കാന്‍*- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക
*തലമുടിയുടെ അറ്റം പിളരുന്നതിന്*- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
*കുട്ടികളുടെ വയറുവേദനയ്ക്ക്*- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
*കാഴ്ച കുറവിന്*- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
*കണ്ണിലെ മുറിവിന്*- ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

രോഗം വരുത്തുന്ന ഒറ്റമൂലി

ഡോ.സി.കെ രാമചന്ദ്രന്‍
പ്രഫസര്‍ എമറിറ്റസ്‌, കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌

ഇലുമ്പന്‍പുളിയും കാന്താരിമുളകും കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയുമെന്നുള്ള പ്രചാരണം വ്യാപകമാണ്‌. എന്നാല്‍ സര്‍വരോഗ സംഹാരിയായ ഒറ്റമൂലിയില്ല. മാത്രവുമല്ല, തുടര്‍ച്ചയായി ഉപയോഗിക്കുന്ന ഒറ്റമൂലികള്‍ക്ക്‌ പാര്‍ശ്വഫലങ്ങളുമുണ്ട്‌.

എന്തിനും ഏതിനും മരുന്നിനെ ആശ്രയി ക്കുന്ന ജനതയാണു നമ്മുടേത്‌. ചെറിയൊരു ജലദോഷം കണ്ടാല്‍, ശരീരവേദനയുണ്ടായാല്‍ ഉടന്‍തന്നെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി കഴിച്ചില്ലെങ്കില്‍ മനസമാധാനമില്ലാത്ത നിരവധി പേര്‍ നമുക്കിടയിലുണ്ട്‌. ഇംഗ്ലീഷ്‌ മരുന്നു കഴിക്കുന്ന അതേ ആവേശം ഇപ്പോള്‍ ഒറ്റമൂലികള്‍ കഴിക്കുന്ന കാര്യത്തിലും ഉണ്ടാവുന്നു.

തലമുറകളായി നമുക്കു കൈമാറി കിട്ടിയ ഒന്നാണ്‌ ഒറ്റമൂലി. പനിയോ ജലദോഷമോ കണ്ടാല്‍ നമ്മുടെ മുത്തശ്ശിമാര്‍ തൊടിയില്‍ നിന്നു തന്നെ ഫലപ്രദമായ മരുന്നു കണെ്ടത്തിയിരുന്നത്‌ ഒരു പഴയകാല ചിത്രം മാത്രം.

ഗൃഹവൈദ്യത്തിലുപയോഗിക്കുന്ന മരുന്നുകളെല്ലാം പ്രകൃതിയില്‍ കാണുന്ന നിരുപദ്രവകരങ്ങളായ സസ്യങ്ങള്‍ മാത്രമാണ്‌. നാം നിത്യേന കറികള്‍ക്കായി ഉപയോഗിക്കാറുള്ള കറിവേപ്പില മുതല്‍ തുടങ്ങുന്നു വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങളുടെ നിര.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സര്‍വരോഗസംഹാരി എന്ന നിലയിലാണ്‌ ഇപ്പോള്‍ പല ഒറ്റമൂലികളും രംഗത്തുവരുന്നത്‌. അതാണ്‌ അപകടവും.

ഇലുമ്പന്‍പുളി കഴിച്ചാല്‍ കൊളസ്ട്രോള്‍ (വൃക്ക)പോകുമോ?

ഇലുമ്പന്‍പുളിയും കാന്താരിമുളകും കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയുമെന്നുള്ള പ്രചാരണം വ്യാപകമാണ്‌. തൊടിയില്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്ന ഇലുമ്പന്‍പുളിക്ക്‌ അതോടെ വന്‍ മാര്‍ക്കറ്റായി. കാന്താരിമുളകിന്‌ എറണാകുളം നഗരത്തില്‍ കിലോഗ്രാമിനു 400 രൂപയാണ്‌ ഇപ്പോള്‍ വില. ഇവയൊക്കെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പര്യാപ്തമാണോ എന്നുള്ള ഗവേഷണങ്ങളും ഇതുവരെയും നടത്തിയിട്ടില്ല. ആധികാരികമായി തെളിയിക്കപ്പെടാത്ത അറിവുകളെ ശാസ്ത്രീയമെന്നു പറയാനുമാവില്ല.

ഇലുമ്പന്‍പുളി ധാരാളമായി കഴിച്ചവരില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ ധാരാളം ആളുകള്‍ക്കു വൃക്കസംബന്ധമായ തകരാറുകള്‍ കണെ്ടത്തിയിരുന്നു. ഇലുമ്പന്‍പുളി ശരീരത്തിലെ നീരുവര്‍ധിപ്പിക്കുമെന്ന്‌ ആയുര്‍വേദവും പറയുന്നു. കാന്താരിമുളകിനു താരപരിവേഷം വര്‍ധിപ്പിക്കുന്നതും കൊളസ്ട്രോള്‍ എരിച്ചുകളയും എന്ന വാദമാണ്‌. ഇതും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.
പ്രമേഹത്തെ ഓടിക്കുന്ന ഇന്‍സുലിന്‍ ചെടി

അല്‍പകാലം മുമ്പു കേരളത്തില്‍ വ്യാപകമായിട്ടുണ്ടായ ഒരു പ്രചാരണമാണ്‌ ഇന്‍സുലിന്‍ ചെടിയുടെ ഇല കഴിച്ചാല്‍ പ്രമേഹശമനം ഉണ്ടാകുമെന്ന്‌. ഇന്‍സുലിന്‍ ചെടി വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്നാല്‍ പിന്നീട്‌ ഇതില്‍ വാസ്തവമില്ലെന്നു തെളിയിക്കപ്പെട്ടു. മാത്രമല്ല ഇന്‍സുലിന്‍ ചെടിയുടെ ഇല കഴിച്ചവരില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്തു.

മുടികൊഴിച്ചില്‍ തടയാന്‍, അമിതവണ്ണം കുറയ്ക്കാന്‍, കാന്‍സറില്‍ നിന്നു രക്ഷപ്പെടാന്‍ -എല്ലാറ്റിനും ഒറ്റമൂലികളുമായി ആളുകള്‍ രംഗത്തുണ്ട്‌. ആയുര്‍വേദമാണ്‌ അതിനാല്‍ പാര്‍ശ്വഫലങ്ങളുണ്ടാവില്ലല്ലോ എന്നാണ്‌ പൊതുവേ ആളുകളുടെ ധാരണ. എന്നാല്‍ ഇതു തെറ്റാണ്‌. നിരുപദ്രവമെന്നു കരുതുന്ന പച്ചമരുന്നുകളും നിരന്തരമായി ഉപയോഗിച്ചാല്‍ ശരീരത്തെ ദോഷകരമായി ബാധിക്കാം.

ഇക്കാര്യങ്ങളെക്കുറിച്ച്‌ അനുകൂലമായും പ്രതികൂലമായും നിരവധി അഭിപ്രായങ്ങള്‍ ഉണ്ടാവുന്നുണ്ട്‌. ഏതിനെ പിന്താങ്ങണം എന്ന സന്ദേഹത്തിലാണ്‌ സാധാരണക്കാരും.

ആയുര്‍വേദത്തിലും അലോപ്പതിയിലും ബിരുദം നേടിയ പ്രശസ്ത ഡോക്ടര്‍ സി.കെ രാമചന്ദ്രനും ആയുര്‍വേദ ഡോക്ടര്‍ ആര്‍ രവീന്ദ്രനും ഇക്കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു.

ഒറ്റമൂലിക്ക്‌ അദ്ഭുതശക്തികളില്ല

? ഒറ്റമൂലികളുടെ അദ്ഭുതശക്തിയെക്കുറിച്ചു ധാരാളം വാര്‍ത്തകള്‍ വരുന്നു. ഇതില്‍ വാസ്തവം എത്രമാത്രമുണ്ട്‌ പൂര്‍ണമായും ശരിയല്ല. ചെറുതായിട്ടു ശമനം കിട്ടിയേക്കാം. ഇതിനെക്കുറിച്ചൊന്നും ദീര്‍ഘകാല പഠനം നടത്തിയിട്ടില്ല. രോഗിതന്നെ പറഞ്ഞു വരുന്നതോ അല്ലെങ്കില്‍ മറ്റാരെങ്കിലും പറയുന്നതോ ആയ കാര്യങ്ങള്‍ മാത്രമാണ്‌ ഇത്തരത്തില്‍ പ്രചരിക്കുന്നത്‌. അല്ലാതെ നൂറു കേസുകള്‍ എടുത്തു പഠനം നടത്തി അതില്‍ നിന്നൊന്നും തെളിവുകള്‍ ആരും കണെ്ടത്തിയിട്ടില്ല. ഇത്തരം സംഭവങ്ങളെല്ലാം പരീക്ഷണം ചെയ്തു സ്ഥാപിക്കേണ്ടതാണ്‌. ബയോ അനാലിസിസും കെമിക്കല്‍ അനാലിസിസും നടത്തി നോക്കിയാലേ ഔഷധ സസ്യങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചു പൂര്‍ണമായും പറയാന്‍ സാധിക്കൂ.

? സര്‍വരോഗ സംഹാരിയെന്ന രീതിയില്‍ ഒരു ഒറ്റമൂലിയുണേ്ടാ

സര്‍വരോഗ സംഹാരിയെന്ന രീതിയില്‍ ഒറ്റമൂലിയുണെ്ടന്ന്‌ ഓരോരുത്തര്‍ പറയുന്ന അറിവു മാത്രമേ നമുക്കുള്ളൂ. പഴയ ശ്ലോകങ്ങളിലൊക്കെ ഔഷധഗുണത്തെക്കുറിച്ചു പറയുമ്പോള്‍ സര്‍വരോഗ സംഹാരിയെന്നു പറയാറുണ്ട്‌. ഇതിനെക്കുറിച്ചു വേണ്ടരീതിയില്‍ ഗവേഷണങ്ങളൊന്നും തന്നെ നടന്നിട്ടില്ല.

? ഇലുമ്പന്‍പുളി കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയുമെന്നു പറയുകയും ധാരാളം ആളുകള്‍ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പറയുന്നു ഇലുമ്പന്‍പുളി ധാരാളമായി കഴിക്കുന്നതു വൃക്കകളെ ദോഷകരമായി ബാധിക്കുമെന്ന്‌. ഇതിന്റെ സത്യമെന്താണ്‌

ഇവിടെയും ശാസ്ത്രീയ പഠനങ്ങളുടെ പിന്‍ബലം നമുക്കില്ല. കിഡ്നിക്കു ദോഷകരമായി ബാധിക്കുന്നുണേ്ടായെന്നു കണെ്ടത്താന്‍ നൂറുപേരെയെടു ത്തു അനലൈസ്‌ ചെയ്യണം. ഇലുമ്പന്‍പുളി കഴിക്കുന്നവരെയും കഴിക്കാത്തവരെയും കൃത്യമായി കണെ്ടത്തി ഈ പ്രശ്നം ഉണേ്ടായെന്ന്‌ ആരും കണെ്ടത്താന്‍ ശ്രമിച്ചിട്ടില്ല.

? ഇപ്പോള്‍ ആളുകള്‍ ധാരാളമായി ഉപയോഗിക്കുന്ന ഒറ്റമൂലിയാണ്‌ കാന്താരിമുളക്‌. ഇതിന്റെ ഗുണത്തെക്കുറിച്ചോ ദോഷത്തെക്കുറിച്ചോ ഇതുവരെയും ഗവേഷണങ്ങള്‍ നടന്നിട്ടില്ല. അങ്ങയുടെ അനുഭവം എന്താണ്‌

കാന്താരിമുളകു ദോഷകരമായ വസ്തുവല്ല. പച്ചക്കാന്താരിയില്‍ വൈറ്റമിന്‍ കൂടുതലാണ്‌. അത്‌ അധികം കഴിക്കാന്‍ ആര്‍ക്കും പറ്റില്ലെന്നതാണു വാസ്തവം.

? പ്രമേഹത്തിന്‌ ഒരു ഒറ്റമൂലി (ചെറുളയെന്ന്‌ തോന്നുന്നു) ഫെയ്സ്‌ ബുക്കില്‍ ധാരാളം വാര്‍ത്തകള്‍ വരുന്നു. മൂന്നുമാസത്തെ ഉപയോഗത്താല്‍പ്രമേഹം പൂര്‍ണമായി മാറുമെന്നു പറയുന്നു. ധാരാളം ആളുകള്‍ ഇതുപയോഗിക്കുന്നു. ഇതിന്‌ ഫലപ്രാപ്തിയുണേ്ടാ

പ്രമേഹത്തിനുള്ള ഒറ്റമൂലിയെന്ന രീതിയില്‍ പല പച്ചമരുന്നുകളും പറയാറുണ്ട്‌. ഇവയുടെ ഉപയോഗംകൊണ്ടു പ്രമേഹത്തിനു ശമനം കിട്ടുമെന്നു തോന്നുന്നില്ല. പ്രമേഹമെന്നത്‌ ഒരു രോഗസഞ്ചയമാണ്‌.

അതു ലഘുവായിട്ടുള്ളതും കാഠിന്യമുള്ളതുമുണ്ട്‌. അമ്പതു വയസു കഴിഞ്ഞവരില്‍ വരുന്ന പ്രമേഹത്തിനു ഡയറ്റുകൊണ്ടു ഫലപ്രാപ്തി കണെ്ടത്താം പക്ഷേ പെട്ടെന്നുണ്ടാകുന്ന പ്രമേഹവും കുട്ടികളിലെ പ്രമേഹവും പെട്ടെന്നു മാറ്റിയെടുക്കാനാവില്ല.

? രാവിലെ വെറുംവയറ്റില്‍ നെല്ലിക്കനീരും മഞ്ഞള്‍പ്പൊടിയും കഴിച്ചാല്‍ പ്രമേഹത്തെ ഇല്ലാതാക്കാമെന്ന്‌ ആയുര്‍വേദ ഡോക്ടര്‍മാരും പറയുന്നുണ്ട്‌. ഇതില്‍ വാസ്തമുണേ്ടാ

ഉപയോഗിച്ചു നോക്കുന്നതില്‍ തെറ്റില്ല. കുറച്ചു ഫലം കിട്ടും. പ്രമേഹം കൂടിയ അവസ്ഥയിലുള്ളവര്‍ക്കും പ്രമേഹബാധിതരായ കുട്ടികള്‍ക്കും ഈ ഒറ്റമൂലി ഫലം ചെയ്യില്ല. അമ്പതു കഴിഞ്ഞവരില്‍ ഫലം കണേ്ടക്കാം.

? എല്ലാ ദിവസവും നെല്ലിക്കാ ജ്യോൂ‍സ്‌ കഴിച്ചാല്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ

നെല്ലിക്കാ ജ്യോൂ‍സ്‌ നല്ലതാണ്‌. നല്ല പോഷകവസ്തുവാണിത്‌. ധാരാളം വൈറ്റമിനുകളും മിനറല്‍സുമൊക്കെ നെല്ലിക്കാജ്യോൂ‍സിലുണ്ട്‌. അവയവങ്ങളെ ഉത്തേജിപ്പിക്കാന്‍ നെല്ലിക്കാ ജ്യോൂ‍സിനു കഴിയും.

? അല്‍പകാലം മുമ്പു വരെ അമിതവണ്ണം കുറയ്ക്കാന്‍ നിരവധി ആയുര്‍വേദ മരുന്നുകള്‍ വിപണിയില്‍ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്‌. ഭക്ഷണ നിയന്ത്രണം വരുത്താതെ, വ്യായാമം ചെയ്യാതെ അമിതവണ്ണം ഇല്ലാതാക്കാന്‍ ആയുര്‍വേദ മരുന്നുകള്‍ക്കു സാധിക്കുമോ

ഭക്ഷണ നിയന്ത്രണം വരുത്താതെയും വ്യായാമം ചെയ്യാതെയും അമിതവണ്ണം നിയന്ത്രിക്കാന്‍ ഒരിക്കലും സാധ്യമല്ല. ശരീരം ഇളകിയില്ലെങ്കില്‍ തൂക്കം ഒരിക്കലും കുറയില്ല.

? നാരങ്ങാനീരും ചെറുതേനും രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ അമിതവണ്ണം ഇല്ലാതാകുമോ

വണ്ണം കുറയുമെന്ന അമിതപ്രതീക്ഷയില്ലാതെ ഈ ഒറ്റമൂലി ഉപയോഗിക്കാം. നാരങ്ങാനീരില്‍ ചെറിയ രീതിയില്‍ മിനറല്‍സ്‌ ഉണ്ട്‌. തേനിലെ മധുരം അത്രയ്ക്ക്‌ അപകടകാരിയുമല്ല.

? അമിതവണ്ണം കുറയ്ക്കാന്‍ സാധിക്കുന്ന പാരമ്പര്യആയുര്‍വേദ ചികിത്സാരീതിയുണേ്ടാ

ആയുര്‍വേദഗ്രന്ഥങ്ങളിലൊന്നും ഇതിനെക്കുറിച്ചു പറയുന്നില്ല. ആരെങ്കിലും ഒരാള്‍ പഠനം നടത്തി തെളിയിക്കാതെ ഇതിനെക്കുറിച്ച്‌ എങ്ങനെ ആധികാരികമായി പറയാന്‍ കഴിയും. തീക്ഷ്ണമായ ലഘു ഗുണങ്ങളുള്ള മരുന്നുകള്‍ ചേര്‍ന്ന ഒറ്റമൂലികള്‍ ചിലര്‍ക്കു ചെറിയ രീതിയില്‍ ഗുണം ചെയ്തിരിക്കാം. അവര്‍ പറഞ്ഞു കേള്‍ക്കുന്ന അറിവനുസരിച്ചു പലരും അതിനു പുറകേ പോകുന്നു.

? മുടി കിളിര്‍ക്കുന്ന ആയുര്‍വേദ എണ്ണകളുടെ വില്‍പന ഇപ്പോള്‍ വ്യാപകമാണ്‌. ആളുകളെ കബളിപ്പിക്കുന്നു എന്നതിലപ്പുറം ഇതില്‍ എന്തെങ്കിലും സത്യമുണേ്ടാ

ചിലരില്‍ ചെറിയ രീതിയില്‍ ഗുണം കണേ്ടക്കാം. മുടി കൊഴിച്ചിലിനു പല കാരണങ്ങളുണ്ട്‌. പാരമ്പര്യ ഘടകങ്ങളാകാം ഒരു കാരണം. മറ്റൊന്നു ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാകാം. ആയുര്‍വേദ എണ്ണകള്‍ മുടിവളര്‍ച്ച ത്വരിതപ്പെടുത്തുമെന്നു തോന്നുന്നില്ല. പിന്നെ ഓരോ മനുഷ്യരുടെയും ആഗ്രഹവും ആത്മവിശ്വാസവും കൊണ്ട്‌ ഇത്തരം മരുന്നുകള്‍ക്കു പുറകേ പോകുന്നുവെന്നു തോന്നുന്നു.

? ഡെങ്കിപ്പനി മൂലം രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കുറയുന്നതിനു പരിഹാരമായി പപ്പായ നല്ലതാണെന്നു കേട്ടിട്ടുണ്ട്‌. ഇതു ശരിയാണോ

ഇതിനെക്കുറിച്ച്‌ ആധികാരികമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.

സര്‍വരോഗ സംഹാരിയായ ഒറ്റമൂലിയില്ല

ഡോ. ആര്‍ രവീന്ദ്രന്‍

കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസി, കോട്ടയം ബ്രാഞ്ച്‌

? ഒറ്റമൂലികളുടെ അദ്ഭുതശക്തിയെക്കുറിച്ചു ധാരാളം വാര്‍ത്തകള്‍ വരുന്നു. ഇതില്‍ വാസ്തവം എത്രമാത്രമുണ്ട്‌ ഒറ്റമൂലിയുടെ രോഗശമനശക്തിയില്‍ കുറേ യാഥാര്‍ഥ്യമുണ്ട്‌. രോഗശമനത്തിനും പ്രതിരോധത്തിനും സഹായിക്കുന്ന നിരവധി ഒറ്റമൂലികളുണ്ട്‌. എങ്കിലും ഒറ്റമൂലിക്ക്‌ അദ്ഭുതശക്തി ഉണെ്ടന്നതു പൂര്‍ണമായും ശരിയല്ല. സര്‍വരോഗ സംഹാരിയായ ഒരു ഒറ്റമൂലി ഇല്ല. ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നത്‌ ആരുടെയെങ്കിലുമൊക്കെ വിപണന താത്പര്യത്തിന്റെ ഭാഗമാണ്‌. ആയുര്‍വേദത്തിന്റെ പിന്‍ബലം ഇതിനില്ല.

ഇലുമ്പന്‍പുളി നീര്‍ക്കെട്ടുണ്ടാക്കും

ഇലുമ്പന്‍ പുളി ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കും. അതുകൊണ്ടുതന്നെ വൃക്കരോഗത്തിനുള്ള സാധ്യതയുമുണ്ട്‌. എന്നാല്‍ ഇതിനെക്കുറിച്ചു ധാരാളം പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.

കാന്താരിമുളകു പ്രശ്നക്കാരന്‍ തന്നെ

ആളുകള്‍ ധാരാളമായി ഉപയോഗിക്കുന്ന ഒറ്റമൂലിയാണു കാന്താരിമുളക്‌. കാന്താരിമുളകിന്റെ ഉപയോഗം മൂലം പാര്‍ശ്വഫലങ്ങളുണ്ടാകും. വയറ്റില്‍ അസിഡിറ്റി, അള്‍സര്‍ എന്നിവയുണ്ടാക്കാന്‍ കാന്താരിമുളകിനു കഴിയും. വളരെ തീക്ഷ്ണമായ ഒന്നാണു കാന്താരിമുളക്‌. അതിനാല്‍ ഇതു മിതമായി ഉപയോഗിക്കുന്നതാണു നല്ലത്‌.

ചെറുള നല്ലത്‌

പ്രമേഹത്തിനുള്ള ഒറ്റമൂലിയായി ചെറുള ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ചെറുളയുടെ ഉപയോഗം മൂലം പ്രമേഹം പൂര്‍ണമായും മാറില്ല. രോഗം നല്ലൊരു പരിധിവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ചെറുളയ്ക്കു സാധിക്കും.

നെല്ലിക്കാനീരും മഞ്ഞള്‍പ്പൊടിയും

നെല്ലിക്കാനീരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹം കുറയ്ക്കാം. പക്ഷേ ഇതോടൊപ്പം ആഹാരനിയന്ത്രണവും വേണം.

നെല്ലിക്ക നല്ലൊരു നിത്യരസായനം

ദിവസവും നെല്ലിക്കാ ജ്യോൂ‍സ്‌ കഴിക്കുന്നതുകൊണ്ടു യാതൊരു പ്രശ്നവുമില്ല. നെല്ലിക്കയ്ക്കു രസായന ഗുണമാണുള്ളത്‌. നിത്യരസായനമായിട്ടു നെല്ലിക്ക ഉപയോഗിക്കാം.

മരുന്നുകഴിച്ച്‌ അമിതവണ്ണം കുറയ്ക്കാനാവില്ല

ഭക്ഷണനിയന്ത്രണം വരുത്താതെ, വ്യായാമം ചെയ്യാതെ അമിതവണ്ണം ഇല്ലാതാക്കാന്‍ ആയുര്‍വേദ മരുന്നുകള്‍ക്കാവില്ല. അമിതവണ്ണം ഉണ്ടാകാന്‍ പല കാരണങ്ങളുണ്ട്‌. അമിതാഹാരം, ഹോര്‍മോണിന്റെ പ്രവര്‍ത്തനം ഇവയെല്ലാം നിയന്ത്രിക്കാതെ ആയുര്‍വേദ മരുന്നു കഴിച്ചുമാത്രം വണ്ണം കുറയ്ക്കാനാവില്ല.

പാരമ്പര്യ ആയുര്‍വേദ ചികിത്സയിലൂടെ വണ്ണം കുറയ്ക്കാം

പാരമ്പര്യ ആയുര്‍വേദ ചികിത്സയിലൂടെ ഒരുപരിധിവരെ അമിതവണ്ണം കുറയ്ക്കാം. ഉദ്വര്‍ത്തനം, ഉള്ളില്‍ കഴിക്കാനുള്ള മരുന്നുകള്‍ നല്‍കി ശരീരത്തിലെ കൊഴുപ്പുകളെ അലിയിക്കല്‍ എന്നീ ചികിത്സാരീതിയിലൂടെ അമിതവണ്ണം കുറയ്ക്കാനാവും.

ആയുര്‍വേദ മരുന്നുകള്‍ മുടി കിളിര്‍പ്പിക്കും

ആയുര്‍വേദ മരുന്നുകള്‍ക്കു മുടി കിളിര്‍പ്പിക്കാനുള്ള കഴിവുണ്ട്‌. മുടിയുടെ വേരുകളെ ബാധിക്കുന്ന ബാക്ടീരിയ, മുടിയുടെ വേരുകള്‍ അടഞ്ഞുപോകുക, താരന്‍ എന്നിവ മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലിന്‌ ആയുര്‍വേദ എണ്ണയുടെ ഉപയോഗം ഫലപ്രദമാണ്‌.

ഡെങ്കിപ്പനിക്കു പപ്പായഗുണം ചെയ്യും

ഡെങ്കിപ്പനിമൂലം രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കുറയുന്നതു പരിഹരിക്കാന്‍ പപ്പായയ്ക്കു കഴിയും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പീന്‍ എന്ന ഘടകത്തിനു രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം കൂട്ടാന്‍ കഴിവുണ്ട്‌. നിരവധി അലോപ്പതി ഡോക്ടര്‍മാരും ഇക്കാര്യത്തില്‍ അനുഭവസാക്ഷ്യം രേഖപ്പെടുത്തിയിട്ടുണ്ട്‌.

സീമ മോഹന്‍ലാല്‍
കടപ്പാട്‌-
സ്ത്രീധനം- രാഷ്ട്രദീപിക

Keine Kommentare:

Kommentar veröffentlichen