Montag, 25. Juni 2012

ദേശഗാനം

കിഴക്കേ മാമല നെറുകയില്‍
നിറദീപം കൊളുത്തി
പ്രഭാതമാകവേ കുളിച്ചീറനായ്‌
നിറച്ചാര്‍ത്തണിഞ്ഞും
കുങ്കുമക്കുറി ചാര്‍ത്തിയും
കേരളത്തറവാട്ടിലെ
തിരുമുറ്റത്തെത്തിയ തമ്പുരാട്ടി,
ചങ്ങനാശേരി നിനക്കഭിവാദനം!

കുട്ടനാടിന്റെ തങ്കപ്പതക്കമായ്‌
മാമലനാടിന്നരുമയായ മമദേശമേ
ചങ്ങനാശ്ശേരി നിനക്കഭിവാദനം!

അഞ്ചുവിളക്കിന്റെ തിരിവെട്ടത്തില്‍
പെരുമയാര്‍ന്ന നിന്‍ പ്രതാപകാലത്തെ
തുടികൊട്ടി പാടിയുണര്‍ത്തുന്നു ഞങ്ങള്‍

വിദ്യാക്ഷേത്രങ്ങളില്‍ കൊളുത്തുന്ന
ജ്ഞാനദീപങ്ങള്‍ ലോകമെങ്ങും
പരത്തുന്നു നിന്നപദാനങ്ങള്‍!

കളഭം നിറച്ച കുംഭമായ നിന്നെ
ശലഭച്ചിറകു പോലെ വെണ്‍ചാമരം വീശി
ചിറപ്പുത്സവത്തിമര്‍പ്പോടെ
എതിരേറ്റിടുന്നിതാ ഞങ്ങള്‍!

പ്രൗഡ പള്ളിമണി നാദവും ശങ്കുവിളിയും
കുഴല്‍നാദവും തുടികൊട്ടുമുയരുന്ന
വേളയില്‍ ദേവാലയത്രയങ്ങളില്‍
കീര്‍ത്തനാലാപമുയരുന്നു
നിന്നൈശ്വര്യ പ്രതാപത്തിനായ്‌!

ദേശത്തിന്നഭിമാന ഭാജനമായ്‌
തിളങ്ങുന്ന നിനക്കേകുന്നഭിവാദനങ്ങള്‍!

(ജോബ്‌ കൊല്ലമന)

Keine Kommentare:

Kommentar veröffentlichen