Mittwoch, 11. Juli 2012

ചങ്ങനാശേരി പടിഞ്ഞാറന്‍ ബൈപാസിന്‌ അംഗീകാരം

ചങ്ങനാശേരി: പടിഞ്ഞാറന്‍ ബൈപാസിന്റെ രൂപരേഖയ്ക്ക്‌ സംസ്ഥാന പൊതുമരാമത്ത്‌ വിഭാഗം ചീഫ്‌ എന്‍ജിനീയറുടെ അംഗീകാരം ലഭിച്ചു. ചീഫ്‌ എന്‍ജിനിയറുടെ അനുമതി ലഭിച്ചതോടെ ബൈപാസ്‌ നിര്‍മാണ നടപടികള്‍ക്ക്‌ വേഗതയേറി.

ബൈപാസ്‌ കടന്നുപോകുന്ന പ്രദേശങ്ങളുടെ ബ്ലോക്ക്‌ മാപ്പില്‍ അംഗീകാരം ലഭിച്ച രൂപരേഖ അടയാളപ്പെടുത്തുന്ന നടപടിയാണ്‌ ഇപ്പോള്‍ പുരോഗമിക്കുന്നത്‌. ബൈപാസിന്റെ നിര്‍മാണത്തിനായി 57 കോടി രൂപയുടെ ഭരണാനുമതി ഇതിനോടകം ലഭിച്ചിട്ടുണ്ട്‌.

എംസി റോഡില്‍ പാലാത്രച്ചിറയിലുള്ള തടിമില്ലിന്‌ സമീപത്തു നിന്നും ആരംഭിച്ച്‌ കോണത്തോട്‌ കോളനിക്കടുത്തുള്ള അമ്പലത്തിന്റെ പിന്നിലൂടെ കുറ്റിശേരിക്കടവ്‌, പറാല്‍ പള്ളിയുടെ പടിഞ്ഞാറു ഭാഗം എന്നിവിടങ്ങളിലൂടെ വെട്ടിത്തുരുത്തിലെത്തി പള്ളിക്കു കിഴക്കുഭാഗത്തുകൂടെ ആലപ്പുഴ റോഡില്‍ കൊണ്ടൂര്‍ റിസോര്‍ട്ടിന്‌ ഇരുനൂറു മീറ്റര്‍ പടിഞ്ഞാറു ഭാഗത്തെത്തി എസി റോഡില്‍ സന്ധിക്കും. അവിടെ നിന്നും എസി റോഡിനും കനാലിനും കുറുകെ പെരുമ്പുഴക്കടവ്‌ വഴി എംസി റോഡില്‍ ളായിക്കാട്ട്‌ എത്തിച്ചേരുന്ന രീതിയിലുള്ള രൂപരേഖയ്ക്കാണ്‌ ചീഫ്‌ എന്‍ജിനിയര്‍ അനുമതി നല്‍കിയിരിക്കുന്നത്‌.

എസി റോഡിനും എസി കനാലിനും കുറുകെ ബൃഹത്തായ ഫ്ലൈ ഓവര്‍ രൂപരേഖയില്‍ വിഭാവനം ചെയ്തിട്ടുണ്ട്‌. പെരുമ്പുഴക്കടവ്‌, കക്കാട്ടുകടവ്‌, ചാത്തങ്കരി പാടശേഖരം വഴിയാണ്‌ ളായിക്കാടിന്‌ തെക്കുഭാഗത്ത്‌ പത്തനംതിട്ട ജില്ലയുടെ തുടക്കത്തില്‍ ബൈപാസ്‌ സമാപിക്കുന്നത്‌.

പറാല്‍, വെട്ടിത്തുരുത്ത്‌, കാവാലിക്കര, കോമങ്കേരിച്ചിറ, മൂലേപ്പുതുവല്‍, അറുനൂറില്‍പുതുവല്‍, നക്രാല്‍പുതുവല്‍, പൂവം, കക്കാട്ടുകടവ്‌ പ്രദേശങ്ങളെ ചങ്ങനാശേരി-ആലപ്പുഴ റോഡുമായും എംസി റോഡുമായും ബന്ധിപ്പിക്കുന്നതോടൊപ്പം ഈ മേഖലകളുടെ വികസനം സാധ്യമാക്കുന്ന ബൈപാസിന്‌ എട്ടുകിലോമീറ്റര്‍ ദൂരം വരും. റോഡ്‌ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന നൂറുകണക്കിന്‌ കര്‍ഷകര്‍ക്കും ബൈപാസ്‌ ഏറെ ഗുണകരമാകും.

തൊണ്ണൂറു ശതമാനത്തോളം പാടശേഖരങ്ങളിലൂടെ കടന്നു പോകുന്ന ഈ റോഡിന്‌ 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കാനാണ്‌ തീരുമാനം. 15 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന ബൈപാസിന്‌ 7.50 മീറ്റര്‍ ടാറിംഗ്‌ വിസ്തൃതി ലഭിക്കും.

ഇപ്പോള്‍ രണ്ട്‌ ലൈനിലുള്ള റോഡാണ്‌ വിഭാവനം ചെയ്യുന്നതെങ്കിലും ഭാവിയില്‍ ഈ ബൈപാസ്‌ നാലു വരിയാക്കി ഉയര്‍ത്താനും കഴിയും. അഞ്ചു റീച്ചുകളായി തിരിച്ച്‌ നിര്‍മാണം നടത്താനാണ്‌ പൊതുമരാമത്തു വകുപ്പ്‌ ആലോചിക്കുന്നത്‌. കുറ്റിശേരിക്കടവ്‌, വെട്ടിത്തുരുത്ത്‌, പെരുമ്പുഴക്കടവ്‌ എന്നിവിടങ്ങളില്‍ വലിയ പാലങ്ങള്‍ക്കും എസി റോഡിനും എസി കനാലിനും കുറുകെ ബൃഹത്തായ ഫ്ലൈ ഓവറിനും രൂപരേഖയില്‍ നിര്‍ദേശമുണ്ട്‌.

Keine Kommentare:

Kommentar veröffentlichen