Dienstag, 3. Juli 2012

ചക്കയ്ക്കും വരുന്നു നല്ലകാലം

കോട്ടയം: ചക്കകള്‍ക്കു നാട്ടിലും മറുനാട്ടിലും ഇതു നല്ലകാലം. ആരും പറിച്ചെടുക്കാനില്ലാതെ മഴയെത്തും മുമ്പേ പഴുത്തു താഴെ വീണു ചീഞ്ഞളിയുന്ന ചക്കപഴത്തിന്റെ കഥ ഇനി പഴങ്കഥയാകുന്നു.

മലയാളികള്‍ വേണ്ടത്ര ഗൌനിക്കാതിരുന്ന ചക്ക ഇന്നു മറുനാട്ടില്‍ വന്‍ ഡിമാന്‍ഡുള്ള ഇനമായി മാറിയിരിക്കുകയാണ്. തീന്‍മേശയിലെ വിഐപിയായി ചക്ക കടല്‍ താണ്ടുകയാണ്.

ഏറെ പോഷക മൂല്യങ്ങള്‍ ഉള്ള ചക്കയാണ് ടിന്‍ഫുഡുകള്‍ക്കും ബിസ്ക്കറ്റുകള്‍ക്കുമായി ഇപ്പോള്‍ കമ്പനികള്‍ ആശ്രയിക്കുന്നത്. സ്പൈസി ജാക്ക് റോസ്റ്റ്, ഗോള്‍ഡണ്‍ ജാക്ക് മിക്സ്ചര്‍ തുടങ്ങിയ രുചിഭേദങ്ങളിലാണു മറുനാട്ടില്‍ ചക്ക പണം വാരുന്നത്. ഇതുകൂടാതെ പരമ്പരാഗത ഇനങ്ങളായ കൊണ്ടാട്ടം, അച്ചാര്‍, ഉപ്പേരി എന്നിവയായും ചക്ക വിലസുന്നുണ്ട്.

ചക്ക ശേഖരിച്ച് വിപണികളിലെത്തിക്കാനായി കച്ചവടക്കാരും ഏജന്റുമാരും ജില്ലയിലെ മലയോര മേഖലകള്‍ കയറിയിറങ്ങുകയാണ്. വരിക്ക ചക്കകള്‍ക്കാണ് ഏറെ ഡിമാന്‍ഡ്. ഇടിച്ചക്കകള്‍ ശേഖരിക്കുന്നവരും ഏറെയുണ്ട്. മൂപ്പെത്തും മുമ്പേ വാങ്ങാന്‍ മൊത്തക്കച്ചവടക്കാരും എത്തുന്നുണ്ട്. ശേഖരിക്കുന്ന ചക്ക തരംതിരിച്ച് എടുത്താണ് കയറ്റി അയക്കുന്നത്. മൂപ്പെത്താത്ത ഇടിച്ചക്കയും മൂത്തു പഴുക്കാറായ ചക്കയും വേര്‍തിരിച്ചാണു മൊത്തകച്ചവടക്കാര്‍ വാങ്ങുന്നത്.

വീട്ടുവളപ്പിലെ പ്ളാവിന്റെയും ചക്കയുടെയും എണ്ണം കണക്കാക്കിയാണു വിലയുറപ്പിക്കുന്നത്. ഇടിചക്കയ്ക്ക് ഒരോന്നിനും 10-15 രൂപ വരെയും മൂപ്പെത്തിയതിന് 30-35 രൂപവരെയും വില കിട്ടും. അതിര്‍ത്തി കടന്ന് മാര്‍ക്കറ്റിലെത്തിക്കഴിഞ്ഞാല്‍ ഓരോ ചക്കയുടെയും വില നാലിരട്ടിവരെ വര്‍ധിക്കും. ചക്കയ്ക്കും ചക്കപ്പഴത്തിനും പുറമേ ചക്കക്കുരുവിനും ഡിമാന്റേറെയാണ്. ഒരു കിലോ ചക്കക്കുരുവിന് 100 രൂപയ്ക്കു മുകളിലാണു മറുനാട്ടില്‍ വില. നാട്ടിലെ പച്ചക്കറികടകളിലും ചക്കക്കുരു വില്പനയ്ക്കുണ്ട്. നാട്ടില്‍ 60 രൂപയാണ്.

തമിഴ്നാട്ടിലെ ചിന്നമണ്ണൂരാണു പ്രധാന വിപണനകേന്ദ്രം. ആന്ധ്രാ, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങി സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കും ചക്ക കയറ്റി അയക്കുന്നുണ്ട്. കേരളത്തില്‍ അങ്കമാലിയാണ് ചക്ക കയറ്റി അയക്കുന്ന പ്രധാന വിപണി.

മലയോരമേഖലയില്‍നിന്ന് നിറയേ ലോഡുമായി അങ്കമാലി ലക്ഷ്യമാക്കിയാണ് ലോറികള്‍ പായുന്നത്. ചക്ക കേടുകൂടാതെ സൂക്ഷിക്കാന്‍ ഐസ് പാഡിട്ട് പ്രത്യേകം തയാറാക്കിയ കണ്െടയ്നര്‍ ലോറികള്‍ വഴിയാണു മറുനാട്ടിലേക്കു ചക്ക കയറ്റി അയക്കുന്നത്.

കൃഷി വിജ്ഞാന്‍ ഭവന്‍, ജാക്ക് ഫ്രൂട്ട് കൌണ്‍സില്‍ എന്നീ ഏജന്‍സികളുടെ ശ്രമഫലമായാണു വിദേശരാജ്യങ്ങളില്‍ വരെ ചക്ക വിപണി മൂല്യം നേടിയിരിക്കുന്നത്.

ഒരു കാലത്ത് മലയാളികള്‍ ചക്കയെ ഏറെ സ്നേഹിച്ചിരുന്നു. നിറയെ ചക്കകള്‍ കായിച്ചുകിടക്കുന്ന പ്ളാവുകള്‍ നാട്ടിന്‍ പുറങ്ങളിലെ കാഴ്ചയായിരുന്നു. ഇപ്പോള്‍ തൊടിയും പറമ്പും എല്ലാം കെട്ടിടങ്ങളാല്‍ നിറഞ്ഞപ്പോള്‍ പ്ളാവും ചക്കയും എല്ലാം അന്യമായിക്കൊണ്ടിരിക്കുകയാണ്.

ചക്കകള്‍ കൊണ്ട് നാനാതരം വിഭവങ്ങളൊരുക്കാമെന്ന പ്രത്യേകതയാണു ചക്കകള്‍ക്ക് ഇന്നും പ്രിയം കുറയാത്തതിന്റെ പിന്നില്‍. തേനൂറുന്ന വരിക്ക ചക്കപ്പഴം പലര്‍ക്കും ഇപ്പോള്‍ ഓര്‍മ മാത്രമാണ്. പഴയ തലമുറിയിലെ ആരോഗ്യത്തിന്റെ രഹസ്യങ്ങളിലൊന്നു ചക്കയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ വില പറഞ്ഞുറപ്പിച്ച് കയറ്റി അയച്ചുകൊണ്ടിരിക്കുകയാണു ചക്കയും ചക്കപ്പഴവും. ചക്ക പുഴുക്കും ചുള വറുത്തതുമെല്ലാം ഏവര്‍ക്കും പ്രിയപ്പെട്ടതാണ്.

ചക്കക്കുരു ഉപയോഗിച്ചുള്ള വിവിധ തരംകറികളും ചക്കക്കരുവും മാങ്ങയും കൊണ്ടുള്ള കറിയും പ്രസിദ്ധമാണ്.

റബറിനും കുരുമുളകിനും അടയ്ക്കായ്ക്കും ജാതിക്കും പുറമേ ഒന്നോ രണ്േടാ പ്ളാവുണ്ടായാല്‍ കുടുംബബജറ്റിന് നല്ല വരുമാനമാര്‍ഗം കൂടിയാണു തെളിഞ്ഞിരിക്കുന്നത് ജലസേചനമോ വളപ്രയോഗമോ ഒന്നും വേണ്ടാത്ത പ്ളാവ് കേരളത്തിലെ കൃഷിയിടത്തിലെ സൂപ്പര്‍ സ്റാറാകുന്ന കാലം വിദൂരമല്ല.

Keine Kommentare:

Kommentar veröffentlichen